കോൽക്കത്ത സെമിയിൽ
കോൽക്കത്ത സെമിയിൽ
Tuesday, November 29, 2016 1:39 PM IST
കോൽക്കത്ത: പന്തടക്കത്തോടെ കോൽക്കത്തയും ഷോട്ടുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സും അരങ്ങു തകർത്ത മത്സരത്തിൽ ആവേശകരമായ സമനില. കേരളത്തിനായി എട്ടാം മിനിറ്റിൽ സി.കെ. വിനീതും കോൽക്കത്തയ്ക്കായി 18–ാം മിനിറ്റിൽ സ്റ്റീഫൻ പിയേഴ്സണുമാണ് ഗോളുകൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചതോടെ കോൽക്കത്ത സെമിയിലേക്കു യോഗ്യത നേടി. നാളെ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – ഡൽഹി ഡൈനാമോസ് മത്സരഫലമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ വിധി തീരുമാനിക്കുക. മത്സരത്തിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടാൽ നാളെ ബ്ലാസ്റ്റേഴ്സിനു സെമി ഉറപ്പിക്കാം. എന്നാൽ, നാളെ നോർത്ത് ഈസ്റ്റ് വിജയിക്കുകയാണെങ്കിൽ ഡിസംബർ നാലിനു കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് മത്സരത്തിലെ വിജയികളാകും അവസാന നാലിലേക്കു കുതിക്കുക. ഡൽഹിയും മുംബൈയും സെമിയിലെത്തി.

ആദ്യപകുതിയുടെ തുടക്കത്തിൽ കോൽക്കത്തയാണ് പന്ത് കൈവശം വച്ച് അപകടം വിതച്ചത്. സെമിപ്രവേശനമെന്ന ലക്ഷ്യംവച്ച് ശക്‌തമായ മുൻ നിരയെയാണ് ഇരുടീമും കളത്തിലിറക്കിയത്. ഹ്യും, ലാറ, പോസ്റ്റിഗ എന്നിവർ അത്ലറ്റിക്കോയ്ക്കു വേണ്ടിയിറങ്ങിയപ്പോൾ വിനീതും, ബെൻഫോർട്ടും റാഫിയും മഞ്ഞപ്പടയുടെ മുന്നേറ്റ നിരയ്ക്ക് ഊർജം പകർന്നു. തുടക്കത്തിൽത്തന്നെ കോൽക്കത്ത ആക്രമിച്ചപ്പോൾ മെഹ്താബ് ഹുസൈൻ ഫ്രികിക്ക് വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. എന്നാൽ, മുൻ കളികളിൽനിന്നും വ്യത്യസ്തമായി ബ്ലാസ്റ്റേഴസ് എട്ടാം മിനിറ്റിൽ കോൽക്കത്തയുടെ വല തുളച്ചു. ഇടതു ഭാഗത്തുനിന്നും മെഹ്താബ് ഉയർത്തിവിട്ട പന്തിൽ അപകടം ഒഴിവാക്കുന്നതിൽ കോൽക്കത്തൻ ഗോൾകീപ്പർ ദേവ്ജിത്തിനു പിഴച്ചു. സെഡ്രിക് ഹെംഗ്ബർട്ടിന്റെ പാസ് സി.കെ. വിനീത് മനോഹരമായി തലവച്ച് ഗോളിലേക്കു തിരിച്ചുവിട്ടു. മലയാളി താരത്തിന്റെ ഈ സീസണിലെ നാലാം ഗോൾ. ഗോൾ നേടിയതിന്റെ ആവേശത്തിൽ ബ്ലാസ്റ്റേഴ്സും സമനില ഗോളിനായി കോൽക്കത്തയും പൊരുതിയതോടെ കളി ആവേശത്തിലായി. 18–ാം മിനിറ്റിൽ കോൽക്കത്തൻ സംഘത്തിന്റെ മറുപടി ഗോൾ വന്നു. പോർച്ചുഗൽ താരം ഹെൽഡർ പോസ്റ്റിഗ കേരളത്തിന്റെ പ്രതിരോധത്തിനിടയിലൂടെ നൽകിയ പാസിൽ സ്റ്റീഫൻ പിയേഴ്സൺ ലക്ഷ്യം കണ്ടു. ആദ്യ സീസണിൽ കേരളത്തിന്റെ മഞ്ഞ ജഴ്സിയിലെ മിന്നും താരമായിരുന്നു പിയേഴ്സൺ. 27–ാം മിനിറ്റിൽ ബെൽഫോർട്ടിനു മികച്ച ഒരവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 38–ാം മിനിറ്റിൽ പോസ്റ്റിഗയുടെ ഹെഡർ നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിനു സുവർണാവസരം ലഭിച്ചത്. ഹോസുവിന്റെ ക്രോസിൽ എൻഡോയെയ്ക്കു തലപാകത്തിനു വന്നെങ്കിലും വലയിലേക്കു മറിക്കാൻ സാധിച്ചില്ല.


ആദ്യപകുതിയുടെ ആവേശം കെട്ടടങ്ങിയ പോലെയായിരുന്നു രണ്ടാം പകുതിയിൽ ഇരുടീമും. സമനിലയ്ക്കായുള്ള കളിയായപ്പോൾ വിരസതയേറി. കേരളത്തിനായി മുഹമ്മദ് റാഫിയുടെ ഷോട്ട് മാത്രമാണ് എടുത്തുപറയാൻ തക്കതായി പിറന്നത്. മെഹ്താബിന്റെ കോർണറിൽ നിന്നും വന്ന പന്തിൽ ഒരു ഹാഫ് വോളിയിൽ റാഫി ഷോട്ടടിച്ചെങ്കിലും കോട്ടലിന്റെ തടഞ്ഞു. കോട്ടലിന്റെ കൈകളിൽ തട്ടിയതിന് പെനാൽറ്റിക്കായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രമിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

പിന്നീട് ഇരുടീമും ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. സമനിലയോടെ ഇരുടീമിനും 13 കളികളിൽനിന്നും 19 പോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ കോൽക്കത്ത മൂന്നാം സ്‌ഥാനത്തും ബ്ലാസ്റ്റേഴ്സ് നാലാം സ്‌ഥാനത്തുമാണ്. ദക്ഷിണ അമേരിക്കൻ കപ്പ് ഫൈലിനായി കൊളംബിയയിലേക്കു പോകവെ അപകതത്തിൽപ്പെട്ടു മരിച്ച ബ്രസീലിയൻ ക്ലബ്ബായ ചാപ്പെകോയൻസിലെ താരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.