വിരാടമഹിമ
വിരാടമഹിമ
Sunday, October 23, 2016 11:25 AM IST
മൊഹാലി: ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻമാരായ വിരാട് കോഹ്ലിയും മഹേന്ദ്രസിംഗ് ധോണിയും ഇന്ത്യക്കു വിജയം ഒരുക്കി. മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് തകർത്ത് ധോണിയും കൂട്ടരും അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. കോഹ്ലി പുറത്താകാതെ നേടിയ 154 റൺസും ധോണിയുടെ 80 റൺസും ഇന്ത്യയെ മികച്ച ജയത്തിലേക്കു നയിച്ചു. മനീഷ് പാണ്ഡെ (28) പുറത്താകാതെനിന്നു. ന്യൂസിലൻഡ് 49.4 ഓവറിൽ ടോം ലാഥം (61), ജയിംസ് നീഷം (57), റോസ് ടെയ്ലർ (44), മാറ്റ് ഹെൻറി (39) എന്നിവരുടെ മികവിൽ 285 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടമാക്കി 289 റൺസ് നേടി വിജയിച്ചു.

ഒരു ജയം നൽകിയ ആവേശം ഉൾക്കൊണ്ട് കളിച്ച ന്യൂസിലൻഡ് ബാറ്റ്സ്മാന്മാർ ഇന്ത്യക്കു മുന്നിൽ 286 റൺസിന്റെ വിജയ ലക്ഷ്യം വച്ചു. ടോസ് വിജയിച്ച ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി കിവീസിനെ ബാറ്റിംഗിനു വിട്ടു. മാർട്ടിൻ ഗപ്ടിലും ഇൻ ഫോം ബാറ്റ്സ്മാൻ ടോം ലാഥവും ചേർന്ന് ഇന്ത്യൻ ബൗളിംഗിനെതിരേ ആധിപത്യം നേടിയെടുത്തു. അപകടകരമായി മാറുമായിരുന്ന ഈ സഖ്യത്തെ ഉമേഷ് യാദവ് പിരിച്ചു. ഗപ്ടിൽ (27) എൽബിഡബ്ല്യു. കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരനും നായകനുമായ കെയ്ൻ വില്യംസണുമായി ലാഥമിനു വലിയയൊരു കൂട്ടുകെട്ട് തീർക്കാനായില്ല. വില്യംസണെ (22) കേദാർ യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഇതിനു ശേഷം, ഈ പരമ്പരയിൽ ഫോമിലെത്താൻ പാടുപെടുന്ന റോസ് ടെയ്ലറും ലാഥവും ചേർന്ന് കിവീസിനെ സ്കോർ 150 കടത്തി. ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത് 73 റൺസ്. അപകടകരമായി തീരുകയായിരുന്ന ഈ സഖ്യം അമിത് മിശ്ര തകർത്തു. മിശ്രയെ കയറിയടിക്കാൻ ശ്രമിച്ച ടെയ്ലറെ (44) ധോണി സ്റ്റംപ് ചെയ്തു പുറത്താക്കി. ഇതിനിടെ ലാഥം അർധ സെഞ്ചുറി പിന്നിട്ടു. അപ്പോൾ കിവീസ് സ്കോർ മൂന്നിന് 153 റൺസ് എന്ന ശക്‌തമായ നിലയിൽ. മികച്ച സ്കോറെന്ന കിവീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഇന്ത്യൻ പന്തേറുകാർ ആഞ്ഞടിച്ചോൾ കിവീസിനു വേഗത്തിൽ അഞ്ചു വിക്കറ്റുകൾ വീണു. മൂന്നിനു 153 എന്ന നിലയിൽനിന്നും എട്ടിന് 199 റൺസ് എന്ന നിലയിലേക്കു സന്ദർശകർ നിലംപതിച്ചു. കിവീസ് തകർന്നു എന്ന തോന്നിച്ച അവസരത്തിൽ ജയിംസ് നീഷം മാറ്റ് ഹെൻറിയെ കൂട്ടുപിടിച്ച് നടത്തിയ ആക്രമണത്തിനു മുന്നിൽ ഇന്ത്യൻ പന്തേറുകാർ പതറുന്നതാണ് പിന്നീട് കണ്ടത്. ഈ കൂട്ടുകെട്ട് മാരകമായതോടെ എട്ടിനു 199 റൺസ് എന്ന നിലയിൽനിന്നു കിവീസ് മുന്നൂറു കടക്കുമോ എന്നുവരെ തോന്നലുണ്ടാക്കി. അവസാനം യാദവ് ഈ സഖ്യം പൊളിച്ചു. നീഷം (57) കേദാർ യാദവിനു ക്യാച്ച് നൽകി. അപ്പോൾ കിവീസ് സ്കോർ ഒമ്പത് വിക്കറ്റിന് 283 റൺസ് എന്ന മികച്ച നിലയിൽ. രണ്ടു റൺസ് കൂടി സ്കോർബോർഡിലെത്തിയശേഷം ട്രെന്റ് ബൗൾട്ടിനെ ജസ്പ്രീത് ബുംറ ക്ലീൻബൗൾഡാക്കി. 