ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് 2.83 കോടി രൂപ ചെലവഴിക്കാൻ ബിസിസിഐക്ക് അനുമതി
ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് 2.83 കോടി രൂപ ചെലവഴിക്കാൻ ബിസിസിഐക്ക് അനുമതി
Wednesday, December 7, 2016 1:36 PM IST
ന്യൂഡൽഹി: ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയ്ക്കായി 2.83 കോടി രൂപ ചെലവഴിക്കാൻ ബിസിസിഐക്കു സുപ്രീം കോടതിയുടെ അനുമതി. രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി 1.33 കോടി രൂപയും മൂന്ന് ഏകദിന മത്സരങ്ങൾക്കും മൂന്ന് 20–20 മത്സരങ്ങൾക്കുമായി 25 ലക്ഷം രൂപ വീതവും അനുവദിക്കാനും കോടതി ഉത്തരവിട്ടു. ബിസിസിഐയുടെ ഇടക്കാല അപേക്ഷ പരിഗണിച്ച് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക അനുമതി നൽകിയത്.

ബോർഡ് പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാത്തതു ചൂണ്ടിക്കാട്ടി വലിയ തുകകളും കരാറുകളും ഏർപ്പെടുത്തുന്നതിൽ ബിസിസിഐക്ക് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളുടെ ചെലവുകളിലേക്കായി 1.33 കോടി രൂപ അതാത് സംസ്‌ഥാന അസോസിയേഷനുകൾക്ക് വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചത്.


ഡിസംബർ മൂന്നിനു മുമ്പ് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ഇന്നലെ കേസ് പരിഗണിക്കവേ കോടതി ഇക്കാര്യത്തിൽ തീരുമാനം ആരാഞ്ഞെങ്കിലും ബിസിസിഐ പ്രതികരണം അറിയിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.