പരമ്പര നേടാൻ ടീം ഇന്ത്യ
പരമ്പര നേടാൻ ടീം ഇന്ത്യ
Wednesday, December 7, 2016 1:36 PM IST
മുംബൈ: തുടർച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര നേടി ചരിത്രം സൃഷ്‌ടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാവുമ്പോൾ ഇരു ടീമിനും വെല്ലുവുളിയാകുന്നതു പരിക്കുകൾ. ഇന്ത്യക്ക് വലതു കൈവിരലിനു പരിക്കേറ്റ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പേസ് ബൗളിംഗ് നയിക്കുന്ന മുഹമ്മദ് ഷാമിയെയും നഷ്‌ടമാകുമ്പോൾ ഇംഗ്ലണ്ട് നിരയിൽ അവരുടെ ഓപ്പണിംഗിലെ പുതിയ കണ്ടെത്തൽ ഹസീബ് ഹമീദും പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡും പുറത്തിരിക്കും. രഹാനെയ്ക്കു പകരം ഇന്ത്യ മനീഷ് പാണ്ഡെയും ഷാമിക്കു പകരം മുംബൈ താരം ഷർദുൽ ഠാക്കൂറിനെയും ടീമിലേക്കു വിളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഏകദിനത്തിലും ട്വന്റി 20യിലും കളിച്ചിട്ടുണ്ടെങ്കിലും പാണ്ഡെയ്ക്ക് ആദ്യമായാണു ടെസ്റ്റ് ടീമിലേക്കു വിളിവരുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും ഷർദുൽ ഠാക്കൂറിന് ഇന്ത്യൻ ജേഴ്സി അണിയാനുള്ള അവസരം ഇതുവരെയും ലഭിച്ചിട്ടില്ല. പരമ്പരയിലെ മൂന്നു ടെസ്റ്റുകൾ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് ദുരിതക്കയത്തിലാണ്.

രാജ്കോട്ടിൽ സമനിലയിലവസാനിച്ച ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യക്കു വെല്ലുവിളിയുയർത്താനെങ്കിലും ഇംഗ്ലീഷ് പടയ്ക്കു സാധിച്ചത്. വിശാഖപട്ടണത്തും മൊഹാലിയിലും സമ്പൂർണ പരാജയമാണു സന്ദർശകർക്കു നേരിടേണ്ടി വന്നത്. ഒരാഴ്ച നീണ്ട വിശ്രമത്തിനു ശേഷമാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യൻ ടീം യുവരാജ് സിംഗിന്റെ വിവാഹച്ചടങ്ങുകൾക്കും മറ്റുമായി സമയം ചെലവഴിച്ചപ്പോൾ ഇംഗ്ലണ്ട് ടീം ദുബായിലായിരുന്നു.

അടുത്തകാലത്ത് സ്വന്തം മണ്ണിൽ ഇന്ത്യയെ തോല്പിക്കാൻ സാധിച്ച ടീമാണ് ഇംഗ്ലണ്ട്. ആ ആത്മവിശ്വാസമാണ് ബംഗ്ലാദേശിൽനിന്നു നാണംകെട്ട് എത്തിയ ഇംഗ്ലീഷ് ടീമിനു ആശ്വാസം നൽകിയിരുന്നത്. എന്നാൽ, രണ്ടാം ടെസ്റ്റോടെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ ഇംഗ്ലീഷ് താരങ്ങൾ വട്ടം കറങ്ങാൻ തുടങ്ങി. ആദിൽ റഷീദ് ഒഴിച്ചു മറ്റ് ഇംഗ്ലീഷ് ബൗളർമാർക്കാർക്കും മികച്ച പ്രകടനവും പുറത്തെടുക്കാനായിട്ടില്ല.

