സഞ്ജു സാംസണു കെസിഎുെട കാരണംകാണിക്കൽ നോട്ടീസ്
സഞ്ജു സാംസണു  കെസിഎുെട കാരണംകാണിക്കൽ നോട്ടീസ്
Thursday, December 1, 2016 1:45 PM IST
തിരുവനന്തപുരം : ഇന്ത്യൻ ജേഴ്സി അണിഞ്ഞ മലയാളി താരം സഞ്ജു .വി സാംസണു കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നല്കി. മുംബെയിൽ ഗോവയ്ക്കെതിരേ നടന്ന മത്സരത്തെത്തുടർന്ന് സ്ഞ്ജു അച്ചടക്കരഹിതമായി പെരുമാറിയെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കെസിഎ ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെയും ചുമതലപ്പെടുത്തി.

ഗോവയ്ക്കെതിരേ നടന്ന മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ സഞ്ജു മത്സരശേഷം ഡ്രെസിംഗ് റൂമിലെത്തി ബാറ്റ് തല്ലിത്തകർക്കുകയും ടീം മാനേജുമെന്റിനെ അറിയിക്കാതെ റൂം വിട്ടുപോവുകയും ചെയ്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. തുടർന്ന് ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനു മികവു പുലർത്താൻ സാധിച്ചില്ല. വീട്ടിൽ പോകണമെന്നു സഞ്ജു ആവശ്യപ്പെട്ടെന്നും എന്നാൽ പെട്ടെന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നു ടീം അധികൃതർ വ്യക്‌തമാക്കിയതായി കെസിഎ ട്രഷറർ ജയേഷ് ഇന്നലെ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. സഞ്ജുവിനു വീട്ടിൽ പോകാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്നു സഞ്ജുവിന്റെ പിതാവും കെസിഎ ഭാരവാഹികളുമായി വാക്കുതർക്കം ഉണ്ടായതായും ആരോപണമുണ്ട്.


സഞ്ജുവിന്റെ പ്രവൃത്തി സംബന്ധിച്ച് അന്വേഷണം നടത്താൻ കെസിഎ വൈസ് പ്രസിഡന്റ് ടി.ആർ. ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ഈ മാസം പകുതിയോടെ കമ്മിറ്റി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഈ രഞ്ജി സീസണിൽ ആദ്യ മത്സരത്തിൽ 154 റൺസും രണ്ടാം മത്സരത്തിൽ 47 റൺസും സഞ്ജു നേടിയിരുന്നു. എന്നാൽ അവസാന അഞ്ചു ഇന്നിംഗ്സുകളിൽ ഇരട്ടയക്കം കടക്കാൻ സാധിച്ചില്ല. രണ്ടു വട്ടം പൂജ്യത്തിനു പുറത്താവുകയും ചെയ്തു. ഇതെല്ലാം താരത്തിന് ഏറെ മാനസിക പിരിമുറുക്കം ഉണ്ടാക്കിയതായും പറയപ്പെടുന്നു. ഈ സീസണിലെ ഏഴു മത്സരങ്ങളിൽ നിന്നായി 334 റൺസു മാത്രമാണ് ഈ തിരുവനന്തപുരം സ്വദേശിക്ക് നേടാൻ സാധിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.