39 റൺസുമായി ഹെൻറി പുറത്താകാതെ നിൽക്കുന്നുണ്ടായിരുന്നു.ഉമേഷ് യാദവ്, കേദാർ യാദവ് എന്നിവർ മൂന്നും ബുംറ, മിശ്ര എന്നിവർ രണ്ടും വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണർമാരായ അജിങ്ക്യ രഹാനെ (5), രോഹിത് ശർമ (13) എന്നിവരിൽനിന്നും കാര്യമായ സംഭാവനകൾ ഒന്നും ലഭിച്ചില്ല. ഇതോടെ സ്വയം സ്‌ഥാനക്കയറ്റം നൽകിക്കൊണ്ട് ധോണി വിരാട് കോഹ്ലിക്കൊപ്പം ചേർന്നു. ഈ നീക്കമാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത്. കഴിഞ്ഞ കളിയിലെ മെല്ലെപ്പോക്കിനെ വിമർശിച്ചവരുടെ നാവടച്ച് നായകൻ മികവിലെത്തി. മിച്ചൽ സാന്റ്നറെ നിലം തൊടാതെ ബൗണ്ടറിക്കു മുകളിലൂടെ പായിച്ച നായകൻ ഏകദിനത്തിൽ 9000 റൺസ് തികച്ചു. കോഹ്ലിയും കഴിഞ്ഞ കളിയിലെ കേട് തീർക്കുന്നതാണ് കണ്ടത്. ഇരുവരും കിവീസ് ബൗളർമാർക്ക് അവസരം കൊടുക്കാതെ കളിച്ചപ്പോൾ റൺസ് ഒഴുകിയെത്തി. ബൗണ്ടറികളും ഒപ്പം സിക്സുകളും ധോണിയുടെ ബാറ്റിൽനിന്നും പിറന്നു. 27–ാം ഓവറിന്റെ അഞ്ചാം പന്ത് സിക്സിനു പറത്തി ധോണി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്ത്യൻ ബാറ്റ്സ്മാനായി. സച്ചിൻ തെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന റിക്കാർഡാണ് നായകൻ തിരുത്തിയെഴുതിയത്. ഇതിനിടെ കോഹ്ലിയും ധോണിയും അർധ സെഞ്ചുറി കടന്നിരുന്നു. വലിയ സാഹസിക ബാറ്റിംഗ് ഒന്നുമില്ലാതെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയായിരുന്ന ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഹെൻറി പൊളിച്ചു. 151 റൺസാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നായകന്മാർ അടിച്ചുകൂട്ടിയത്. മൂന്നു വർഷങ്ങൾക്കു ശേഷം ധോണിയിൽനിന്ന് ഒരു സെഞ്ചുറി പ്രതീക്ഷിച്ചവരെ നിരാശരാക്കി നായകൻ മടങ്ങി. ടെയ്ലറാണ് ക്യാച്ചെടുത്തത്. 91 പന്ത് നേരിട്ട് 80 റൺസെടുത്ത നായകൻ ആറു ഫോറും മൂന്നു സിക്സും പറത്തി. ചേസിംഗിൽ ഗംഭീരമാകാറുള്ള കോഹ്ലി ആ പതിവ് തെറ്റിച്ചില്ല. 26–ാം സെഞ്ചുറിയും തികച്ചു ഇന്ത്യയുടെ ടെസ്റ്റ് നായകൻ. സ്വന്തം സ്കോർ ആറിൽ നില്ക്കുമ്പോൾ കോഹ്ലി നൽകിയൊരു ക്യാച്ച് ടെയ്ലർ നഷ്‌ടമാക്കിയിരുന്നു. ധോണിക്കു പിന്നാലെയെത്തിയ മനീഷ് പാണ്ഡെ കോഹ്ലിക്കു സ്ട്രൈക്ക് കൈമാറി കളിച്ചു. ഇതോടെ കോഹ്ലി റൺസ് വേഗത്തിൽ അടിച്ചുകൂട്ടി 150 റൺസ് കടന്നു. 49–ാം ഓവറിന്റെ രണ്ടാം പന്ത് ഫോറിലേക്കു പായിച്ച് പാണ്ഡെ വിജയ റൺസ് കുറിച്ചു.



