ഫൗൾ സ്റ്റാർട്ട് പിടികൂടാനും ദൂരമറിയാനും ഇക്കുറി ഇലക്ട്രോണിക് സംവിധാനം
Wednesday, November 30, 2016 1:47 PM IST
തിരുവനന്തപുരം: സംസ്‌ഥാന കായികോത്സവ ത്തിൽ ഇക്കുറി പുതിയ സംവിധാനങ്ങൾ വരുന്നു. സ്പ്രിന്റ് ഇനങ്ങളിൽ ഏറ്റവും വിവാദമാകാറുള്ള ഫൗൾ സ്റ്റാർട്ടുകൾ കൃത്യമായി മനസിലാക്കുന്നതിന് ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടിംഗ് സിസ്റ്റം സംസ്‌ഥാന സ്കൂൾ മീറ്റിൽ നടപ്പാക്കും. ഇതിനു പിന്നാലെ ത്രോ ഇനങ്ങളിലും ജംപ് ഇനങ്ങളിലും ദൂരം അളക്കുന്നതിനായി ഇലകട്രോണിക് ഡിസ്റ്റൻസ് മെഷറിംഗ് യൂണിറ്റും ഇക്കുറി ഉപയോഗിക്കും. മീറ്റിൽ കൂടുതൽ കൃത്യത ഉറപ്പാക്കുന്നതിനായാണ് പുത്തൻ സംവിധാനങ്ങൾ ഒരുക്കുന്നത്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. രണ്ടു ഉപകരണങ്ങളും മൂന്നെണ്ണം വീതം ഈ സംസ്‌ഥാന മീറ്റിൽ മത്സരങ്ങളിൽ ഉണ്ടാവും. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ആണ് ഈ ഉപകരണങ്ങൾ തേഞ്ഞിപ്പലത്തു നടക്കുന്ന സംസ്‌ഥാന സ്കൂൾ മീറ്റിനായി നല്കുന്നത്.

മുമ്പ് സംസ്‌ഥാന മീറ്റിൽ ഫൗൾ സ്റ്റാർട്ടുകൾ നിർണയിച്ചിരുന്നത് സ്റ്റാർട്ടറുടെ ഏകദേശ ധാരണയുടെ അടിസ്‌ഥാനത്തിലായിരുന്നു. ഇത് പലപ്പോഴും ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. ഓരോ ലെയിനിലുമുളള കായികതാരങ്ങളുടെ സ്റ്റാർട്ടിംഗ് ബ്ലോക്കിനോട് ചേർത്താണ് ഈ ഡിറ്റക്ടർ സ്‌ഥാപിക്കുക. സ്റ്റാർട്ടിംഗിൽ പിഴവുണ്ടായാൽ അപ്പോൾ തന്നെ വ്യക്‌തമാകും. ഫൗൾ ചെയ്തത് ഏതു ലെയിനിലെ താരമാണെന്നു സ്റ്റേഡിയത്തിൽ സ്‌ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ തെളിയുകയും ചെയ്യും.


ഇതോടെ ആരോപണങ്ങൾ ഇല്ലാതെ മത്സരങ്ങൾ ആരംഭിക്കാനും പൂർത്തിയാക്കാനും സാധിക്കും. ജാവലിൻ ത്രോ. ഷോട്ട് പുട്ട്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിൽ ദൂരം കൃത്യമായി അളക്കുന്നതിനായി ആണ് ഇക്കുറി ഇലകട്രോണിക് ഡിസ്റ്റൻസ് മെഷറിംഗ് യൂണിറ്റ് ഉപയോഗിക്കുക. സംസ്‌ഥാന സ്കൂൾ മീറ്റിൽ നിലവിൽ ഫോട്ടോ ഫിനിഷിംഗ് സംവിധാനം ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനു പിന്നാലെ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി ഉപയോഗിക്കുന്നത് മത്സരത്തിന്റെ കൃത്യത കൂടുതൽ ഉറപ്പുവരുത്താൻ സാധിക്കും.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.