ജെന്നിംഗ്സ് കരുത്ത്
ജെന്നിംഗ്സ് കരുത്ത്
Thursday, December 8, 2016 1:47 PM IST
മുംബൈ: അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കിയ കീറ്റൺ ജെന്നിംഗ്സിന്റെ മികവിൽ ഇന്ത്യക്കെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. അവസാന സെഷനിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ആർ. അശ്വിൻ ആദ്യദിനം ഇംഗ്ലണ്ടിനു മേധാവിത്വം നൽകുന്നതിൽ നിന്നും ഇന്ത്യയെ രക്ഷിച്ചെടുത്തു. കളി അവസാനിക്കുമ്പോൾ സെഞ്ചുറി കുറിച്ച ജെന്നിംഗ്സിന്റെ (112) കരുത്തിൽ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 288 റൺസ് എന്ന നിലയിലാണ്. പതിവു ഫോമിലായിരുന്ന അശ്വിൻ 75 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെ വിഴ്ത്തി രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് തന്റെ പേരിലുമാക്കി.

ജയിച്ചില്ലെങ്കിൽ പരമ്പര നഷ്‌ടമെന്ന നിലയിൽ ഇറങ്ങിയ ഇംഗ്ലീഷ് നിരയ്ക്കു ടോസ് ഭാഗ്യം വീണ്ടും തുണയായി. ആദ്യ ദിനം സ്പിന്നർമാരെ തുണയ്ക്കില്ലെന്ന പിച്ച് റിപ്പോർട്ടിന്റെ വിശ്വാസത്തിൽ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ സാധൂകരിക്കും വിധമല്ല ഇംഗ്ലണ്ട് തുടങ്ങിയത്. കഴിഞ്ഞ നാലു വർഷത്തെ തന്റെ 11–ാം ഓപ്പണിംഗ് കൂട്ടുമായി കുക്കും ജെന്നിംഗ്സും ഇറങ്ങി. രണ്ടു പേരെയും ഇന്ത്യൻ ബൗളർമാർ ആരംഭത്തിലെ വിഷമിപ്പിച്ചു. ഭുവനേശ്വർ കുമാറിന്റെ പന്തിൽ എഡ്ജായി ആദ്യ ബൗണ്ടറി കുക്ക് നേടിയപ്പോൾ സ്കോറിംഗ് തുടങ്ങും മുമ്പേ ജെന്നിംഗ്സിനെ തളയ്ക്കാനുള്ള അവസരം കരുൺ നായർ താഴെയിട്ടു. ക്രീസിൽ പിടിച്ചുനിന്നതോടെ ആത്മവിശ്വാസം ലഭിച്ച ഇരുവരും ഇംഗ്ലണ്ട് സ്കോർ ബോർഡ് ചലിപ്പിച്ചു തുടങ്ങി. അശ്വിനു കൂട്ടായി ജയന്ത് യാദവ് എത്തിയതോടെ സ്പിൻ ആക്രമണത്തിൽ ഇംഗ്ലണ്ട് ഒന്നു പകച്ചു. കൗണ്ടിയിലെ തന്റെ മികച്ച ഫോം തുടർന്ന ജെന്നിംഗ്സ് അർധശതകത്തിലേക്കെത്തി. സ്പിന്നർമാർക്കെതിരേ അമിത ആവേശം കാണിച്ച കുക്ക് ബൗണ്ടറികൾ നേടിയെങ്കിലും ജഡേജയ്ക്കു മുമ്പിൽ പിഴച്ചു. ക്രീസ് വിട്ടിറങ്ങി ജഡേജയെ പ്രഹരിക്കാനിറങ്ങിയ കുക്കിനു പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പിഴച്ചു. പാർഥിവ് പട്ടേലിന്റെ സ്റ്റംപിംഗിൽ പുറത്താകുമ്പോൾ ഇംഗ്ലീഷ് ക്യാപ്റ്റന്റെ അക്കൗണ്ടിൽ 60 പന്തിൽ 46 റൺസ്.