സ്കോർബോർഡ്

ന്യൂസിലൻഡ്

ഗപ്ടിൽ എൽബിഡബ്ല്യു ബി ഉമേഷ് യാദവ് 27, ലാഥം സി പാണ്ഡ്യ ബി കേദാർ യാദവ് 61, വില്യംസൺ എൽബിഡബ്ല്യു ബി കേദാർ യാദവ് 22, ടെയ്ലർ സ്റ്റംപ്ഡ് ധോണി ബി മിശ്ര 44, ആൻഡേഴ്സൺ സി രഹാനെ ബി കേദാർ 6, റോഞ്ചി സ്റ്റംപ്ഡ് ധോണി ബി മിശ്ര 1, നീഷം സി കേദാർ ബി യാദവ് 57, സാന്റ്നർ സി കോഹ്ലി ബി ബുംറ 7, സൗത്തി ബി യാദവ് 13, ഹെൻറി നോട്ടൗട്ട് 39, ബൗൾട്ട് ബി ബുംറ 1, എക്സ്ട്രാസ് 7. ആകെ 49.4 ഓവറിൽ 285ന് എല്ലാവരും പുറത്ത്.

ബൗളിംഗ്

ഉമേഷ് യാദവ് 10–0–75–3, പാണ്ഡ്യ 5–0–34–0, ബുംറ 9.4–0–29–2, കേദാർ യാദവ് 5–0–29–3, അക്ഷർ പട്ടേൽ 10–0–49–0, മിശ്ര 10–0–46–2

ഇന്ത്യ

രോഹിത് എൽബിഡബ്ല്യു ബി സൗത്തി 13, രഹാനെ സി സാന്റ്നർ ബി ഹെൻറി 5, കോഹ്ലി നോട്ടൗട്ട 154, ധോണി സി ടെയ്ലർ ബി ഹെൻറി 80, പാണ്ഡെ 28 നോട്ടൗട്ട്, എക്സ്ട്രാസ് 9, ആകെ 48.2 ഓവറിൽ മൂന്നു വിക്കറ്റിന് 289.

ബൗളിംഗ്

ഹെൻറി 9.2–0–56–2, ബൗൾട്ട് 10–0–73–0, സൗത്തി 10–0–55–1, സാന്റ്നർ 10–0–43–0, നീഷം 9–0–60–0


സെഞ്ചുറികളിൽ കോഹ്ലി നാലാം സ്‌ഥാനത്ത്

ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്ലി നാലാ സ്‌ഥാനത്തെത്തി. സച്ചിൻ തെണ്ടുൽക്കർ(49), റിക്കി പോണ്ടിംഗ്(30), സനത് ജയസൂര്യ(28) എന്നിവരാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. വെറും 174 മത്സരങ്ങളിൽനിന്നാണ് കോഹ്ലി 26 സെഞ്ചുറി നേടിയത്. അതായത്, ഓരോ ഏഴു മത്സരത്തിലും കോഹ്ലിയുടെ പേരിൽ സെഞ്ചുറിയുണ്ടായി. സച്ചിൻ 463 മത്സരങ്ങളിലാണു 49 സെഞ്ചുറി നേടിയത്. പോണ്ടിംഗ് 375 മത്സരവും ജയസൂര്യ 455 മത്സരവും കളിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.