കൊമ്പുകുലുക്കി സെമിയിൽ
കൊമ്പുകുലുക്കി സെമിയിൽ
Sunday, December 4, 2016 12:47 PM IST
കൊച്ചി: മഞ്ഞലയിൽ കുളിച്ച കൊച്ചിയുടെ കൊമ്പന്മാർ സെമിയിലേക്ക് മാർച്ച് ചെയ്തു. ആർത്തിരമ്പിയ അനേകരെ സാക്ഷിനിർത്തി ബ്ലാസ്റ്റേഴ്സ് കുതിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് ഒരു ഗോളിന് പരാജയപ്പെടാനായിരുന്നു വിധി. അതും മലായാളിയുടെ സ്റ്റാമ്പ് പതിച്ച ഗോളിൽ. ഇനി ബ്ലാസ്റ്റേഴ്സ് കൊമ്പു കോർക്കേണ്ടത് ഡൽഹി ഡൈനാമോസുമായി. മികച്ച് പാസിംഗ് ഗെയിം പുറത്തെടുത്ത കൊച്ചിയുടെ കൊമ്പന്മാർ നോർത്ത് ഈസ്റ്റ് താരങ്ങളെ വെള്ളം കുടിപ്പിച്ചു. 66–ാം മിനിറ്റിന്റെ മലയാളത്തിന്റെ മുത്ത് സി.കെ. വിനീത് നേടിയ മനോഹരമായ ഗോൾ നോർത്ത് ഈസ്റ്റിന് പുറത്തേക്കുള്ള വഴിയൊരുക്കി.

മികച്ച മുന്നേറ്റത്തിലൂടെ മത്സരത്തിന്റ മൂന്നാം മിനിറ്റിൽ ഗോളിനടുത്തെത്തിയെങ്കിലും ആദ്യശ്രമം പാളി. ഡക്കൻസ് നാസണിന്റെ ഒറ്റയാൾ മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ദുർബലമായ ഷോട്ട് ഗോളി തടഞ്ഞിട്ടു. മുന്നേറ്റ നിരയിൽ നാസണിനൊപ്പം കളിച്ച മുഹമ്മദ് റാഫിക്ക് പലപ്പോഴും പന്ത് ലഭിച്ചില്ല. ആദ്യ 15 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരക്കാരായ ബെൽഫോർട്ടും നാസണും ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റമൊന്നും പറയാനുണ്ടായില്ല. 17–ാം മിനിറ്റിൽ ബോക്സിന് വെളിയിൽനിന്ന് വടക്കൻ ടീമിന്റെ സെത്യാസൻ സിംഗ് തൊടുത്ത ഷോട്ട് വലയിലാകാൻ മാത്രം ശക്‌തിയുള്ളതായിരുന്നില്ല. മുൻ ആഴ്സണൽ താരം ഗ്രഹാം സ്റ്റാക്ക് ഭദ്രമായി അത് കൈപ്പിടിയിൽ ഒതുക്കി. 19–ാം മിനിറ്റിൽ ഒറ്റപ്പെട്ടു നിന്നിരുന്ന അൽഫാരോയെ തേടിയെത്തിയ പാസ് ഇടതു വിംഗിൽനിന്ന് റിനോ വിദഗ്ധമായി ബ്ലോക്ക് ചെയ്തു. 20–ാം മിനിറ്റിൽ ഫ്രീ കിക്ക്. റിനോയുടെ ഫൗളിനെതുടർന്ന് നോർത്ത് ഈസ്റ്റിന് ലഭിച്ച ഫ്രീകിക്ക് ഗ്രഹാം സ്റ്റാക്ക് കൈപ്പിടിയിലാക്കി. കറ്റ്സുമി യൂസയുടെ കൃത്യതയാർന്ന പാസുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് തലവേദനയായി. 30–ാം മിനിറ്റിൽ വിനീതിന്റെ ക്രോസ് നസോണിന് കണക്ട് ചെയ്യാൻ പറ്റിയില്ല. 32–ാം മിനിറ്റിൽ അപകടകരമായേക്കാവുന്ന ഒരു ഫ്രീ കിക്ക് നോർത്ത് ഈസ്റ്റിന് ലഭിച്ചു. പക്ഷേ ഐവറി കോസ്റ്റ് താരം റൊമാരിക് എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. 35–ാം മിനിറ്റിൽ നാസണിനെ നിർമൽ ഛേത്രി ഫൗൾ ചെയ്തതിനെ തുടർന്ന് ബോക്സിന്റെ ഇടതുഭാഗത്തു വച്ച് ഫ്രീകിക്ക് ലഭിച്ചു. വിനീത് എടുത്ത ഫ്രീകിക്കിന് ലക്ഷ്യം കാണാനായില്ല.


