എൽ ക്ലാസിക്കോ ജ്വരം; സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്
എൽ ക്ലാസിക്കോ ജ്വരം; സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്
Friday, December 2, 2016 1:40 PM IST
ബാഴ്സലോണ: ഫുട്ബോൾ പ്രണയികൾക്ക് ഇന്ന് ആനന്ദോത്സവം. ഇന്ന് പോരാട്ടങ്ങളുടെ പോരാട്ടം. സ്പാനിഷ് വമ്പന്മാരുടെ പോരാട്ടം –എൽ ക്ലാസിക്കോയിൽ ഇന്ന് റയൽ മാഡ്രിഡ് ബാഴ്സലോണയുമായി കൊമ്പുകോർക്കും. ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പിൽ നടക്കുന്ന എൽക്ലാസിക്കോ രണ്ടു ടീമിനും വളരെ പ്രധാനപ്പെട്ടതാണ്. ലാ ലിഗയിൽ മികവിലെത്താൻ വിഷമിക്കുന്ന ബാഴ്സലോണയ്ക്കു റയലിനെതിരേ നേടുന്ന ജയം ആത്മവിശ്വാസം കൂട്ടും. തോൽവിയാണ് നേരിടുന്നതെങ്കിൽ ബാഴ്സലോണയ്ക്ക് ഈ പ്രാവശ്യം കിരീടം ഒരുപക്ഷേ റയലിനു മുന്നിൽ ലീഗ് കിരീടം അടിയറ വയ്ക്കേണ്ടിവരും. അഞ്ചു വർഷമായി ലാ ലിഗ കിരീടം അകന്നു നിൽക്കുന്ന റയൽ ഇത്തവണ കിരീടമാണ് ലക്ഷ്യമിടുന്നത്. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത റയൽ വിജയം നേടിയാൽ റിക്കാർഡ് കാത്തു സൂക്ഷിക്കാനും ഒപ്പം പോയിന്റുനിലയും മെച്ചപ്പെടുത്താം.

രണ്ടാമതുള്ള ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. കഴിഞ്ഞ സീസണിൽ സാന്റിയാഗോ ബർണേബുവിലേറ്റ 4–0ന്റെ പരാജയത്തിനു ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ 2–1ന് തോൽപ്പിച്ചുകൊണ്ട് റയൽ പകരംവീട്ടി. അതുകൊണ്ടു തന്നെ ബാഴ്സലോണയ്ക്ക് ചിരവൈരികളിൽനിന്നേറ്റ പരാജയത്തിനു മറുപടിയും നൽകേണ്ടതുണ്ട്.

നിലവിൽ ലാ ലിഗയിൽ ബാഴ്സലോണ മികച്ച ഫോമിലല്ല. അവസാന രണ്ടു മത്സരം സമനിലയായിരുന്നു. റയലാണെങ്കിൽ നാലു തുടർ ജയത്തോടെ മികവിലാണ്. ടീമിലാർക്കും പരിക്കില്ലെന്നത് ബാഴ്സയ്ക്ക് ആശ്വാസമാണ്. നായകൻ ആന്ദ്രെ ഇനിയെസ്റ്റയുടെ തിരിച്ചുവരവും ബാഴ്സയുടെ മധ്യനിരയിൽ ഉണർവാകും. എന്നാൽ റയലിന്റെ പ്രധാന താരങ്ങൾക്കേറ്റ പരിക്ക് അവരെ എത്രമാത്രം ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ഗാരത് ബെയ്ലിനു പരിക്കിനെത്തുർന്ന് രണ്ടു മാസം കളത്തിലിറങ്ങാനാവില്ല. മധ്യനിരയിലെ ടോണി ക്രൂസിന്റെ കാൽപ്പാദത്തിലെ എല്ല് പൊട്ടിയതിനെത്തുടർന്ന് ബാഴ്സയ്ക്കെതിരേ ഇറങ്ങില്ല.


രണ്ടു മാസം കാലിനു പരിക്കേറ്റതിനെത്തുടർന്ന് പുറത്തിരുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ കസേമിറോ ബാഴ്സലോണയ്ക്കെതിരേ ഇറങ്ങുമെന്നാണ് കരുതുന്നത്.



മെസി– റൊണാൾഡോ

* എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ലയണൽ മെസി 21

* 32 മത്സരങ്ങളിലിറങ്ങിയ മെസി 13 ഗോളുകൾക്ക് വഴിയുമൊരുക്കി

* 15 മത്സരങ്ങളിൽവിജയിച്ചു.

* കഴിഞ്ഞ അഞ്ച് എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ മെസിക്കു സ്കോർ ചെയ്യാനായിട്ടില്ല.

* റൊണാൾഡോ ബർണാബുവിൽ നേടിയ ഗോളിനേക്കാൾ ഗോൾ ന്യൂകാമ്പിൽ 16 ഗോളുകളിൽ പത്തും ന്യൂകാമ്പിൽ.

* ബാഴ്സയ്ക്കെതിരേ ഗോൾ നേടിയവരുടെ റയൽ താരങ്ങളിൽ റൊണാൾഡോ രണ്ടാമൻ. ആൽഫ്രെഡോ ഡി സ്റ്റെഫാനോ 18 ഗോളുമായി മുന്നിൽ.

* 25 തവണ ഏറ്റുമുട്ടിയതിൽ വിജയം ഏഴു മാത്രം.

* 25 മത്സരങ്ങളിൽ ഒരു ഗോളിനു മാത്രമാണ് റൊണാൾഡോ വഴിയൊരുക്കിയത്.


ചാമ്പ്യൻഷിപ്പ്, മത്സരം റയൽ, ബാഴ്സ, സമനില

ലാ ലിഗ – 172, 72, 68, 32

കോപ്പ ഡെൽ റേ – 33, 12, 14, 7

കോപ്പ ഡെ ലാ ലിഗ – 12, 6, 4, 2

സൂപ്പർ കോപ്പ – 12, 6, 4, 2

ചാമ്പ്യൻസ് ലീഗ് –8, 3, 2, 3

ആകെ –231, 93, 90, 48
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.