ടോക്കിയോയിൽ മെഡൽ നേടാനാകും: ശ്രീജേഷ്
ടോക്കിയോയിൽ മെഡൽ നേടാനാകും: ശ്രീജേഷ്
Wednesday, November 30, 2016 1:47 PM IST
തിരുവനന്തപുരം: നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ 2020–ലെ ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടാനാകുമെന്നു ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ പഴയ പ്രതാപകാലത്തേയ്ക്കു മടക്കിക്കൊണ്ടു പോകണം. നാൽപതു താരങ്ങളെ ഉൾപ്പെടുത്തി കോർഗ്രൂപ്പ് ഉണ്ടാക്കി ടോക്കിയോ ഒളിമ്പിക്സിനു തയാറെടുക്കുകയാണ്. ഇപ്പോൾ ലോക റാങ്കിംഗിൽ ആറാം സ്‌ഥാനത്തുള്ള ഇന്ത്യയെ നാലാം സ്‌ഥാനത്ത് എത്തിക്കുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.

ഒളിമ്പിക്സിനുള്ള തയാറെടുപ്പുകൾ ടീം തുടങ്ങി. എന്നാൽ നാലുവർഷമെന്നത് ഒത്തിരി ദൂരമുണ്ട്. നിലവിലുള്ള പല കളിക്കാരും മാറിയേക്കാം. താൻ തന്നെ ടീമിൽ ഉണ്ടാകണമെന്നില്ല. ജൂണിയർ താരങ്ങളെ ഉൾപ്പെടുത്തി കോർ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ചാമ്പ്യനാവുക എന്നത് ഒരു രാത്രി വെളുക്കുമ്പോൾ ഉണ്ടാവുകയില്ല. അതിനായി കഠിനമായി പ്രയത്നിക്കേണ്ടതുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. കേരളത്തിൽ ഹോക്കിക്കായി ഒരു അക്കാദമി ആരംഭിക്കുന്നതു മനസിലുണ്ട്. പക്ഷേ അതിനു നല്ല കളിക്കളവും ഹോസ്റ്റൽ സൗകര്യവും സാമ്പത്തികവുമെല്ലാം വേണം.


താൻ പഠിച്ചിറങ്ങിയ ജി.വി. രാജ സ്കൂളിനെ പ്രതാപകാലത്തേയ്ക്കു കൊണ്ടുവരുന്നതിനു സാധ്യമായത് ചെയ്യും. –ശ്രീജേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.