അണ്ടർ–17 ലോകകപ്പ്: ആദ്യവേദി കൊച്ചി
അണ്ടർ–17 ലോകകപ്പ്:  ആദ്യവേദി കൊച്ചി
Wednesday, October 19, 2016 12:06 PM IST
കൊച്ചി: അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ–17 ലോകകപ്പ് ഫുട്ബോളിനുള്ള ആദ്യവേദിയായി കൊച്ചിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടെയും ലോകകപ്പ് സംഘാടക സമിതിയുടെയും 23 അംഗ വിദഗ്ധ സംഘം ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയാണു കൊച്ചിയെ ഔദ്യോഗിക വേദിയായി പ്രഖ്യാപിച്ചത്.

സ്റ്റേഡിയത്തെക്കുറിച്ചു സംഘം പൂർണ തൃപ്തിയാണു പ്രകടിപ്പിച്ചത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ സ്റ്റേഡിയത്തിൽ ഫീൽഡ് ഓഫ് പ്ലേ നേരത്തെ ഒരുക്കിയിരുന്നു. സ്വിവേജ്, ടോയ്ലറ്റ് സംവിധാനങ്ങളിലും സംഘം തൃപ്തി പ്രകടിപ്പിച്ചു. നിലവിൽ പുരോഗമിക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്നു ഫിഫ പ്രോജക്ട് ലീഡ് ട്രേസി ലൂ പറഞ്ഞു.

ഐഎസ്എൽ മത്സരങ്ങൾക്കായി ഒരുക്കിയ താരങ്ങളുടെ ഡ്രസിംഗ് റൂമിലും മാച്ച് ഒഫീഷൽസിനായുള്ള മുറിയിലും ചെറിയ അഴിച്ചുപണികൾക്കു ഫിഫ സംഘം നിർദേശം നൽകി. മൂന്നു തലങ്ങളിലുള്ള സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിൽ കസേരകൾ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി കെഎഫ്എ പരീക്ഷണാടിസ്‌ഥാനത്തിൽ സജ്‌ജീകരിച്ച കസേരകളുടെ ക്രമീകരണത്തിലും സംഘം തൃപ്തി പ്രകടിപ്പിച്ചു.

നിലവിൽ 55,000 പേർക്കു കളി കാണാനുള്ള സംവിധാനമാണു സ്റ്റേഡിയത്തിലുള്ളത്. മുഴുവൻ സ്‌ഥലങ്ങളിലും കസേരകൾ സ്‌ഥാപിക്കുന്നതിനാൽ സീറ്റെണ്ണം കുറഞ്ഞേക്കും. ക്രിക്കറ്റ് പവലിയനടക്കമുള്ളതും സീറ്റുകളുടെ എണ്ണം കുറയാൻ ഇടയാക്കും. പ്രധാന സ്റ്റേഡിയത്തിന്റെയും പരിശീലന ഗ്രൗണ്ടുകളുടെയും പ്രവർത്തനം പൂർത്തിയാക്കി ഫെബ്രുവരി 28നു മുൻപായി ഫിഫയ്ക്കു കൈമാറാനും സംഘം നിർദേശം നൽകി. സ്റ്റേഡിയത്തിൽ അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങളെല്ലാം ഫിഫയുടെ നിരീക്ഷണത്തിലായിരിക്കും. മത്സരങ്ങൾക്കു മുൻപായി സ്റ്റേഡിയത്തിൽ അന്തിമ പരിശോധനയും സംഘം നടത്തും. കൊച്ചിയിലെ നാലു പരിശീലന ഗ്രൗണ്ടുകളിൽ രണ്ടെണ്ണത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും കെഎഫ്എ പ്രതിനിധികൾ ഫിഫ സംഘത്തെ അറിയിച്ചു.

അവശേഷിക്കുന്ന രണ്ടെണ്ണത്തിൽ ടെൻഡർ നടപടി പൂർത്തീകരിച്ചു വരികയാണ്. ഫീൽഡ് ഓഫ് പ്ലേയ്ക്കു പുറമേ ഗ്രൗണ്ടുകളുടെ സംരക്ഷണത്തിനുള്ള അഴിവേലി, ഫ്ളഡ്ലിറ്റ്, പ്ലേയേഴ്സ് ഡ്രസിംഗ് റൂം, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളാണു ഗ്രൗണ്ടുകളിൽ വേണ്ടത്. പരിശീലന വേദികളായ ഫോർട്ട് കൊച്ചി വേളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗർ ബോയ്സ് സ്കൂൾ, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.


അണ്ടർ–17 ലോകകപ്പ് നോഡൽ ഓഫീസറും സംസ്‌ഥാന കായിക സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, ലോക്കൽ ഓർഗനൈസിംഗ് പ്രോജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യ എന്നിവരും ഫിഫ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഗോവ, കോൽക്കത്ത, മുംബൈ, ഡൽഹി എന്നിവയാണു ലോകകപ്പ് മത്സരങ്ങൾക്കായി ഫിഫ അനൗദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന മറ്റു വേദികൾ. ഫിഫ സംഘം ഇന്നു നവി മുംബൈയിലെ സ്റ്റേഡിയത്തിൽ പരിശോധന നടത്തും. 25നു വേദികളിലെ സന്ദർശനം പൂർത്തിയാക്കി സംഘം മടങ്ങും.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം



കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം 1996ലാണ് നിർമാണം പൂർത്തീകരിച്ച് മത്സരങ്ങൾക്കായി തുറന്നത്. നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് ഫുട്ബോൾ മത്സരങ്ങൾ നടന്നിട്ടുള്ള സ്റ്റേഡിയത്തിന് 60,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ജിസിഡിഎയുടെ ഉടമസ്‌ഥതയിലുള്ള സ്റ്റേഡിയം നിലവിൽ അടുത്ത 30 വർഷത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. കേരള ക്രിക്ക്റ്റ് ടീമിന്റെയും കേരള ബ്ലാസറ്റേഴ്സിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ് സ്റ്റേഡിയം. യഥാർഥത്തിൽ ഫുട്ബോളിന് വേണ്ടി നിർമ്മിച്ച സ്റ്റേഡിയത്തിൽ 1997ൽ നടന്ന ഇന്ത്യ – ഇറാക്ക് മത്സരത്തിൽ ഒരു ലക്ഷം പേരാണ് മത്സരം കാണാനെത്തിയത്. ഇതായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ മത്സരം. എന്നാൽ 98നു ശേഷം നിരവധി വർഷത്തോളം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരത്തിനാണ് പ്രാധാന്യം കൊടുത്തത്. പത്തോളം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് സ്റ്റേഡിയം വേദിയായി. 2014 ഒക്ടോബർ എട്ടിന് നടന്ന ഇന്ത്യ –വെസ്റ്റ് ഇൻഡീസ് മത്സരമായിരുന്നു അവസാനമായി നടന്ന ഏകദിന മത്സരം. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം ആരംഭിച്ചപ്പോൾ കേരളത്തിന്റെ ടീമായ കൊച്ചി ടസ്കേഴ്സിന്റെ അഞ്ചു മത്സരങ്ങൾ 2011 സ്റ്റേഡിയം വേദിയായി. 2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നു സീസണുകളിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്.

2011–12 കാലഘട്ടത്തിൽ കേരളത്തിന്റെ ചിരാഗ് യുണൈറ്റഡ് ക്ലബ്ബിന്റെ ഹോം മത്സരങ്ങളും നടന്നിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്ട്രൈക്കേഴ്സിന്റെയും ഹോം മത്സരങ്ങൾക്കും വേദിയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.