45–ാം മിനിറ്റിൽ ജപ്പാൻ താരം കത്സുമി യുസയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിന് മുകളിലൂടെ വെളിയിലേക്ക് പോയി. അതോടെ ആദ്യപകുതി ഗോൾ രഹിതമായി കടന്നുപോയി.

രണ്ടാം പതുതിയിൽ 66–ാം മിനിറ്റിൽ കേരളം കാത്തിരുന്ന ഗോളെത്തി. റാഫി നൽകിയ പന്തുമായി വിനിത് ഇടതുവിംഗിലൂടെ നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് ഒറ്റയ്ക്ക് കടന്നുകയറി. ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് മുന്നേറി പ്രതിരോധ ഭിത്തിക്കിടയിലൂടെ വിനീതിന്റെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ. ബ്ലാസ്റ്റേഴ്സിനായി ഈ സീസണിലെ വിനീതിന്റെ അഞ്ചാം ഗോൾ. 67–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഒറ്റയ്ക്ക് ഡ്രിബിൾ ചെയ്തു കയറിയ ബെൽഫോർട്ടിന്റെ ശ്രമം രഹനേഷ് കൈയ്യിലൊതുക്കി. തുടർന്നും കേരളം നല്ല നീക്കങ്ങൾ നടത്തിയെങ്കിലും ലീഡ് വർധിപ്പിക്കാനായില്ല. സക്കോറയുമായി ഏറ്റുമുട്ടിയതിന് കേരളത്തിന്റെ ഹെയ്തി താരം ബെൽഫോർട്ടിന് മഞ്ഞക്കാർഡ് ലഭിച്ചു. 80–ാം മിനിറ്റിൽ ബ്രസീൽ ഡിഫൻഡർ മെയിൽസൻ ആൽവസ് കോർണർ മുതലാക്കി തലവച്ചെങ്കിലും ഉജ്വലമായൊരുസേവിലൂടെ ഗ്രഹാം സ്റ്റാക്ക് ലീഡ് കാത്തു. നോർത്ത് ഈസ്റ്റിന്റെ സെത്യാസൻ സിംഗ് നടത്തിയ പല നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 84–ാം മിനിറ്റിൽ സ്റ്റേഡിയം ഒരിക്കൽ കൂടി പൊട്ടിത്തെറിച്ചു. ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കിന്റെ കിക്ക് മുന്നേറ്റ നിരയിൽനിന്നിരുന്ന ജെർമെയ്നെ തേടിയെത്തി. ഡിഫൻഡറെ മറികടന്ന് ഗോളിയെ കബളിപ്പിച്ച് ജെർമെയ്ൻ പന്ത് വലയിലാക്കിയെങ്കിലും ഫൗൾ വിസിൽ ഉയർന്നിരുന്നു. നാല് മിനിറ്റ് അധികസമയം ലഭിച്ചെങ്കിലും നോർത്ത് ഈസ്റ്റിന് ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തി ക്കാൻ കഴിഞ്ഞില്ല. ഫൈനൽ വിസിൽ മുഴങ്ങിയതോടെ സ്റ്റേഡിയം ആഹ്ലാദാരവത്താൽ നിറഞ്ഞു.

ബ്ലാസ്റ്റേഴ്സ് സെമിയിൽ. മത്സരശേഷം നോർത്ത് ഈസ്റ്റിന്റെ താരം റൊമരിക് റഫറി മുഹമ്മദ് തക്കിയുമായി ഏറ്റുമുട്ടി. 55 ശതമാനം ബോൾ പൊസിഷനുമായി നോർത്ത് ഈസ്റ്റിനായിരുന്നു മേധാവിത്വം. എന്നാൽ, അവർ ഉതിർത്ത 12 ഷോട്ടിൽ മൂന്നെണ്ണം മാത്രമായിരുന്നു ഗോൾ പോസ്റ്റ് ലക്ഷ്യംവച്ചത്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ എട്ട് ശ്രമങ്ങൾ നോർത്ത് ഈസ്റ്റ് ഗോൾപോസ്റ്റിനെ പരീക്ഷിച്ചു. സി.കെ.വിനീതമാണ് മാൻ ഓഫ് ദി മാച്ച്.

ബേസിൽ ആലങ്ങാടൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.