വാലറ്റം പൊരുതി; ഇന്ത്യക്കു ലീഡ്
വാലറ്റം പൊരുതി; ഇന്ത്യക്കു ലീഡ്
Monday, November 28, 2016 11:15 AM IST
മൊഹാലി: ഇന്ത്യയുടെ മൂന്നു സ്പിന്നർമാർ ബാറ്റ് കൊണ്ടും ഇംഗ്ലണ്ടിനു തലവേദനയായതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു 134 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യക്കു അപ്രാപ്യമെന്നു തോന്നിച്ച ലീഡ് സമ്മാനിച്ചത്. 134 റൺസിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിലിറങ്ങിയ ഇംഗ്ലണ്ടിന് 78 റൺസെടുക്കുമ്പോഴേക്കും നാലു വിക്കറ്റുകൾ നഷ്‌ടമായി. ജോ റൂട്ട് (36), ഗാരത് ബാറ്റി (0) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് ഇനി 56 റൺസ് കൂടി വേണം. രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്.

ലീഡ് നേടാൻ 12 റൺസ് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യയുടെ വഴിക്കായിരുന്നു കാര്യങ്ങളെല്ലാം നീങ്ങിയത്. ഓൾ റൗണ്ടർ പദവിക്കു ചേർന്ന തരത്തിൽ അശ്വിനും ജഡേജയും ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. ആറാം വിക്കറ്റ് 204 റൺസിൽ നഷ്‌ടമായ ഇന്ത്യയുടെ അവസാന നാലു ബാറ്റ്സ്മാൻമാർ അടിച്ചുകൂട്ടിയത് 213 റൺസ്.

ഒരേ ഇന്നിംഗ്സിൽ ഇന്ത്യയുടെ 7,8,9 വിക്കറ്റുകളിൽ ഇറങ്ങുന്ന ബാറ്റ്സ്മാൻമാർ അർധസെഞ്ചുറി കുറിക്കുന്നത് ആദ്യമായാണ്. ഇന്ത്യൻ ലീഡ് 50 റൺസിലെങ്കിലും ഒതുക്കാമെന്നുള്ള കണക്കുകൂട്ടലിലിറങ്ങിയ ഇംഗ്ലണ്ടിനു തൊട്ടതെല്ലാം പിഴച്ചു. മൂന്നാം ദിനത്തിലെ ക്രിസ് വോക്സിന്റെ ആദ്യ പന്തിൽ ബൗണ്ടറി പായിച്ച് അശ്വിൻ നയം വ്യക്‌തമാക്കി. തുടർന്നു ജയിംസ് ആൻഡേഴ്സണും ബെൻ സ്റ്റോക്സിനു നൽകുന്നതിനുമുമ്പ് അലിസ്റ്റർ കുക്ക് മോയിൻ അലിക്കു പന്തു നൽകി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. പന്തിന്റെ കണക്കുവച്ചു നോക്കിയാൽ ജഡേജയുടെ ക്രിക്കറ്റ് കരിയറിലെ ഏഴാമത്തെ നീളമേറിയ ഇന്നിംഗ്സായിരുന്നു മൊഹാലിയിലേത്. തുടർന്നെത്തിയ ജയന്ത് യാദവ് 134 പന്തുകളിൽ അർധശതകം നേടി ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിച്ചു.

