ഫൈനൽ ലക്ഷ്യമിട്ട് ഹോക്കി ഇന്ത്യ
ഫൈനൽ ലക്ഷ്യമിട്ട് ഹോക്കി ഇന്ത്യ
Friday, October 28, 2016 12:25 PM IST
ക്വാൻടൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണകൊറിയയ്ക്കെതിരേ. ഒരു മത്സരം പോലും തോൽക്കാതെ ആറു ടീമുകളുടെ ടൂർണമെന്റിൽ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്. റൗണ്ട് റോബിൻ പോരാട്ടത്തിൽ സമനില വഴങ്ങേണ്ടിവന്ന കൊറിയയുടെ ഭീഷണി മറികടന്ന് ഫൈനലിൽ പ്രവേശിക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. എന്നാൽ, ഇന്ത്യക്കു രണ്ടു കാര്യങ്ങളാണ് തലവേദനയാകുന്നത്. ഒന്ന് നായകനും ഗോൾകീപ്പറുമായ ശ്രീജേഷിന് കാൽക്കുഴയ്ക്കേറ്റ പരിക്ക്; പിന്നെ പ്രതിരോധത്തിലെ സുരേന്ദർ കുമാറിന്റെ വിലക്കും. രണ്ടു മത്സരങ്ങളിൽനിന്നാണ് ഇന്ത്യൻ പ്രതിരോധതാരത്തെ വിലക്കിയിരിക്കുന്നത്.

ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയുടെ 2011ലെ ഉദ്ഘാടന ടൂർണമെന്റിലെ ജേതാക്കളായ ഇന്ത്യ ഒരിക്കൽക്കൂടി കിരീടം ലക്ഷ്യം വയ്ക്കുകയാണ്. ഈ ടൂർണമെന്റിലെ അഞ്ചു കളിയിൽ നാലു ജയവും ഒരു സമനിലയുമാണ് ഇന്ത്യ നേടിയത്. ദക്ഷിണകൊറിയയ്ക്കെതിരേ മാത്രമാണ് ഇന്ത്യക്കു ജയിക്കാനാവാതെ പോയത്. കൊറിയയുടെ യുവതാരങ്ങൾ ഇന്ത്യയെ 1–1ന് സമനിലയിൽ തളച്ചു. ആ കൊറിയയെ വളരെ കരുതലോടെയെ ഇന്ത്യക്കു നേരിടാനാവൂ. പോയിന്റ് നിലയിൽ നാലാം സ്‌ഥാനക്കാരായി സെമിയിലെത്തിയ ദക്ഷിണകൊറിയ ഒരു കളിയിൽ മാത്രമേ തോറ്റുള്ളൂ.


ശ്രീജേഷിനു കളിക്കാനാകുമെന്നാണു വിശ്വാസം. അദ്ദേഹത്തിന്റെ പരിക്കു ഭേദമായിക്കൊണ്ടിരിക്കുകയാണ്. അഥവാ കളിക്കാനായില്ലെങ്കിൽ പകരം ആകാശ് ചികേ്‌ത ഇറങ്ങും. ചികേ്‌ത മികച്ച ഗോൾകീപ്പറാണൈന്നും ഓൾട്ട്മാൻ പറഞ്ഞു. പെനാൽറ്റി കോർണറുകൾ ഗോളാക്കാൻ വിദഗ്ധനായ രൂപീന്ദർ പാൽ സിംഗ് തുടരുന്ന ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ഇതുവരെ പത്തു ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററായിരിക്കുകയാണ് രുപീന്ദർപാൽ സിംഗ്.

രണ്ടാം സെമിയിൽ ആതിഥേയരായ മലേഷ്യ പാക്കിസ്‌ഥാനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.