മുന്നിൽ നിന്നു ക്യാപ്റ്റൻ, അശ്വിനും ജഡേജയും വജ്രായുധങ്ങൾ

ആക്രമണോത്സുക ബാറ്റിംഗും ക്യാപ്റ്റൻസിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിനെ തുടർ വിജയങ്ങളിലേക്കു നയിക്കുകയാണ്. പരമ്പരയിൽ ഒരു സെഞ്ചുറിയും രണ്ടു അർധ സെഞ്ചുറിയും നേടിയാണ് കോഹ്ലിയുടെ കുതിപ്പ്. 41 റൺസ് കൂടി നേടിയാൽ കോഹ്ലിക്കു ടെസ്റ്റിൽ 4000 റൺസ് തികയ്ക്കാം. ഇന്ത്യൻ ക്യാപ്റ്റന്റെ ആവനാഴിയിലെ വജ്രായുധങ്ങളാണ് സ്പിൻ ദ്വയങ്ങളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും. ബാറ്റിംഗിലും ഇരുവരും ശോഭിക്കുന്നത് ഇന്ത്യൻ ടീമിനും കുറച്ചൊന്നുമല്ല ഗുണകരമാകുന്നത്. മൊഹാലിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ അശ്വിനും ജഡേജയും ചേർന്നാണ് ഇന്ത്യൻ ടീമിനു മികച്ച സ്കോറിലേക്കു നയിച്ചത്. പന്തുമായും ഇരുവരും ഇംഗ്ലണ്ട് ടീമിനെ കറക്കിവീഴ്ത്തുമ്പോൾ മുംബൈയിലും ഇംഗ്ലണ്ട് ടീമിനു തലവേദനയാകുമെന്ന കാര്യം ഉറപ്പ്.

ബാറ്റിംഗിൽ ഇന്ത്യൻ ടീം അത്ര സുസ്‌ഥിരമല്ല. മികച്ച ഒരു ഓപ്പണിംഗ് സഖ്യമുണ്ടാക്കാൻ മാറിമാറി പരീക്ഷിച്ച ഓപ്പണർമാർക്കാർക്കും സാധിച്ചിട്ടില്ല. പിന്നീടെത്തുന്ന ചേതേശ്വർ പൂജാരയും കോഹ്ലിയുമാണ് പലപ്പോഴും രക്ഷയ്ക്കെത്തുന്നത്. പരമ്പരയിൽ ഇതുവരെ ഫോമിലെത്താൻ സാധിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്‌ഥിരത പുലർത്തിയിരുന്ന രഹാനെ നഷ്‌ടമാകുന്നത് തിരിച്ചടിയാണ്. ഇംഗ്ലണ്ട് ടീമിലും ബാറ്റിംഗ് നിരയ്ക്കു കാര്യമായി ഒന്നും ചെയ്യാൻ ആദ്യടെസ്റ്റിനു ശേഷം സാധിച്ചിട്ടില്ല. ജോ റൂട്ടും ബെൻ സ്റ്റോക്സും ജോനി ബെയർസ്റ്റോയും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കു വെല്ലുവിളികൾ സൃഷ്‌ടിക്കുന്നുള്ളൂ.


മൂന്നു ദിനങ്ങൾ കഴിഞ്ഞാൽ സ്പിൻഭൂതം

ഇംഗ്ലണ്ട് ടീമിന് ഒട്ടും ആശാവഹമല്ലാത്ത സാഹചര്യങ്ങളാണ് മുംബൈയിലും കാത്തിരിക്കുന്നത്. വിശാഖപട്ടണത്തും മൊഹാലിയിലും വിനയായ സ്പിൻ പിച്ച് തന്നെയാണ് ഇംഗ്ലണ്ടിനെ കുരുക്കാൻ ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തെ ചരിത്രത്തിൽ ഒരു പേസ് ബൗളർ പോലും വാങ്കഡെയിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടില്ല. അതേസമയം, 13 വട്ടമാണ് സ്പിന്നർമാർ ഈ നേട്ടത്തിലേക്കെത്തിയത്.

ഇംഗ്ലണ്ടിന് ആകെ സമാധാനം ലഭിക്കുന്ന കാര്യം ആദ്യരണ്ടു ദിനങ്ങളിൽ വലിയതോതിൽ സ്പിന്നിനെ മുംബൈ പിച്ച് തുണയ്ക്കില്ല എന്നതാണ്. രണ്ടു തവണ ടോസിന്റെ ഭാഗ്യം ലഭിച്ചിട്ടും മുതലാക്കാനാവാതെ പോയ ഇംഗ്ലണ്ട് നിരയ്ക്ക് ഇത്തവണ ടോസ് കിട്ടിയാൽ ബാറ്റിംഗ് സംശയമേതുമില്ലാതെ തെരഞ്ഞെടുക്കാം. വാങ്കഡെയിലെ റിക്കാർഡും ഇംഗ്ലണ്ടിന് അനുകൂലമാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഇവിടെ ഇംഗ്ലണ്ടിനോടു തോൽവിയേറ്റു വാങ്ങിയിരുന്നു. കഴിഞ്ഞ 24 മത്സരങ്ങൾ കളിച്ചതിൽ പത്തു വിജയങ്ങൾ മാത്രമേ വാങ്കഡെയിൽ ഇന്ത്യക്കു നേടാനായിട്ടുള്ളൂ.

