ഇഖ്ബാൽ അബ്ദുള്ളയ്ക്കു സെഞ്ചുറി; കേരളത്തിനു കൂറ്റൻ സ്കോർ
ഇഖ്ബാൽ അബ്ദുള്ളയ്ക്കു സെഞ്ചുറി; കേരളത്തിനു കൂറ്റൻ സ്കോർ
Friday, October 21, 2016 12:11 PM IST
ഹൈദരാബാദ്: അന്യസംസ്‌ഥാനങ്ങളിൽനിന്ന് താരങ്ങളെ കൊണ്ടുവരാനുള്ള കേരളത്തിന്റെ തീരുമാനം ഗുണം ചെയ്യുന്നു. ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് കൂറ്റൻ സ്കോർ. ഇഖ്ബാൽ അബ്ദുള്ളയുടെ തകർപ്പൻ സെഞ്ചുറിയും (പുറത്താകാതെ 157) സച്ചിൻ ബേബി (80), ജലജ് സക്സേന (79) എന്നിവരുടെ അർധസെഞ്ചുറിയുടെയും മികവിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റ് നഷ്‌ടത്തിൽ 506 റൺസെടുത്തു. നാലിന് 244 എന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തെ സച്ചിൻ ബേബിയും ജലജും മുന്നോട്ടു നയിച്ചു. 209 പന്തിൽ എട്ടു ബൗണ്ടറിയുടെ അകമ്പടിയോടെയാണ് സച്ചിൻ 80 റൺസ് നേടിയത്. ജലജിന്റെ ഇന്നിംഗ്സിൽ 13 ബൗണ്ടറികളുണ്ടായിരുന്നു. ജലജ് സക്സേന പുറത്തായ ശേഷം ക്രീസിലെത്തിയ ഇഖ്ബാൽ നിറഞ്ഞാടിയപ്പോൾ കേരളത്തിന്റെ സ്കോറും കുതിച്ചു. 214 പന്തിൽ 14 ബൗണ്ടറിയും ആറു സിക്സുമടക്കമാണ് ഇഖ്ബാൽ 157 റൺസ് സ്വന്തമാക്കിയത്. 40 റൺസ് നേടിയ മോനിഷ് ഇഖ്ബാലിനു മികച്ച പിന്തുണയും നൽകി. ഹൈദരാബാദിനു വേണ്ടി മെഹ്ദി ഹസൻ മൂന്നു വിക്കറ്റ് നേടി.


ഇഖ്ബാൽ അബ്ദുള്ള രഞ്ജി ട്രോഫിയുടെ ഈ സീസണിൽ അതിഥി താരമായാണ് കേരള ടീമിലെത്തിയത്. മുൻ മുംബൈ താരമായ ഇഖ്ബാൽ അബ്ദുള്ളയുടെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. രഞ്ജിയിൽ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ജമ്മു കാഷ്മീരുമായി സമനിലയിൽ പിരിഞ്ഞിരുന്ന കേരളം രണ്ടാം മത്സരത്തിൽ ഹിമാചൽ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു. മൂന്നു പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.