ബാഴ്സയ്ക്കും ആഴ്സണലിനും ജയം
ബാഴ്സയ്ക്കും ആഴ്സണലിനും ജയം
Wednesday, December 7, 2016 1:36 PM IST
ബാഴ്സലോണ/ബാസൽ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ തകർപ്പൻ പോരാട്ടത്തിനൊടുവിൽ ഉജ്വല ജയത്തോടെ ബാഴ്സലോണയും ആഴ്സണലും ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ പ്രീക്വാർട്ടർ ഉറപ്പിച്ചവരാണ് ഇരുകൂട്ടരും. ബാഴ്സലോണയ്ക്ക് ആർദാ ടുറാന്റെ ഹാട്രിക്കാണ് തകർപ്പൻ ജയമൊരുക്കിയത്. സ്വന്തം തട്ടകത്തിൽ കളിച്ച ബാഴ്സലോണ എതിരാളികളായ ബൊറൂസിയ മോൺചൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത നാലുഗോളുകൾക്കു തകർത്തു. ഈ ജയത്തോടെ ബാഴ്സലോണ ലാ ലിഗ, കോപ്പ ഡെൽ റേ മത്സരങ്ങളിലെ സമനിലയ്ക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ മെസി നേടുന്ന പത്താം ഗോളായിരുന്നു. പതിനാറാം മിനിറ്റിൽ ലയണൽ മെസിയിലൂടെ ബാഴ്സ മുന്നിലെത്തി. പിന്നീട് 50, 53, 67 മിനിറ്റുകളിൽ ടുറാന്റെ ഗോളുകൾ കൂടി ചേർന്നതോടെ കറ്റാലൻ കരുത്തർ മനോഹര ജയം സ്വന്തമാക്കി. ജയത്തോടെ ബാഴ്സ ഗ്രൂപ്പ് സി 15 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി.

ഗ്രൂപ്പിലെ മാഞ്ചസ്റ്റർ സിറ്റി–സെൽറ്റിക് പോരാട്ടം 1–1ന് സമനിലയിൽ പിരിഞ്ഞു. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പത്തു മിനിറ്റിൽ ഇരുവലകളും കുലുങ്ങി. നാലാം മിനിറ്റിൽ പാട്രിക് റോബർട്ട്സിന്റെ ഗോളിൽ സെൽറ്റിക് മുന്നിലെത്തി. കെലേച്ചി ഇഹെനാച്ചോ എട്ടാം മിനിറ്റിൽ സിറ്റിക്കു സമനില നൽകി. ഇരുടീമും ഗ്ലാസ്ഗോയിൽ ഏറ്റുമുട്ടിയപ്പോഴും മത്സരം 3–3ന് സമനിലയിൽ പിരിയുകയായിരുന്നു. സിറ്റി നേരത്തേ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.

