പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും കിവീസും
പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും കിവീസും
Friday, October 28, 2016 12:25 PM IST
വിശാഖപട്ടണം: പതിനൊന്ന് വർഷം മുമ്പു വിശാഖപട്ടണത്തെ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ മുടി വളർത്തിയ ഒരു പയ്യൻ പാക്കിസ്‌ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചത് ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാനിടയില്ല. അന്ന് പാക്കിസ്‌ഥാൻ ഉയർത്തിയ കൂറ്റൻ സ്കോർ ധോണി നേടിയ 148 റൺസിന്റെ പിൻബലത്തിൽ ഇന്ത്യ നിഷ്പ്രയാസം മറികടന്നു. ഇന്ന് ന്യൂസിലൻഡിനെതിരേ അവസാന അങ്കത്തിനിറങ്ങുമ്പോൾ ഇന്ത്യക്കും ക്യാപ്റ്റൻ കൂളിനും അതൊരു ജീവന്മരണ പോരാട്ടമാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പര 2–2ന് തുല്യത പാലിച്ചി രിക്കുകയാണ്. കിവീസ് ഇന്ന് ജയിച്ചാൽ ഇന്ത്യയിൽ അവരുടെ ആദ്യ പരമ്പര നേട്ടമായിരിക്കും. വീണ്ടും ഒരു പരമ്പരനഷ്‌ടം ധോണിക്കു ചിന്തിക്കാൻ പോലുമാകില്ല. കഴിഞ്ഞ 18 മാസങ്ങളെടുത്തു നോക്കിയാൽ സിംബാബ്വെയെ പരാജയപ്പെടുത്തിയതൊഴിച്ചാൽ പരമ്പര നഷ്‌ടങ്ങളുടെ കണക്കു മാത്രമേ ഇന്ത്യക്ക് പറയാനുള്ളൂ. അതിൽ ബംഗ്ലാദേശിനോടേറ്റ തോൽവിയും ഉൾപ്പെടുന്നു.

കടലാസിൽ എന്നും ഇന്ത്യൻ ടീം കരുത്തരാണ്. ടെസ്റ്റിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായി ഏകദിനത്തിലിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിൽ വിജയം നേടിയപ്പോൾ എല്ലാവരും ഒരു സമ്പൂർണ പരമ്പര നേട്ടമാണ് സ്വപ്നം കണ്ടത്. എന്നാൽ, ഡൽഹിയിൽ കിവീസ് ബൗളർമാർക്കു മുമ്പിൽ പുകൾപെറ്റ ിന്ത്യൻ ബാറ്റിംഗ് നിര കവാത്ത് മറന്ന് തകർന്നടിയുന്നതാണു കണ്ടത്. മൊഹാലിയിൽ വീണ്ടും കാര്യങ്ങൾ തിരിഞ്ഞു. കോഹ്ലിയുടെയും ധോണിയുടെയും ചെയ്സിംഗ് മികവിൽ കിവീസ് ഉയർത്തിയ 285 എന്ന ലക്ഷ്യം ഇന്ത്യ മറികടന്നു. എന്നാൽ നാലാം ഏകദിനത്തിൽ വിജയം പ്രതീക്ഷിച്ച ഇന്ത്യ അതു കൈവിട്ടു.


കോഹ്ലിയുടെ പ്രകടനത്തിന്റെ മികവാണ് പരമ്പരയിലെ വിജയിച്ച കളികളിലെല്ലാം ടീമിന് അത്താണിയായത്. ധോണി ആറാം നമ്പറിൽനിന്നു നാലാം നമ്പറിലിറങ്ങിയത് മൊഹാലിയിൽ വിജയിച്ചിരുന്നെങ്കിലും റാഞ്ചിയിൽ തന്ത്രം പാളി. സമ്മർദഘട്ടങ്ങളിൽ ക്രീസിൽ പിടിച്ചു നിൽക്കാൻ യുവതാരങ്ങൾക്കു കഴിയാതെ വന്നതാണ് ഇന്ത്യയെ റാഞ്ചിയിൽ പരാജയത്തിലേക്കു നയിച്ചത്.

മറുവശത്ത് കിവീസ് നിരയിലും പ്രശ്നങ്ങളുണ്ടെങ്കിലും ഓരോ മത്സരത്തിലും അത് പരിഹരിച്ചു മുന്നേറുന്ന കാഴ്ചയാണ്. ഓപ്പണിംഗിൽ ഫോമിൽ അല്ലാതിരുന്ന മാർട്ടിൽ ഗപ്ടിലും താളം കണ്ടെത്തിയതോടെ പരമ്പരയിൽ മികച്ച പ്രകടനം തുടരുന്ന ലാഥത്തിനൊപ്പം മികച്ച കൂട്ടുകെട്ടു പടുത്തുയർത്താനാകും. പിന്നീടെത്തുന്ന ക്യാപ്റ്റൻ വില്യംസണും സ്‌ഥിരത പുലർത്തുന്നതിനാൽ കിവി മുൻനിര ശക്‌തമാണ്. റോസ് ടെയ്ലർ കൂടി ഫോമിലെത്തിയാൽ ബാറ്റിംഗ് നിര പൂർണമാകും . ബൗളിംഗിൽ വലിയ പ്രശ്നങ്ങളില്ലാത്തത് കിവികൾക്ക് ആശ്വാസമാകുന്നു.

ഇരു വശത്തും റാഞ്ചിയിലെ ടീമിൽനിന്നു വലിയ മാറ്റങ്ങളുണ്ടാവാൻ സാധ്യത കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.