പരമ്പരയിൽ മികച്ച പ്രകടനം നടത്തുന്ന ജോ റൂട്ട് ജെന്നിംഗ്സിനൊപ്പം പിടിച്ചുനിന്നു. റൂട്ടിനെ സ്റ്റംപ് ചെയ്യാനുള്ള സുവർണാവസരം പാർഥിവ് തുലച്ചു. അവസരം ലഭിച്ചതു മുതലാക്കാനാവാതെ റൂട്ട് 21 റൺസുമായി മടങ്ങി. അശ്വിന്റെ പന്തിൽ സ്ലിപ്പിൽ വിരാട് കോഹ്ലിക്കു ക്യാച്ച്. തുടർന്നെത്തിയ മോയിൻ അലിയെ ടേണും ബൗൺസും ഉപയോഗിച്ച് സ്പിന്നർമാർ പരീക്ഷിച്ചെങ്കിലും അലി വീണില്ല. ചായയ്ക്കു പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ടു വിക്കറ്റുകൾ മാത്രം നഷ്‌ടമാക്കി 192 എന്ന നിലയിലായിരുന്നു. പിന്നീട് സ്കോറിംഗ് ടോപ് ഗിയറിലേക്കു മാറ്റിയ ജെന്നിംഗ്സും അലിയും വേഗത്തിൽ റൺസ് കണ്ടെത്തി. അശ്വിൻ എന്ന ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളറുടെ കൃത്യമായ ഇടപെടൽ മികച്ച നിലയിലേക്കു കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനതു വിലങ്ങായി.

അർധസെഞ്ചുറി കുറിച്ച അലി, അശ്വിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ എഡ്ജ് ചെയ്ത് പന്ത് കരുൺ നായരുടെ കൈപ്പിടിയിലൊതുങ്ങി. ഒരുപന്തിന്റെ ആയുസേ ജെന്നിംഗ്സിനുണ്ടായിരുന്നുള്ളൂ. മൂന്നോട്ടാഞ്ഞ് അശ്വിനെ പ്രതിരോധിച്ച ജെന്നിംഗ്സിന്റെ ബാറ്റിലുരസി ഗള്ളിയിൽ പൂജാരയ്ക്കു ക്യാച്ച് സമ്മാനിച്ച് ജെന്നിംഗ്സ് മടങ്ങി. അരങ്ങേറ്റക്കാരന്റെ യാതൊരു പതർച്ചയുമില്ലാത്ത മനോഹരമായ ഇന്നിംഗ്സായിരുന്നു ജെന്നിംഗ്സ് കളിച്ചത്. ഒന്നിലേറെ വട്ടം ഇന്ത്യൻ സ്പിന്നർമാർക്കെതിരേ റിവേഴ്സ് സ്വീപ് കളിച്ച ജെന്നിംഗ്സ് സെഞ്ചുറിയിലേക്കെത്തിയതും അത്തരമൊരു മികച്ച ഷോട്ടിലൂടെയായിരുന്നു. 219 പന്തിൽ 112 റൺസായിരുന്നു ജെന്നിംഗ്സിന്റെ സംഭാവന. അടുത്ത ഊഴം 2016ൽ മികച്ച ഫോം തുടരുന്ന ജോനി ബെയർസ്റ്റോയുടേതായിരുന്നു. അശ്വിനെ ഡീപ്പിലൂടെ അതിർത്തികടത്താനുള്ള ശ്രമം ഉമേഷ് യാദവിന്റെ കൈകളിൽ ഒതുങ്ങി. ബെൻ സ്റ്റോക്സും ജോസ് ബട്ലറും കൂടുതൽ നഷ്‌ടങ്ങൾ ഇല്ലാതെ ആദ്യദിനത്തിൽ ഇംഗ്ലണ്ടിനെ കാത്തു. 25 റൺസുമായി സ്റ്റോക്സും 18 റൺസുമായി ബട്ലറുമാണ് ക്രീസിൽ. അഞ്ചു വിക്കറ്റുകൾ ശേഷിക്കെ ഭേദപ്പെട്ട സ്കോർ നേടാനായിരിക്കും രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ശ്രമം. ആദ്യസെഷനിൽ ഇംഗ്ലണ്ടിനെ പുറത്താക്കി ആധിപത്യം സ്‌ഥാപിക്കാനായിരിക്കും ഇന്ത്യൻ നീക്കം.


സ്കോർ ബോർഡ്

ഇംഗ്ലണ്ട് ബാറ്റിംഗ്

കുക്ക് സ്റ്റംപ്ഡ് പാർഥിവ് ബി ജഡേജ 46, ജെന്നിംഗ്സ് സി പൂജാര ബി അശ്വിൻ 112, റൂട്ട് സി കോഹ്ലി ബി അശ്വിൻ 21, അലി സി കരുൺ നായർ ബി അശ്വിൻ 50, ബെയർസ്റ്റോ സി ഉമേഷ് യാദവ് ബി അശ്വിൻ 14. സ്റ്റോക്സ് നോട്ടൗട്ട് 25, ബട്ലർ നോട്ടൗട്ട് 18. എക്സ്ട്രാസ് 2.

