വിനീതിനും റിനോയ്ക്കും ഇത് നമ്മ ബംഗളൂരു
വിനീതിനും റിനോയ്ക്കും ഇത് നമ്മ ബംഗളൂരു
Thursday, October 20, 2016 11:59 AM IST
ഇന്ത്യൻ ഫുട്ബോളിൽ പുതു ചരിതമെഴുതി നെറുകയിലെത്തിയ ബംഗളൂരു എഫ്സിയുടെ വിജയക്കുതിപ്പിൽ മലയാളി താരങ്ങളുടെ വിയർപ്പും. എഎഫ്സി ഏഷ്യാകപ്പ് ഫുട്ബോളിൽ മലേഷ്യൻ ക്ലബ് ജോഹർ ഡാരുൾ തസീമിനെ കെട്ടുകെട്ടിച്ചു ഫൈനലിലെത്തിയ ബംഗളൂരു എഫ്സിയുടെ രണ്ടു മലയാളി താരങ്ങളായ സി.കെ. വിനീതും റിനോ ആന്റോയും തങ്ങളുടെ ക്ലബിന്റെ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുകയാണ്.

കണ്ണൂർ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ സി.കെ. വിനീത് മുൻനിരയിലും തൃശൂർ ജയനഗർ കാളത്തോട് കവലക്കാട്ടു താഴെക്കാടൻ റിനോ ആന്റോ പ്രതിരോധത്തിലുമായി കളിച്ചാണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് എഎഫ്സി ഏഷ്യാകപ്പ് ഫൈനലിലെത്തുന്നത്. ഗ്രൂപ്പിൽ രണ്ടു തവണ മലേഷ്യൻ ടീമിനോടു തോൽവി വഴങ്ങിയ ബംഗളൂരു പിന്നീട് തിരിച്ചുവരികയായിരുന്നു. ക്വാർട്ടറിൽ വിനീതിന്റെ ഗോളിലാണ് ടീം സെമിയിലിടം നേടിയത്. നവംബർ അഞ്ചിനു ഇറാഖിലെ എയർഫോഴ്സ് ക്ലബിനെ ദോഹയിൽ വച്ച് ബംഗളൂരൂ എഫ്സി നേരിടും. മൂന്നു വർഷം മുമ്പ് സ്‌ഥാപിതമായ ബംഗളൂരു എഫ്സിയുടെ വിജയഗാഥയുടെ പിറകിൽ രണ്ടു ഘടകങ്ങളാണുള്ളത്. ഒന്നു അടിമുടി പ്രഫഷണലിസം. മറ്റൊന്നു താരങ്ങൾക്കു നൽകുന്ന പരിഗണന. രണ്ടു തവണ ഐ ലീഗ് ചാമ്പ്യൻമാർ. ഒരു തവണ രണ്ടാംസ്‌ഥാനം. ഫെഡറേഷൻ കപ്പ് ഒരു തവണയും. രൂപം പ്രാപിച്ചു ചെറിയ കാലയളവിനുള്ളിലാണ് ബംഗളൂരൂവിന്റെ സ്വന്തം ക്ലബ് ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയത്. ഇപ്പോഴിതാ എഎഫ്സി ഏഷ്യാകപ്പ് ഫൈനലിലുമെത്തി. യൂറോപ്പിൽ ചാമ്പ്യൻസ് ലീഗിനും യൂറോപ്പ കപ്പിനുമുള്ളത്ര പ്രധാന്യമുണ്ട് ഏഷ്യയിൽ എഎഫ്സി ചാമ്പ്യൻസ് ലീഗിനും എഎഫ്സി കപ്പിനും. അതുകൊണ്ടു തന്നെ ബംഗളൂരു എഫ്സിക്കും മലയാളികളായ വിനീതിനും റിനോയ്ക്കും ആഹ്ലാദിക്കാം.

ടീം രൂപം കൊണ്ടപ്പോൾ മുതൽ റിനോ ടീമിലുണ്ട്. സീസൺ പകുതി പിന്നീടുമ്പോഴാണ് വിനീത് എത്തിയത്. എല്ലാ തരത്തിലും ടീം മാനേജ്മെന്റ് കളിക്കാരെ കാര്യമായി പരിഗണിക്കുന്നതായി ഇരുവരും പറയുന്നു. കളിക്കാരനെന്ന നിലയിൽ മുഴുവൻ കഴിവു പ്രകടിപ്പിക്കുന്നതിലാണ് ജിൻഡാലിന്റെ സ്വന്തം ബംഗളൂരു എഫ്സിയുടെ ശ്രദ്ധ.

