ബിബിന് സ്വർണത്തോടെ മടക്കം
ബിബിന് സ്വർണത്തോടെ മടക്കം
Saturday, December 3, 2016 2:34 PM IST
തേഞ്ഞിപ്പലം: തന്റെ അവസാന മീറ്റിനിറങ്ങിയ ബിബിൻ ജോർജ് മാർ ബേസിൽ സ്കൂളിനു നേടിക്കൊടുത്തത് മീറ്റിലെ ആദ്യസ്വർണമാണ്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിൽ 15 മിനിറ്റ് 17.4 സെക്കൻഡിലാണ് ബിബിൻ സ്വർണം ഓടിയെടുത്തത്. പ്ലസ്ടുക്കാരനായ ബിബിന്റെ അവസാന സ്കൂൾ മീറ്റാണിത്.15 മിനിറ്റ് 17.4 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം സായ്യുടെ അഭിനന്ദ് സുന്ദരേശനാണ് വെള്ളി. പാലക്കാട് പറളി സ്കൂളിന്റെ പി. എൻ. അജിത്ത് 15 മിനിറ്റ് 19.2 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി വെങ്കലം നേടി.

സീനിയർ പെൺകുട്ടികളിളുടെ 3000 മീറ്ററിൽ റിക്കാർഡോടെ സ്വർണം നേടിയ പാലക്കാട് കല്ലടി എച്ച്എസിലെ സി.ബബിതയുടെ പ്രകടനമായിരുന്നു ഒന്നാം ദിവസത്തെ മുഖ്യ ആകർഷണം. ഒമ്പതു മിനിറ്റ് 37.2 സെക്കൻഡിൽ വിജയരേഖ കടന്ന ബബിത ദേശീയ റിക്കാർഡിനേക്കാൾ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ തകർന്നത് പറളിയുടെ പി. യു. ചിത്രയുടെ പേരിലുണ്ടായിരുന്ന ഒമ്പതു മിനിറ്റ് 54.90 സെക്കൻഡിന്റെ റിക്കാർഡാണ്. 2006ൽ പൂനയിൽ കേരളത്തിന്റെ ഷമീനാ ജബ്ബാർ കുറിച്ച ഒമ്പതു മിനിറ്റ് 55.62 സെക്കൻഡിന്റെ ദേശീയ റിക്കാർഡ് മറികടന്ന പ്രകടനമാണ് രണ്ടാമതെത്തിയ മാർ ബേസിലിന്റെ അനുമോൾ തമ്പിയും കാഴ്ചവച്ചത്. ഒമ്പതു മിനിറ്റ് 39.5 സെക്കൻഡിലാണ് അനുമോൾ മത്സരം പൂർത്തിയാക്കിയത്. ഇടുക്കി വെള്ളയാംകുടി സ്കൂളിലെ സാന്ദ്ര. എസ്. നായർക്കാണ് വെങ്കലം. കഴിഞ്ഞ സംസ്‌ഥാന സകൂൾ മീറ്റിൽ 800,1500 വിഭാഗങ്ങളിൽ വെള്ളി നേടിയ ബബിത കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ 3000 മീറ്ററിൽ സ്വർണം നേടിയിരുന്നു. പ്ലസ്ടുക്കാരിയായ ബബിതയുടെയും അവസാന സ്കൂൾ മീറ്റാണിത്.


3000 മീറ്റർ ജൂനിയർ ആൺകുട്ടികളിൽ മാർ ബേസിലിന്റെ ആദർശ് ഗോപി പൊന്നണിഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിയായ ആദർശ് എട്ടു മിനിറ്റ് 55.8 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തന്റെ ആദ്യ സംസ്‌ഥാന സ്കൂൾ മീറ്റ് സ്വർണമണിഞ്ഞത്. മലപ്പുറം കുനിയിൽ അൽ–അൻവാർ സ്കൂളിലെ കെ.മുഹമ്മദ് അഫാൻ ഒമ്പതു മിനിറ്റ്13 സെക്കൻഡിൽ ഫിനിഷ് ചെയ്തു വെള്ളി നേടി. പാലക്കാട് മാത്തൂർ സിഎഫ്ഡിവിഎച്ച്എസിഎസിലെ കെ.എ. അഖിൽ ഒമ്പതു മിനിറ്റ് 16.2 സെക്കൻഡിൽ വെങ്കലം കരസ്‌ഥമാക്കി.

കഴിഞ്ഞ വർഷം നാലാമതെത്തിയ ആദർശ് ഇക്കുറി പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ സംസ്‌ഥാന സ്കൂൾ മീറ്റിനു ശേഷം കാലിന്റെ എല്ലിനു പൊട്ടലേറ്റതിനാൽ ദേശീയമീറ്റ് ആദർശിനു നഷ്‌ടമായിരുന്നു. ഇരിട്ടി, ഈന്തുംകരി അങ്ങാടിക്കടവിൽ ഗോപിയുടെയും പ്രമീളാ ഗോപിയുടെയും മകനായ ആദർശ് ഈ വിജയം തന്റെ മാതാപിതാക്കൾക്കും പരിശീലക ഷിബി മാത്യുവിനും സമർപ്പിക്കുന്നതായി പറഞ്ഞു. പല പല മീറ്റുകളിൽ ധാരാളം മെഡലുകൾ വാരിയിട്ടുള്ള ആദർശിന്റെ മൂന്നാം സംസ്‌ഥാന സ്കൂൾ മീറ്റാണിത്. ആദർശിന്റെ രണ്ടു സഹോരന്മാരിലൊരാളായ ഹർഷിത് അനുജന്റെ പാത പിന്തുടർന്ന് ഇത്തവണ ട്രാക്കിലിറങ്ങുന്നുണ്ട്. അഞ്ചു കിലോമീറ്റർ നടത്തത്തിലാണ് ഹർഷിത്ത് മത്സരിക്കാനിറങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.