ഗ്രൂപ്പ് എയിൽ ആഴ്സണൽ ഒന്നിനെതിരേ നാലുഗോളുകൾക്കു ബാസലിനെ പരാജയപ്പെടുത്തി. ലൂക്കാസിന്റെ (8, 16, 47) ഹാട്രിക്കാണ് ആഴ്സണിലിനു മികച്ച ജയമൊരുക്കിയത്. അലക്സ് ഇവോബി (53) നാലാം ഗോളും നേടിക്കൊണ്ട് പീരങ്കിപടയ്ക്കു നാലാം ഗോളും നൽകി. സെയ്ദു ദൗംബിയ (78) ബാസലിന്റെ ആശ്വാസ ഗോൾ നേടി. ഈ ഗ്രൂപ്പിലെ പാരി സാൻ ഷെർമയിൻ–ലൂഡോഗൊററ്റസ് മത്സരം 2–2ന് സമനിലയിൽ പിരിഞ്ഞതോടെ ആഴ്സണൽ ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ചു. തോൽവിയെ ഉറ്റുനോക്കുകയായിരുന്ന പിഎസ്ജിയെ ഇഞ്ചുറി ടൈമിൽ ഏയ്ഞ്ചൽ ഡി മരിയ (90+2) സമനില നല്കി. വിർജിൽ മിസിഡ്ജാൻ (15) ലുഡോഗൊററ്റ്സിനെ ആദ്യം മുന്നിലെത്തിച്ചു. 61–ാം മിനിറ്റിൽ എഡിൻസൺ കവാനി പിഎസ്ജിക്കു വേണ്ടി ഒരു ഗോൾ മടക്കി. എന്നാൽ 69–ാം മിനിറ്റിൽ വാണ്ടേഴ്സൺ ഫാരിയാസ് ബൾഗേറിയൻ ക്ലബ്ബിനെ വീണ്ടും മുന്നിലെത്തിച്ചു. ജയ മോഹവുമായി നീങ്ങിയ ലുഡോഗൊഖറ്റസിന്റെ മോഹങ്ങളെ അവസാന നിമിഷങ്ങളിലെ ആക്രമണ ഫുട്ബോളിലൂടെ പിഎസ്ജി തകർത്തു. ആഴ്സണലിനു 14 പോയിന്റും പിഎസ്ജിക്കു 12 പോയിന്റുമുണ്ട്.


ഗ്രൂപ്പ് ഡിയിൽ തോൽവി അറിയാതെ കുതിക്കുകയായിരുന്ന അത്ലറ്റികോ മാഡ്രിഡ് ഒടുവിൽ പരാജയം സമ്മതിച്ചു. ആദ്യ റൗണ്ടിലെ തോൽവിക്കു ബയേൺ മ്യൂണിക് സ്വന്തം അലയൻസ് അരീനയിൽ അത്ലറ്റികോ മാഡ്രിഡിനോടു കണക്കുതീർത്തു. ബയേൺ ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റിക്കോയെ തോൽപ്പിച്ചു. 28–ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയാണ് ബയേണിനു വിജയഗോൾ സമ്മാനിച്ചത്. ഇരുടീമും നേരത്തെതന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഇതേ ഗ്രൂപ്പിൽ പിഎസ്വി ഐന്തോവനും റോസ്റ്റോവും തമ്മിൽ ഗോളടിക്കാതെ പിരിഞ്ഞു. ഇരുവരും നേരത്തെ പുറത്തായവരാണ്.

ഗ്രൂപ്പ് ബിയിൽനിന്ന് ആരെല്ലാം പ്രീ ക്വാർട്ടറിലെത്തുമെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നാപ്പോളിയും രണ്ടാം സ്‌ഥാനത്ത് ബെൻഫിക്കയും യോഗ്യത നേടി. ബെൻഫിക്കയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു നാപ്പോളി ഗ്രൂപ്പിൽ 11 പോയിന്റ് നേടി മുന്നിലെത്തി. 60–ാം മിനിറ്റിൽ ഹൊസെ കല്ലേഹൻ, 79–ാം മിനിറ്റിൽ ഡ്രൈസ് മെർട്ടെൻസ് എന്നിവർ നാപ്പോളിക്കു വേണ്ടി ലക്ഷ്യം കണ്ടു. 87–ാം മിനിറ്റിൽ റൗൾ ഹിമെനസ് ബെൻഫിക്കയ്ക്കായി ഒരു ഗോൾ മടക്കി. ഇതേ ഗ്രൂപ്പിൽ ഡൈനാമോ കീവിനെതിരേ ജയത്തോടെ പ്രീക്വാർട്ടറിൽ കടക്കാമെന്ന മോഹവുമായി ഇറങ്ങിയ ബെസിക്റ്റാസ് വൻ തോൽവി നേരിട്ടു. കീവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ആറു ഗോളിനായിരുന്നു തുർക്കി ക്ലബ്ബിന്റെ തോൽവി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.