പോലീസ് കായികമേള; കണ്ണൂരിനും തൃശൂർ ഐആർ ബറ്റാലിയനും കിരീടം
പോലീസ് കായികമേള; കണ്ണൂരിനും തൃശൂർ ഐആർ ബറ്റാലിയനും കിരീടം
Saturday, October 22, 2016 11:49 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ ഇന്നലെ സമാപിച്ച 45–ാമത് കേരള പോലീസ് സംസ്‌ഥാന കായികമേളയിൽ ജില്ലാതലത്തിൽ കണ്ണൂരും ബറ്റാലിയൻ വിഭാഗത്തിൽ തൃശൂർ ഐആർ ബറ്റാലിയനും ചാമ്പ്യന്മാർ. വ്യക്‌തമായ മുൻതൂക്കത്തിൽ 64 പോയിന്റുമായി കണ്ണൂർ ജില്ല വിജയ കിരീടം ചൂടിയപ്പോൾ, രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ 69 പോയിന്റുമായാണു തൃശൂർ ഐആർ ബറ്റാലിയൻ ജേതാക്കളായത്. ജില്ലാതലത്തിൽ രണ്ടാം സ്‌ഥാനം നേടിയ പാലക്കാടിനു 34ഉം മൂന്നാം സ്‌ഥാനക്കാരായ മലപ്പുറത്തിനു 33ഉം പോയിന്റുകളുണ്ട്. ബറ്റാലിയൻ വിഭാഗത്തിൽ 67 വിതം പോയിന്റ് നേടിയ തൃശൂർ പോലീസ് അക്കാദമിയും തിരുവനന്തപുരം എസ്എപിയും രണ്ടാം സ്‌ഥാനം പങ്കിട്ടു. 66 പോയിന്റുമായി തൃശൂർ കെഎപി–ഒന്നിനാണ് മൂന്നാം സ്‌ഥാനം. ആദ്യത്തെ രണ്ടു നാളിൽ മൂന്നു മീറ്റ് റിക്കാർഡുകൾ പിറന്ന ചാമ്പ്യൻഷിപ്പിൽ ഇന്നലെ വനിതകളുടെ ഹാമർ ത്രോയിൽ പുതിയ റിക്കാർഡ് പിറന്നു. മലപ്പുറം ജില്ലയുടെ ജീജ മോഹനാണു പുതിയ റിക്കാർഡിനുടമ. 2014 ൽ ജീജ സ്‌ഥാപിച്ച 34.73 മീറ്ററിന്റെ സ്വന്തം റിക്കാർഡാണ് 37.15 മീറ്ററിൽ തിരുത്തിക്കുറിച്ചത്. 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കെഎപി–അഞ്ചിലെ ഹവീൽദാർ രാഹുൽ.ജി.പിള്ള പുരുഷ വിഭാഗത്തിലും, കെഎപി–രണ്ടിലെ വനിതാ എസ്ഐ എസ്.സിനി വനിതാ വിഭാഗത്തിലും ബെസ്റ്റ് പോലീസ് അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. വൈകിട്ട് നടന്ന സമാപന ചടങ്ങിനു മുന്നോടിയായി വർണശബളമായ മാർച്ച്പാസ്റ്റും നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത സംസ്‌ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. വിജയികൾക്കു സംസ്‌ഥാന പോലീസ് മേധാവി സമ്മാനങ്ങളും ട്രോഫികളും വിതരണംചെയ്തു. ഉത്തരമേഖലാ എഡിജിപി സുദേഷ്കുമാർ, ഉത്തരമേഖല ഐജി ദിനേന്ദ്ര കശ്യപ്, സംസ്‌ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു. സമ്മാന ദാനത്തിനു ശേഷം കരിമരുന്നു പ്രയോഗം അത്താഴ വിരുന്നായ ബഡാഖാന എന്നിവയോടെ 45–ാമത് പോലീസ് മേളയ്ക്കു കൊടിയിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.