ടെസ്റ്റിൽ ജഡേജ ഇതിനു മുമ്പ് അർധ സെഞ്ചുറി നേടിയിട്ടുള്ളത് രണ്ടു തവണ മാത്രമാണ്. രണ്ടും ഇന്ത്യക്ക് ഏറ്റവും ആവശ്യമേറിയ ഘട്ടത്തിലും. 2014ൽ ലോഡ്സിൽ ഇംഗ്ലണ്ടിനെതിരേ കളി വിജയിപ്പിക്കുന്ന ലീഡ് നൽകുന്നതിൽ നിർണായകമായ ഇന്നിംഗ്സായിരുന്നു ജഡേജയുടേത്. രണ്ടാമത്തെ അർധ സെഞ്ചുറി ന്യൂസിലൻഡിനെതിരേ ഈ വർഷം ദ്രുതഗതിയിൽ ഡിക്ലയർ ചെയ്യുന്നതിനു മുമ്പ് നേടിയത്. 104 പന്തുകളിൽ നിന്നാണ് ജഡേജ 50 റൺസിലേക്കെത്തിയത്. വിരാട് കോഹ്ലിയെ വീഴ്ത്തിയപോലെ ഓഫ് സ്റ്റംമ്പിനു പുറത്തു പന്തുകൾ തുടരെ എറിഞ്ഞു സ്റ്റേക്സ് ശ്രമിച്ചെങ്കിലും അനാവശ്യ പന്തുകളിൽ ബാറ്റ് വയ്ക്കാതെയായിരുന്നു ജഡേജ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയത്. അശ്വിൻ – ജഡേജ സഖ്യം 97 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. സ്റ്റോക്സിന്റെ പന്തിൽ ജോസ് ബട്ട്ലറിനു ക്യാച്ച് നൽകി മടങ്ങും മുമ്പ് 113 പന്തുകളിൽ 72 റൺസാണ് ലോക ഒന്നാം നമ്പർ ഓൾറൗണ്ടർ നേടിയത്. ജയന്ത് യാദവ് മറ്റൊരു അശ്വിനെ ഓർമിപ്പിക്കും വിധം ബൗണ്ടറിയുമായാണ്് കളി തുടങ്ങിയത്. ജഡേജയും ജയന്തും ചേർന്നുള്ള 80 റൺസിന്റെ സഖ്യം റഷീദ് അവസാനിപ്പിച്ചു. ടെസ്റ്റ് കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടുന്നതിനു പത്തു റൺസ് അകലെയായിരുന്ന ജഡേജയെ ആദിൽ റഷീദ് വോക്സിന്റെ കൈകളിലെത്തിച്ചു. 170 പന്തുകളിൽ നിന്നാണ് ജഡേജ 90 റൺസെടുത്തത്. ഉമേഷ് യാദവ് ജയന്തിനു മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും ഉയർന്നു. ഒമ്പത് റൺസിൽ നിൽക്കേ ഉമേഷ് യാദവ് നൽകിയ അവസരം കുക്ക് വിട്ടുകളഞ്ഞിരുന്നു. ഇന്ത്യൻ സ്കോർ 414ൽ എത്തിയപ്പോൾ ജയ് സ്റ്റോക്സിന്റെ പന്തിൽ അലിക്കു ക്യാച്ച് നൽകി മടങ്ങി. 141 പന്തുകളിൽ നിന്നാണ് ജയന്ത് 55 റൺസെടുത്തത്. നാലു റൺസ് കൂടി ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്ത് ഉമേഷ് യാദവ് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റഷീദ് നാലു വിക്കറ്റുകൾ സ്വന്തമാക്കി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇന്ത്യൻ മണ്ണിൽ അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ഇംഗ്ണ്ട് പേസർ എന്ന റിക്കാർഡും സ്റ്റോക്സ് സ്വന്തമാക്കി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിൻ വരിഞ്ഞുമുറുക്കി. കുക്ക്, അലി, സ്റ്റോക്സ് എന്നിവരെ അശ്വിൻ മടക്കിയപ്പോൾ ജോനി ബെയർസ്റ്റോയെ ജയന്ത് യാദവും പുറത്താക്കി. പരിക്കേറ്റ ഹസീബ് ഹമീദിനു പകരം ഓപ്പണിംഗിനെത്തിയ റൂട്ട് 101 പന്തുകളിൽ 36 റൺസെടുത്ത് ക്രീസിലുണ്ട്. 19 റൺസ് വഴങ്ങിയാണ് അശ്വിൻ മൂന്നു വിക്കറ്റുകൾ നേടിയത്.

സ്കോർ ബോർഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 283

ഇന്ത്യ ഒന്നാം ഇന്നിംഗ്സ്

വിജയ് സി ബെർസ്റ്റോ ബി സ്റ്റോക്സ് 12, പാർഥീവ് എൽബിഡബ്ല്യൂ ബി റഷീദ് 42, പൂജാര സി വോക്സ് ബി റഷീദ് 51, കോഹ്ലി സി ബെയർസ്റ്റോ ബി സ്റ്റോക്സ് 62, രഹാനെ എൽബിഡബ്ല്യൂ ബി റഷീദ് 0, കരുൺ നായർ റൺ ഔട്ട് (ബട്ട്ലർ) 4, അശ്വിൻ സി ബട്ട്ലർ ബി സ്റ്റോക്സ് 72, ജഡേജ സി വോക്സ് ബി റഷീദ് 90, ജയന്ത് യാദവ് സി അലി ബി സ്റ്റോക്സ് 55, ഉമേഷ് യാദവ് സി ബെയർസ്റ്റോ ബി സ്റ്റോക്സ് 12, ഷാമി നോട്ടൗട്ട് 1. എക്സ്ട്രാസ് 16.

ആകെ 138.2 ഓവറിൽ 417നു പുറത്ത്.

ബൗളിംഗ്

ആൻഡേഴ്സൺ 21–4–48–0, വോക്സ് 24–7–86–0, അലി 13–1–33–0, റഷീദ് 38–6–118–4, സ്റ്റോക്സ് 26.2–5–73–5, ബാറ്റി 16–0–47–0

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ്

കുക്ക് ബി അശ്വിൻ 12, റൂട്ട് നോട്ടൗട്ട് 36, അലി സി ജയന്ത് ബി അശ്വിൻ 5, ബെയർസ്റ്റോ സി പട്ടേൽ ബി ജയന്ത് 15, സ്റ്റോക്സ് എൽബിഡബ്ല്യു ബി അശ്വിൻ 5, ബാറ്റി നോട്ടൗട്ട് 0. എക്സ്ട്രാസ് 5. ആകെ 38 ഓവറിൽ നാലിന് 78.

ബൗളിംഗ്; ഷാമി 7–2–17–0, ഉമേഷ് യാദവ് 1–0–7–0, അശ്വിൻ 12–3–19–3, ജഡേജ 12–4–18–0, ജയന്ത് യാദവ് 6–1–12–1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.