റയൽ മാഡ്രിഡിനു വൻ വിജയം, സൂപ്പർമാനായി ബഫൺ വീണ്ടും
റയൽ മാഡ്രിഡിനു വൻ വിജയം, സൂപ്പർമാനായി ബഫൺ വീണ്ടും
Wednesday, October 19, 2016 12:06 PM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ ജയം തുടർന്നു. നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് പോളിഷ് ക്ലബ് ലെഗിയ വാഴ്സോയെ ഗോൾമഴയിൽ മുക്കിയപ്പോൾ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയും ഇറ്റാലിയൻ ശക്‌തികളായ യുവന്റസും ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടും ജയം ആഘോഷിച്ചു. മുൻ ചാമ്പ്യന്മാരായ പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും നവാഗതരായ ഇംഗ്ലീഷ് ടീം ലീസ്റ്റർസിറ്റിയും ജയം കണ്ടു. ബയർ ലെവർകൂസൻ–ടോട്ടനം മത്സരം ഗോൾരഹിത സമനിലയായി.

പോളിഷ് ക്ലബ് ലെഗിയ വാഴ്സോയെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കു റയൽ തകർത്തിട്ടും അതിലൊന്നുപോലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നുണ്ടായില്ല. റൊണാൾഡോയുടെ ബൂട്ടിൽ നിന്നും നൂറാം ചാമ്പ്യൻസ് ലീഗ് ഗോൾ പിറക്കുന്നതു പ്രതീക്ഷിച്ച് സാന്റിയാഗോ ബെർണാബൂവിലെത്തിയ 70,000ൽ പരം ആരാധകരെ അദ്ദേഹം നിരാശപ്പെടുത്തി. ഗോൾ നേടാൻ സാധിച്ചില്ലെങ്കിലും രണ്ടു ഗോളിനു വഴിയൊരുക്കിയത് റൊണാൾഡോയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ 98 ഗോളുകൾ പോർച്ചുഗീസ് നായകൻ നേടിയിട്ടുണ്ട്.

പതിനാറാം മിനിറ്റിൽ മുന്നേറ്റക്കാരൻ ഗാരെത് ബെയ്ലാണ് സ്കോറിംഗ് തുടങ്ങിയത്. 19–ാം മിനിറ്റിൽ ലെഗിയയുടെ ടൊമാഷ് യോഡ്വോവിയറ്റ്സിന്റെ സെൽഫ് ഗോൾ റയലിന്റെ ലീഡുയർത്തി. 22–ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മിറോസ്ലാവ് റാഡോവിക് ഒരു ഗോൾ തിരിച്ചടിച്ചപ്പോൾ ലെഗിയ തിരിച്ചുവരുമെന്നു തോന്നി. എന്നാൽ, 37–ാം മിനിറ്റിൽ റൊണാൾഡോയുടെ പാസിൽ മാർക്കോ അസെസിയോ റയലിന്റെ മൂന്നാംഗോൾ നേടി. ലെഗിയയുടെ തിരിച്ചുവരവ് അടച്ചുകൊണ്ട് 68–ാം മിനിറ്റിൽ ലുക്കാസ് വാസ്ക്വസ് റയലിന്റെ ലീഡ് ഉയർത്തി. 84–ാം മിനിറ്റിൽ രണ്ടു പ്രതിരോധതാരങ്ങളെ വെട്ടിച്ചു മുന്നോട്ടു കയറിയ റൊണാൾഡോ ബോക്സിനുള്ളിൽ നിന്ന അൽവാരോ മൊറാട്ടയ്ക്കു പന്ത് മറിച്ചു. മൊറാട്ട പന്ത് വലയിലെത്തിച്ച് ലെഗിയയുടെ പരാജയം പൂർത്തിയാക്കി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ജർമൻ ടീം ബൊറൂസിയ ഡോർട്ട്മുണ്ട് തകർത്തു. ഒമ്പതാം മിനിറ്റിൽ പിയറി എംറിക് ഒബമേയാങ്ങും 43–ാം മിനിറ്റിൽ ജൂലിയൻ വിഗിലും ഡോർട്ട്മുണ്ടിനായി ഗോളുകൾ നേടിയപ്പോൾ അറുപത്തിയേഴാം മിനിറ്റിൽ ബ്രൂണോ സെസാറിലൂടെയായിരുന്നു സ്പോർട്ടിംഗിന്റെ ആശ്വാസ ഗോൾ . ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയ ബൊറൂസിയയ്ക്ക് ഏഴു പോയിന്റായി. ഇത്രയുംതന്നെ പോയിന്റുള്ള റയൽ മാഡ്രിഡിനെ ഗോൾ ശരാശരിയിൽ പിന്തള്ളിയാണ് ബൊറൂസിയ ഒന്നാമതായത്.


സൂപ്പർമാൻ ബഫൺ

ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മത്സരത്തിൽ യുവന്റസ് എതിരാളികളായ ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്തു. യുവന്റസ് ഗോൾകീപ്പർ ജിയാൻലൂജി ബഫൺ ഗോൾ പോസ്റ്റിനു കീഴിൽ സൂപ്പർമാനായി കളിച്ചതോടെ യുവന്റസിന്റെ വല ഭദ്രമായി. മികച്ച കുറെ രക്ഷപ്പെടലുകൾ നടത്തിയ ബഫൺ ഒരു പെനാൽറ്റിയും തടുത്തിട്ടു. പത്തു പേരുമായി ചുരുങ്ങിയിട്ടും ശക്‌തമായ പ്രതിരോധം തീർത്ത യുവന്റസ് ലിയോണിന് ഒരവസരം പോലും നൽകിയില്ല. എഴുപത്തിയാറാം മിനിറ്റിൽ ജുവാൻ ക്വഡ്രാഡോയാണ് യുവന്റസിന്റെ വിജയഗോൾ നേടിയത്.

ഗ്രൂപ്പിലെ രണ്ടാം മത്സത്തിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിനെ ഏകപക്ഷീയമായ ഒരു ഗോളിനു സെവിയ തോൽപ്പിച്ചു. മുപ്പത്തിയേഴാം മിനിറ്റിൽ സമീർ നസ്റിയാണ് വിജയഗോൾ നേടിയത്. ഇതോടെ ഏഴു പോയിന്റായ സെവിയ്യ ഗോൾ ശരാശരിയിൽ യുവന്റസിനു പിറകിൽ രണ്ടാമതെത്തി. സാഗ്രെബിന് ഇതുവരെ പോയിന്റൊന്നും നേടാൻ കഴിഞ്ഞിട്ടില്ല.

ഗ്രൂപ്പ് ജിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലീസ്റ്റർ സിറ്റി ഹോളണ്ടിൽ നിന്നുമുള്ള കോപ്പൻഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 40–ാം മിനിറ്റിൽ റിയാദ് മഹ്റേസ് ആണ് നിർണായക ഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ലീസ്റ്ററിന്റെ തുടർച്ചയായ മൂന്നാം ജയമാണ്. ജർമൻക്ലബ് ബയേർ ലെവർകുസനും ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പറും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ അഞ്ചു പോയന്റുമായി മോണക്കോ ഒന്നാമതും നാലുപോയിന്റുള്ള ടോട്ടനം രണ്ടാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.