ആകെ 94 ഓവറിൽ അഞ്ചിന് 288.

ബൗളിംഗ്

ഭുവനേശ്വർ കുമാർ 11–0–38–0, ഉമേഷ് യാദവ് 10–2–36–0, അശ്വിൻ 30–3–75–4, ജയന്ത് യാദവ് 22–3–78–0, ജഡേജ 21–3–60–1


ഭുവനേശ്വറിന്റെ ഏറ് പിഴച്ചു; അമ്പയർക്കു പരിക്ക്




മുംബൈ: ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നിയന്ത്രിക്കുന്ന അമ്പയർ പോൾ റീഫലിന് ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിന്റെ ഏറ് കൊണ്ട് പരിക്ക്. കളിയുടെ 49–ാം ഓവറിലാണ് സംഭവം. ജെന്നിംഗ്സ് ഡീപ് സ്ക്വയറിലേക്കു സിംഗിളിനായി പന്തുതട്ടി. പന്തെടുത്ത ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന് എറിഞ്ഞു കൊടുത്തത്തെങ്കിലും വേഗം കുറവായതിനാൽ പന്ത് സ്ക്വയർ ലെഗ് അമ്പയറായ പോൾ റീഫലിന്റെ തലയ്ക്കു പിന്നിലാണ് കൊണ്ടത്. തിരിഞ്ഞുനിന്നതിനാൽ ഒഴിഞ്ഞുമാറാനും റീഫലിനു കഴിഞ്ഞില്ല. ഇംഗ്ലണ്ട് ടീമിലെ ഡോക്ടറും ഫിസിയോയും റീഫലിനു പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മൂന്നാം അമ്പയർ മാരിയസ് ഇറാസ്മസാണ് കളി നിയന്ത്രിച്ചത്.

മുമ്പും ഇത്തരം സംഭവങ്ങൾ ക്രിക്കറ്റ് മൈതാനത്ത് അരങ്ങേറിയിട്ടുണ്ട്. ഈ വർഷം ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റിൽ ഇഷാന്ത് ശർമയുടെ പന്തിൽ ആരോൺ ഫിഞ്ചിന്റെ കരുത്തുറ്റ സ്ട്രെയിറ്റ് ഷോട്ട് കൊണ്ട് അമ്പയർ റിച്ചാർഡ് കെറ്റിൽബോറോവിനു പരിക്കേറ്റിരുന്നു.

കളി കണക്കിൽ

8 – ഇന്ത്യക്കെതിരേ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന എട്ടാമത്തെ ഓപ്പണറാണ് കീറ്റൺ ജെന്നിംഗ്സ്. ആൻഡ്രൂ സ്ട്രോസും അലിസ്റ്റർ കുക്കുമാണ് ഇന്ത്യക്കെതിരേ അരങ്ങേറ്റത്തിൽ ശതകം തികച്ച മറ്റ് ഇംഗ്ലീഷ് താരങ്ങൾ.
6 –2006 മുതലുള്ള കണക്കു പരിശോധിച്ചാൽ ഇന്ത്യയിൽ അരങ്ങേറ്റത്തിൽ ശതകം നേടുന്ന ആറാമത്തെ താരമാണ് ജെന്നിംഗ്സ്. ഇതിൽ നാലു പേർ വിദേശ കളിക്കാരാണ്. കുക്ക്, അൽവിരോ പീറ്റേഴ്സൺ, കെയ്ൻ വില്യംസൺ, ജെന്നിംസ് എന്നിവരാണ് ഇന്ത്യൻ മണ്ണിൽ അരങ്ങേറ്റത്തിൽ ശതകം തികച്ചവർ. 2010 മുതൽ നോക്കിയാൽ ഇന്ത്യക്കെതിരേ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ കളിക്കാരനുമാണ് ജെന്നിംഗ്സ്.

112 –ഇന്ത്യക്കെതിരേ ഓപ്പണറായിറങ്ങി ഉയർന്ന സ്കോർ നേടുന്ന താരമായി ജെന്നിംഗ്സ് മാറി. വെസ്റ്റ് ഇൻഡീസ് താരം ഗോർഡൻ ഗ്രീനിഡിജ്റ്റിന്റെ (107) റിക്കാർഡാണ് ജെന്നിംഗ്സ് തകർത്തത്.

239 – ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനത്തിലൂടെ ഇന്ത്യൻ താരം ആർ. അശ്വിൻ ടെസ്റ്റിൽ 239 വിക്കറ്റുകൾ തികച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.