ബാസ്കറ്റ്ബോളിന് 125
Thursday, December 8, 2016 1:47 PM IST
കോട്ടയം: ജനഹൃദയങ്ങൾ കീഴടക്കിയ ബാസ്കറ്റ് ബോൾ എന്ന കായികരൂപം രംഗപ്രവേശം ചെയ്തിട്ട് 125 വർഷത്തിലേക്ക്. ശൈത്യകാലത്ത് യുവാക്കളുടെ ചുറുചുറുക്കും പ്രസരിപ്പും നഷ്ടമാകാതിരിക്കാൻ മസാച്ചുസെറ്റ്സിലെയും സ്പ്രിംഗ് ഫീൽഡിലെയും യംഗ് മെൻസ് അസോസിയേഷൻ പ്രവർത്തകരാണു മത്സരം ആരംഭിച്ചത്. കനേഡിയനായ ഡോ. ജയിംസ് നൈസ്മിത്താണു കളി തുടങ്ങിയതെന്നു ചരിത്ര സാക്ഷ്യം. ജയിംസ് തന്നെ കളിക്കുള്ള നിയമങ്ങളും ഉണ്ടാക്കി.

1891 ഡിസംബർ 21നാണു കളി ആരംഭിച്ചതെന്നു ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനും ഒരുവർഷം മുമ്പുതന്നെ കളിയുടെ രൂപരേഖ തയാറായിരുന്നു. പുതിയ കളിയുടെ വക്‌താക്കൾ പ്രധാനമായും അദ്ദേഹത്തിന്റെ ശിഷ്യന്മാർ തന്നെയായിരുന്നു. ചരിത്രത്തിലെ ആദ്യ ബാസ്കറ്റ്ബോൾ മത്സരം 1892 ജനുവരി 20നാണ്. പുതിയ കളിക്ക് ബാസ്കറ്റ്ബോൾ എന്ന പേര് നിർദേശിച്ചത് ജയിംസിന്റെ ശിഷ്യന്മാരാണ്.തുടക്കത്തിൽ വൈഎംസിഎ ആയിരുന്നു ഈ പുതിയ കളിയെ പ്രോത്സാഹിപ്പിച്ചിരുന്നത്. കുറച്ചു കാലത്തിനുശേഷം കായിക സംഘടനകളും ക്ലബ്ബുകളും കോളജുകളും കളി ഏറ്റെടുത്തു.

ആദ്യകാലങ്ങളിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും ജയിംസ് തന്നെയാണ് ബാസ്കറ്റ് ബോൾ പ്രചരിപ്പിച്ചത്. ബാസ്കറ്റ്ബോൾ എന്ന കായികരൂപത്തിനെ ഗൗരവമായി കോളജ് കായിക വിഭാഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. 1938ൽ ന്യൂയോർക്കിൽ നടന്ന ടൂർണമെന്റോടു കൂടി ബാസ്കറ്റ്ബോൾ എന്ന കളിക്ക് വളരെയധികം ആരാധകരും അസോസിയേഷനുകളും ഉണ്ടായി.

ബാസ്കറ്റ്ബോൾ കളിക്കളത്തിന്റെ വലിപ്പത്തിൽ പലദേശങ്ങളിലും വ്യത്യാസമുണ്ടെങ്കിലും 84 അടി(25.6 മീ) നീളവും 50 അടി(15.2 മീ) വീതിയുമുള്ള ദീർഘചതുരാകൃതിയിലാണ് സാധാരണ കളിക്കളങ്ങൾ രൂപപ്പെടുത്താറ്. എന്നാൽ പ്രഫഷണൽ ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ 94 അടി നീളം കാണും. ഇതുകൂടാതെ കളിക്കളത്തിനുള്ളിലെ പ്രത്യേക ഭാഗങ്ങളുടെ അളവുകളിലും വ്യത്യാസങ്ങളുണ്ട്.

ബാസ്കറ്റ്ബോൾ കളിച്ചുതുടങ്ങിയ കാലങ്ങളിൽ ഫുട്ബോളിനുപയോഗിക്കുന്ന പന്തു തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ബാസ്കറ്റ്ബോളിനുവേണ്ടി മാത്രമുള്ള പന്ത് രൂപപ്പെടുത്തുകയായിരുന്നു. 74.9 മുതൽ 76.2 സെ.മീ വരെ ചുറ്റളവുള്ള, തുകൽക്കൊണ്ടോ നൈലോൺ കൊണ്ടോ ആവരണം ചെയ്ത പന്താണ് ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നത്. പന്തിന് 567 മുതൽ 624 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും. വനിതകൾക്കുള്ള മത്സരങ്ങളിൽ അല്പം കൂടി ചെറിയ പന്താണ് ഉപയോഗിക്കുന്നത്. 72.4 73.7 സെ.മീ ചുറ്റളവും 510 567 ഗ്രാം ഭാരവുമേ വനിതാ ബാസ്കറ്റ്ബോൾ മത്സരങ്ങളിലെ പന്തുകൾക്കുണ്ടാവൂ.


കേരളത്തിൽ ബാസ്കറ്റ്ബോൾ ആരംഭിച്ചത് കോട്ടയം വൈഎംസിഎയിലാണെന്നു വൈഎംസിഎ അംഗങ്ങൾ അവകാശപ്പെട്ടു. 1926ലാണു കോട്ടയം വൈഎംസിഎയിൽ മത്സരം ആരംഭിക്കുന്നത്. ലോകത്ത് വൈഎംസിഎ എന്ന പ്രസ്‌ഥാനം ആംഭിച്ചിട്ട് 172 വർഷം ആയെങ്കിലും കോട്ടയത്ത് വൈഎംസിഎ ആരംഭിച്ചത് 1926ലാണ്.

ബാസ്കറ്റ് ബോൾ കളി രംഗപ്രവേശം ചെയ്തതിന്റെയും കോട്ടയം വൈഎംസിഎ ആരംഭിച്ചതിന്റെയും 125–ാം വാർഷിക ആഘോഷങ്ങൾ കോട്ടയം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി വൈഎംസിഎയുടെയും ബാസ്കറ്റ് ബോൾ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 21നു പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ജനുവരി 20ന് 125 സ്റ്റേഡിയങ്ങളിലായി 12,500 വിദ്യാർഥികളെ ഉൾപ്പെടുത്തി 1,25,000 പോയിന്റ് വരുന്ന രീതിയിൽ “കേരളാ ഹൂപ്പത്തൺ’ നടത്തുമെന്നും കോട്ടയം വൈഎംസിഎ ഭാരവാഹികൾ പറഞ്ഞു. കേരളത്തിൽ കോട്ടയം വൈഎംസിഎയുടെ ആഭിമുഖ്യത്തിലാണ് ആദ്യമായി ബാസ്കറ്റ് ബോൾ മത്സരങ്ങൾ നടത്തിയത്. ബാസ്കറ്റ് ബോളിനെക്കുറിച്ചും മുൻകാലതാരങ്ങളെക്കുറിച്ചും കൂടുതലായി അറിയുന്നതിനാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികളായ പി.ജെ. സണ്ണി, ഷാജി ജേക്കബ്, കെ.എം. ഇക്ബാൽ, മോഹൻ കുമാർ, രാജു പാലാമ്പടം, ഹാരി ഇട്ടി ഐപ്പ് എന്നിവർ പറഞ്ഞു.

ജോമി കുര്യാക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.