റയലിനു സമനില, ലീസ്റ്ററിനു തോൽവി
റയലിനു സമനില, ലീസ്റ്ററിനു തോൽവി
Thursday, December 8, 2016 1:47 PM IST
മാഡ്രിഡ്: പോയിന്റ് നിലയിൽ ഒന്നാമതെത്താമെന്ന റയൽ മാഡ്രിഡിന്റെ മോഹത്തെ ബൊറൂസിയ ഡോർട്ട്മുണ്ട് തകർത്തു. യുവേഫ ചാ മ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ റയൽ–ഡോർട്മുണ്ട് പോരാട്ടം 2–2ന് പിരിഞ്ഞു. റയലിന്റെ സ്വന്തം സാന്റിയാഗോ ബർണേബുവിൽ നടന്ന മത്സരത്തിൽ കരീം ബെൻസേമയുടെ (28, 53) ഇരട്ടഗോളിൽ റയൽ മുന്നിലെത്തിയിരുന്നു. എന്നാൽ, പിയറി എമറിക് ഔബാമെയാംഗ് (60) ഒരു ഗോൾ മടക്കി. മുഴുവൻ സമയം തീരാൻ രണ്ടു മിനിറ്റു കൂടിയുള്ളപ്പോൾ മാർക്കോ റൂസിന്റെ ഗോളിൽ ഡോർട്ട്മുണ്ട് സമനില സ്വന്തമാക്കി. റയലും ഡോർട്ട്മുണ്ടും നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. ജർമൻ ക്ലബ്ബിനു 14 പോയിന്റും റയലിനു 12 പോയിന്റുമുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലെഗിയ വാഴ്സോ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു.

ഗ്രൂപ്പ് ഇയിൽ ഒന്നാം സ്‌ഥാനക്കാരായ മോണക്കോയെ 3–0ന് കീഴടക്കിക്കൊണ്ട് ബയേർ ലെവർകൂസൻ പ്രീക്വാർട്ടറിലെത്തി. വ്ളാഡ്ലെൻ യുറിചെങ്കോ (30), ജൂലിയൻ ബ്രാൻഡിറ്റ് (48), എന്നിവർക്കു പുറമെ മോർഗൻ ഡി സാന്റ്ിസ് (82) സെൽഫ് ഗോളും ജയമൊരുക്കി. പ്രീക്വാർട്ടർ പ്രതീക്ഷകൾ നേരത്തേ തന്നെ തീർന്ന ടോട്ടനം ഹോർട്സ്പർ വെംബ്ലിയിൽ 3–1ന് സിഎസ്കെഎ മോസ്കോയെ തോൽപ്പിച്ചു. വെംബ്ലിയിൽ ടോട്ടനത്തിന്റെ ആദ്യജയമായിരുന്നു. ഗ്രൂപ്പ് ജിയിൽ ഇതുവരെ ഒരു തോൽവി പോലും അറിയാതെ മുന്നേറുകയായിരുന്ന ലീസ്റ്റർ സിറ്റി എഫ്സി പോർട്ടയിൽനിന്ന് 5–0ന്റെ വൻ തോൽവി നേരിട്ടു. ആന്ദ്രെ സിൽവ (6,64), ജീസസ് കൊറോണ (26), യാസിനി ബ്രാഹ്മി (44), ഡിയോഗോ ജോട്ട (77) എന്നിവരാണ് പോർട്ടോയ്ക്കുവേണ്ടി വല കുലുക്കിയത്. പ്രീക്വാർട്ടറിലെത്താൻ പോർട്ടോയ്ക്കു ജയം അനിവാര്യമായിരുന്നു. ലീസ്റ്ററിനു 13 ഉം പോർട്ടോയ്ക്ക് 11 പോയിന്റുമുണ്ട്. മറ്റൊരു മത്സരത്തിൽ കോപ്പൻഹേഗൻ എതിരില്ലാത്ത രണ്ടു ഗോളിനു ക്ലബ് ബ്രൂഗിയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളിനു ഡൈനാമോ സാഗ്രെബിനെ തോൽപ്പിച്ചു. ഗോൺസാലോ ഹിഗ്വെയിൻ (52), ഡാനിയെലെ റുഗാനി (73) എന്നിവരാണ് ഇറ്റാലിയൻ ക്ലബ്ബിനായി ഗോൾ നേടിയത്. ലിയോൺ–സെവിയ്യ മത്സരം ഗോൾരഹിതമായി. ഒന്നാമതുള്ള യുവന്റസിനു 14 പോയിന്റും സെവിയ്യയ്ക്കു 11 പോയിന്റുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.