ബയേണിനു വൻ ജയം
ബയേണിനു വൻ ജയം
Thursday, October 20, 2016 11:59 AM IST
മ്യൂണിക്ക്: ജർമനിയിലെ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് സംഘം പിഎസ്വി ഐന്തോവനെ ഒന്നിനെതിരേ നാലു ഗോളിനു കീഴടക്കി. അലിയാൻസ് അരീനയിൽ നടന്ന മത്സരത്തിൽ കാർലോ ആഞ്ചലോട്ടിയുടെ ടീമിനായിരുന്നു സർവാധിപത്യം. പതിമൂന്നാം മിനിറ്റിൽ തന്നെ ബയേണിന്റെ ഗോളടിയന്ത്രമായ തോമസ് മ്യുളർ നേടിയ ഗോളിലൂടെ ജർമൻ ചാമ്പ്യന്മാർ മുന്നിലെത്തി. എട്ടു മിനിറ്റിനുള്ളിൽ ജോഷ്വ കിമ്മിച്ചിലൂടെ ബയേൺ ലീഡ് ഇരട്ടിപ്പിച്ചപ്പോൾ ഐന്തോവൻ താരങ്ങൾ അമ്പരന്നിരുന്നു.21ാം മിനിറ്റിൽ അലാബ തലയിലേന്തിയ ബോളാണ് കിമ്മിഷ് വലയിലെത്തിച്ചത്.

ഹാഫ് ടൈമിനു നാലു മിനിറ്റു മുൻപ് പെരേരോ നർസിംഗാണ് ഇടവേളയ്ക്കു മുൻപ് ഐന്തോവനായി ഒരു ആശ്വാസഗോൾ മടക്കിയത്. അതും ബയേണിന്റെ ഒരു പിഴവിലൂടെ സംഭവിച്ചതും.


കളി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബയേണിനായി മൂന്നാമത്തെ ഗോളും വലയിലാക്കി. 84–ാം മിനിറ്റിൽ ആര്യൻ റോബനിലൂടെ ടീം പട്ടിക തികച്ചു. തിയാഗോ – റോബൻ കൂട്ടുകെട്ടാണ് ഗോളായിത്തീർന്നത്. മ്യൂളർ, റോബൻ, ലെവൻഡോസ്കി എന്നീ പടക്കുതിരകൾ മികച്ച ഫോമിലായിരുന്നു.

ബയേണിനായി ക്യാപ്റ്റൻ ഫിലിപ് ലാം കളിച്ച നൂറാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ഗ്രൂപ്പ് ഡിയിൽ അത്ലറ്റിക്കോ ഒമ്പതു പോയിന്റുനേടി ഒന്നാമതും ബയേൺ ആറു പോയിന്റും നേടി രണ്ടാം സ്‌ഥാനത്തും നിൽക്കുന്നു.

ജോസ് കുമ്പിളുവേലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.