ടീം ഇങ്ങനെ

ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങൾക്കാണുസാധ്യത. പരിക്കേറ്റ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പുറത്തിരിക്കും. കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്ന കെ.എൽ. രാഹുൽ തിരിച്ചെത്തുന്നതോടെ കരുൺ നായർ രഹാനെയ്ക്കു പകരം ഇടം നേടാനാണു സാധ്യത.

ഇന്ത്യക്കുവേണ്ടി ഏകദിനങ്ങളിലും ട്വന്റി 20കളിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള മനീഷ് പാണ്ഡെയ്ക്ക് ആദ്യ ടെസ്റ്റിനുള്ള അവസരം ലഭിക്കാൻ സാധ്യതയില്ല. പരിക്കേറ്റ മുഹമ്മദ് ഷാമി കളിച്ചില്ലെങ്കിൽ പകരം നറുക്കു വീഴുക ഭുവനേശ്വർ കുമാറിനായിരിക്കും.

വൃദ്ധിമാൻ സാഹ പുറത്തിരിക്കുമ്പോൾ മൊഹാലിയിൽ മികച്ച പ്രകടനം നടത്തിയ പാർഥിവ് പട്ടേൽ വിക്കറ്റിനു പിന്നിൽ ഗ്ലൗസണിയും. ഇംഗ്ലണ്ട് നിരയിലും മാറ്റങ്ങൾ വരും. പരിക്കേറ്റ ഓപ്പണർ ഹസീബിന ുപകരം കീറ്റൺ ജെന്നിംഗ്സ് കളിക്കും. സ്റ്റുവർട്ട് ബ്രോഡ് കളിച്ചില്ലെങ്കിൽ പകരം സ്റ്റീവൻ ഫിൻ ഇറങ്ങാനാണു സാധ്യത. ഗാരത് ബാറ്റി ഇതോടെ പുറത്തിരിക്കും.

സാധ്യത ടീം:

ഇന്ത്യ:
കെ.എൽ. രാഹുൽ, മുരളി വിജയ്, പൂജാര, കോഹ്ലി, കരുൺ നായർ/ മനീഷ് പാണ്ഡെ, അശ്വിൻ, ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഷാമി/ ഭുവനേശ്വർ കുമാർ.

ഇംഗ്ലണ്ട്: അലിസ്റ്റർ കുക്ക്, ജെന്നിംഗ്സ്, റൂട്ട്, മോയിൻ അലി, ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ക്രിസ് വോക്സ്, റഷീദ്, ബ്രോഡ്/ ഫിൻ, ജയിംസ് ആൻഡേഴ്സൺ.

ഇടവേള ഏറെ ഗുണകരം: കോഹ്ലി




മുംബൈ: മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനുമിടയിൽ ലഭിച്ച ഇടവേള ടീമിനു ഏറെ ഗുണകരമായെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പര വിജയത്തിലേക്കുള്ള ടീമിന്റെ കുതിപ്പിന് ഇതു സഹായകമാകും. ഇടവേളയ്ക്കുവേണ്ടി ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ മൊഹാലി ടെസ്റ്റിനു ശേഷം എട്ടു ദിവസം കിട്ടിയപ്പോൾ ടെസ്റ്റ് പരമ്പരയുടെയും ഏകദിന പരമ്പരയുടെയും ഇടയിൽ 25 ദിവസത്തെ ഇടവേളയാണു ലഭിച്ചത്. തുടർച്ചയായ മത്സരങ്ങൾ ഏറെ പ്രശ്നങ്ങൾ സൃഷ്‌ടിക്കും. ഇടവേള ലഭിച്ചപ്പോൾ മനസ് ശാന്തമാക്കാനായി. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനായതും ടീമിന്റെ ഊർജം വർധിപ്പിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.