ജിൻഡാൽ സ്റ്റീൽ വർക്ക്സിനു (ജെഎസ്ഡബ്യു) കീഴിലാണ് ക്ലബ്. പരിശീലനമെല്ലാം കുറ്റമറ്റതാണ്. രാവിലെ ബംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് പരിശീലനം. ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള പരിശീലനമാണ് നൽകുന്നത്. കളിക്കാരന്റെ മൊത്തത്തിലുള്ള ശാരീരികാവസ്‌ഥ ഇതിലൂടെ അറിയാനാകും. ഇതു വളരെയേറെ പ്രയോജനകരമാണെന്നു ഇരുതാരങ്ങളും പറയുന്നു. താമസവും കുറ്റമറ്റതാണ്. അച്ചടക്കവും ഐക്യവുമാണ് മറ്റൊരു സവിശേഷത. എന്തിനും വ്യക്‌തമായ ചിട്ടയുണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാവൂ. ഒഴിവു വേളകളിൽ കൃത്യമായ ദിവസത്തേക്കു നാട്ടിലേക്കു പോകാൻ അനുമതി നല്കും. എല്ലാം കൊണ്ടും ഒരു കുടുംബം പോലെയാണ് തങ്ങൾക്ക് അനുഭവപ്പെടുന്നതെന്ന് വിനീതും റിനോയും പറയുന്നു. കളിക്കാരന്റെ പൂർണതയാണ് ക്ലബ് ആവശ്യപ്പെടുന്നത്. ക്ലബ് എല്ലാം തരുമ്പോൾ കളിക്കാരൻ അതു തിരിച്ചു കൊടുക്കാനും ബാധ്യസ്‌ഥരാണ്.


കളിയോടുള്ള സമീപന രീതിയിലും ബംഗളൂരു വലിയ മാതൃകയാണ്. പ്രത്യേകിച്ചു യുവതാരങ്ങളെ വളർത്തി കൊണ്ടുവരുന്നതിൽ. 22 വയസിനു താഴെ പ്രായമുള്ള കളിക്കാർക്കു അവസരം നൽകണമെന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ കർശന നിബന്ധന പല ക്ലബ്ബുകളും നിരസിച്ചപ്പോൾ ബംഗളൂരു എഫ്സി മാത്രമായിരുന്നു ഒരു അപവാദം. ഏറ്റവും കൂടു–തൽ യുവതാരങ്ങളുള്ള ടീമാണ് ബംഗളൂരൂ എഫ്സി. ഇപ്പോൾ ബെല്ലാരിയിൽ യുവതാരങ്ങൾക്കായി അക്കാഡമി തുടങ്ങിയിരിക്കുകയാണ് ക്ലബ്.

ബംഗളൂരുവിൽ ടീമിനു ആരാധകർ ഏറെയുണ്ടിപ്പോൾ. കളി കാണാൻ കാണികൾ തടിച്ചുകൂടുന്നു. ആരവം മുഴക്കുന്നു. ഇതുമാറ്റത്തിന്റെ സൂചനയാണെന്നു ഇരുവരും പറഞ്ഞു. ടീം നായകൻ സുനിൽ ഛേത്രിയെക്കുറിച്ചും ഇവർക്ക് ഒരുപാട് പറയാനുണ്ട്.

അദ്ദേഹത്തിന്റെ ഇടപെടൽ ടീമിനു പ്രചോദനമുണർത്തുന്നതാണ്. നായകന്റെ പരിവേഷമൊന്നും ഛേത്രി കാണിക്കാറില്ല. എല്ലാ താരങ്ങളോടും സൗമ്യമായി പെരുമാറുന്നതു കാണാം. കളിയിൽ ചിലപ്പോൾ ഫോമിലല്ലെങ്കിൽ അടുത്തെത്തി ആത്മവിശ്വാസം പകരും. പുതിയ കോച്ച് ആൽബർട്ടോ റോകയുടെ കീഴിലാണ് പരിശീലനം. ആധുനിക പരിശീലനമുറകളെല്ലാം അദ്ദേഹത്തിൽ നിന്നു ലഭിക്കുന്നു. ദോഹയിൽ ഫൈനൽ നടക്കുന്നതിനാൽ കളി കാണാൻ ധാരാളം മലയാളികളുണ്ടാകും. തന്റെ കൂട്ടുകാർക്കും അവിടെ ജോലി ചെയ്യുന്ന മറ്റു മലയാളികളോടും ഇക്കാര്യം താൻ ആവശ്യപ്പെടുന്നതായി റിനോ പറയുന്നു. ഫൈനൽ മികച്ചതാകുമെന്നു കരുതുന്നു. അതു കഴിഞ്ഞേ ഐഎസ്എലിലേക്കു ഇരുവരും തിരിച്ചുവരൂ. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളാണ് രണ്ടു പേരും. തങ്ങളുടെ ടീം മികച്ച പ്രകടനത്തോടെ കുതിക്കുമെന്നു ഇവർ പറയുന്നു.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.