ജൂണിയർ ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം
ജൂണിയർ ഹോക്കി ലോകകപ്പിന് ഇന്നു തുടക്കം
Wednesday, December 7, 2016 1:36 PM IST
ലക്നോ: പതിനഞ്ചു വർഷത്തിനു ശേഷം ഒരിക്കൽക്കൂടി ജൂണിയർ ഹോക്കി ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദുർബലരായ കാനഡയെ നേരിടും. പുരുഷന്മാരുടെ 15–ാമത് ജൂണിയർ ഹോക്കി ലോകകപ്പിനു ലക്നോയാണ് വേദിയാകുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ജൂണിയർ ലോകകപ്പിനു വേദിയാകുന്നത്. 2013ലെ ലോകകപ്പ് ന്യൂഡൽഹിയിലാണ് നടന്നത്. കാനഡയ്ക്കെതിരേയുള്ള ആദ്യ മത്സരം ജയിച്ച് ജയത്തോടെ തുടങ്ങാനാണ് ഇന്ത്യയുടെ യുവതാരങ്ങൾ ലക്ഷ്യമിടുന്നത്. ഹരേന്ദ്ര സിംഗ് പരിശീലപ്പിക്കുന്ന ഇന്ത്യൻ ടീം ടൂർണമെന്റിലേറ്റവും പരിചയസമ്പന്നത്തും സന്തുലിതവുമായ ടീമാണ്. ഹോക്കി ഇന്ത്യ ലീഗിൽ കളിക്കുന്നവരാണ് ടീമിലെ പലരും.

2001ൽ ചാമ്പ്യന്മാരായ ഇന്ത്യക്ക് പിന്നീടു നടന്ന മൂന്ന് എഡിഷനുകളിലും (2005, 2009, 2013) ഫൈനലിലെത്താൻ ഇന്ത്യക്കായില്ല. 2005ൽ സെമി ഫൈനലിലെത്തിയെങ്കിലും നാലാം സ്‌ഥാനത്തെത്താനേ സാധിച്ചുള്ളൂ. നിലവിൽ ജർമനിയാണ് ചാമ്പ്യന്മാർ. ഫ്രാൻസിനെ തോൽപ്പിച്ചാണ് ജർമനി ആറാം തവണയും ജൂണിയർ കിരീടത്തിൽ മുത്തമിട്ടത്. ഈ ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് ഇന്ത്യയാണെന്ന് ജർമൻ പരിശീലകൻ വാലന്റൈൻ ഓൾട്ടൻബർഗ് പറഞ്ഞു.


നാലു ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണു മത്സരിക്കുന്നത്. ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്കൊപ്പം കാനഡ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ആദ്യ ദിനം ന്യൂസിലൻഡ്–ജപ്പാൻ (പൂൾ സി), ജർമനി–സ്പെയിൻ (പൂൾ സി), ഇംഗ്ലണ്ട്–ദക്ഷിണാഫ്രിക്ക (പൂൾ ഡി) മത്സരങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.