താരം അപർണ
താരം അപർണ
Monday, December 5, 2016 2:06 PM IST
തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ ഗെയിംസിന്റെ മൂന്നാം ദിനം ഉച്ചയ്ക്ക് ശേഷം നടന്ന ഹർഡിൽസ് മത്സരങ്ങളിൽ കോഴിക്കോടിന്റെയും കോട്ടയത്തിന്റെയും ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്. ആറു ഫൈനലുകളിൽ രണ്ടു വീതം സ്വർണം ഇരു ജില്ലകളും നേടി. എറണാകുളവും മലപ്പുറവുമാണ് അവശേഷിച്ച സ്വർണത്തിന്റെ അവകാശികൾ. സബ്ജൂണിയർ ആൺകുട്ടികളിൽ കോതമംഗലം സെന്റ് ജോർജിന്റെ മണിപ്പൂരി താരം വാരിഷ് ബോഗിമായൂമിന്റെ ഡബിൾ നേട്ടത്തോടെയാണ് ഹർഡിൽസ് മത്സരം ആരംഭിച്ചത്. 80 മീറ്റർ ഹർഡിൽസിൽ 11.44 സെക്കൻഡിലാണ് വാരിഷ് സ്വർണമണിഞ്ഞത്. മലപ്പുറത്തിന്റെ താരങ്ങളായ ടി. ശ്രീരാഗ്(11.89 സെക്കൻഡ്) വെള്ളിയും മുഹമ്മദ് ഹനാൻ(11.90 സെക്കൻഡ്) വെങ്കലവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസിന്റെ ജോസ്ന ജോസഫിനാണ് സ്വർണം. സമയം 13.20 സെക്കൻഡ്. ജൂണിയർ പെൺകുട്ടികളിൽ മിന്നുന്ന കുതിപ്പുമായി കോഴിക്കോടിന്റെ അപർണാ റോയി ട്രാക്കിലെ താരമായി. 14.29 സെക്കൻഡിന്റെ റിക്കാർഡ് സമയത്തിലാണ് അപർണയുടെ സ്വർണനേട്ടം. ഈ കുതിപ്പിൽ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റ്യൻ 2013–ൽ സ്ഥാപിച്ച 14.93 റിക്കാർഡാണ് തകർന്നടിഞ്ഞത്. ഇതിനു പുറമേ സ്വന്തം പേരിൽ അപർണ കഴിഞ്ഞ വർഷം സ്ഥാപിച്ച 14.49 എന്ന ദേശീയ റിക്കാർഡും പഴങ്കഥയായി. ജൂണിയർ ആൺകുട്ടികളിലും സ്വർണം കോഴിക്കോടിനാണ്. 13.73 സെക്കൻഡിൽ കോഴിക്കോട് സായിയിലെ വി.കെ. മുഹമ്മദ് ലസാൻ സ്വർണമണിഞ്ഞു. പാലക്കാടിന്റെ ശ്രീരാഗ്(14 സെക്കൻഡ്) വെള്ളിയും വയനാടിന്റെ വിനായകൻ കെ വിക്രം(14.11 സെക്കൻഡ്) വെങ്കലവും നേടി. സീനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസ് പെൺകുട്ടികളിൽ ഡൈബിയുടെ പിൻഗാമിയായി കോട്ടയം ഭരണങ്ങാനം സെന്റ്.മേരീസ് എച്ച്എസ്എസിലെ അഞ്ജലി തോമസ് സ്വർണം നേടിയപ്പോൾ(സമയം 15.19 സെക്കൻഡ്) പാലക്കാടിന്റെ കെ. വിൻസി വെള്ളിയും കോട്ടയത്തിന്റെ തന്നെ കാർത്തിക മോഹൻ വെങ്കലവും നേടി. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർവിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ എൻ.വി. സഹദിനാണ് സ്വർണം. സമയം 14.88 സെക്കൻഡ്.


അജിത് ജി. നായർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.