സംസ്‌ഥാന സ്കൂൾ കായികോത്സവം; നാളെ കൊടിയേറും
സംസ്‌ഥാന സ്കൂൾ കായികോത്സവം; നാളെ കൊടിയേറും
Thursday, December 1, 2016 1:45 PM IST
മലപ്പുറം: അറുപതാമത് സംസ്‌ഥാന സ്കൂൾ കായികോത്സവം നാളെ മുതൽ ആറുവരെ കാലിക്കട്ട് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ഒൻപതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ പി.അബ്ദുൾ ഹമീദ് എംഎൽഎ അധ്യക്ഷനാവും. ഒളിമ്പ്യൻ പി.ടി. ഉഷ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്, ഒളിമ്പ്യൻ കെ.ടി. ഇർഫാൻ എന്നിവർ വിശിഷ്ടാതിഥികളാ വും. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ ടി.വി.ഇബ്രാഹിം, വി.അബ്ദുറഹിമാൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കെ. മുഹമ്മദ് ബഷീർ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ, അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ അക്കഡേമിക്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി.സഫറുള്ള, കാലിക്കട്ട് യൂണിവേഴ്സിറ്റി കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, സ്പോർട്സ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ചാക്കോ ജോസഫ് എന്നിവർ പങ്കെടുക്കും. കായികോത്സവം ലോഗോ രൂപകൽപ്പന ചെയ്ത ബാപ്പുട്ടി കോട്ടയ്ക്കലിന് ഒളിമ്പ്യൻ കെ.ടി.ഇർഫാൻ സമ്മാനം നല്കും. സബ് ജൂണിയർ, ജൂണിയർ, സീനിയർ, ആൺ, പെൺ വിഭാഗങ്ങളിലായി 2581 കുട്ടികൾ 95 ഇനങ്ങളിലായി ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

കൂടുതൽ താരങ്ങളെത്തുന്നത് തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നാണ്. 350 ഒഫീഷ്യൽസും പങ്കെടുക്കും. ആദ്യദിനം രാവിലെ ഏഴിനാണ് മത്സരങ്ങൾ തുടങ്ങുക. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.30നു മത്സരങ്ങൾ ആരംഭിക്കും. നാളെ 18 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ഇക്കൊല്ലംമുതൽ കായികമേള–സ്കൂൾ കായികോത്സവം എന്ന പേരിലാണ് അറിയപ്പെടുക. ഫോട്ടോഫിനിഷ് കാമറ, ഇലക്്ട്രോണിക് മെഷറർ, ഫാൾസ് സ്റ്റാർട്ട് ഡിറ്റക്ടർ സിസ്റ്റം എന്നീ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടു കൂടിയാണ് ഇത്തവണത്തെ കായികോത്സവം നടക്കുന്നത്. സംസ്‌ഥാന സ്കൂൾ കായികോത്സവത്തിൽ നിന്നു യോഗ്യത നേടുന്ന കായികതാരങ്ങൾ 62–ാമത് ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ അണ്ടർ 14 മത്സരങ്ങൾ ഈമാസം രണ്ടാംവാരം മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കും. അണ്ടർ 17 വിഭാഗത്തിൽ 2017ൽ ജനുവരി ഒന്നാംവാരം തെലുങ്കാന രംഗറെഡ്ഡിയിലും അണ്ടർ 19 വിഭാഗം 2017ൽ ജനുവരി നാലു മുതൽ ഏഴുവരെ മഹാരാഷ് ട്രയിലെ പൂനയിലും നടക്കും.


ജനകീയകായികമേളയാക്കാൻ തേഞ്ഞിപ്പലം

പുതിയ ദൂരവും ഉയരവും കണ്ടെത്താൻ മലപ്പുറത്തെത്തുന്ന കായികതാരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പി.അബ്ദുൾ ഹമീദ് എംഎൽഎ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെയുള്ള ജനകീയകായികോത്സവമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പരിഷ്കരണത്തെത്തുടർന്നുള്ള പ്രതിസന്ധി കായികോത്സവത്തെ ബാധിക്കില്ലെന്നു എംഎൽഎ പറഞ്ഞു. കായികോത്സവം നീട്ടി വയ്ക്കാൻ കഴിയില്ല. നോട്ട് പ്രശ്നത്തെത്തുടർന്നുള്ള സാമ്പത്തികഞെരുക്കത്തെ അതിജീവിക്കാൻ സംഘാടകസമിതി മുൻകരുതലുകൾ എടുത്തിരുന്നു. 60 ലക്ഷം രൂപയാണ് കായികോത്സവത്തിനുള്ള ചെലവ് വകയിരുത്തിയിരിക്കുന്നത്. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി 18 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മത്സരഫലം ംംം.രെവീീഹെുീൃേെ.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവിജയികൾക്ക് (ഒന്നും രണ്ടും മൂന്നും സ്‌ഥാനക്കാർക്ക്) യഥാക്രമം 1500, 1250, 1000 എന്നീ ക്രമത്തിൽ കാഷ് അവാർഡും ഓരോ വിഭാഗത്തിലുള്ള വ്യക്‌തിഗതചാമ്പ്യൻമാർക്ക് നാലു ഗ്രാം സ്വർണമെഡലും സംസ്‌ഥാന സ്കൂൾ റിക്കാർഡ് ഭേദിക്കുന്നവർക്ക് 4000 രൂപ ക്യാഷ് അവാർഡും ദേശീയ റിക്കാർഡ് ഭേദിക്കുന്നവർക്ക് 10000 രൂപ കാഷ് അവാർഡും നൽകുന്നുണ്ട്.

സംസ്‌ഥാന തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു വിദ്യാലയങ്ങൾക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കിൽ കാഷ് അവാർഡ് നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.