എംജിയും കാലിക്കട്ടും ക്വാർട്ടറിൽ
എംജിയും കാലിക്കട്ടും ക്വാർട്ടറിൽ
Friday, December 9, 2016 1:26 PM IST
പാലാ: പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന 66–ാമത് അഖിലേന്ത്യ അന്തർസർവകലാശാലാ പുരുഷ വോളിബോൾ ടൂർണമെന്റിൽ കേരളത്തിൽനിന്നുള്ള എംജി യൂണിവേഴ്സിറ്റിയും കാലിക്കട്ട് യൂണിവേഴ്സിറ്റിയും ക്വാർട്ടറിൽ കടന്നു. എംജി യൂണിവേഴ്സിറ്റി ലീഗ് മത്സരങ്ങൾ എല്ലാം ജയിച്ചപ്പോൾ കാലിക്കട്ട് യൂണിവേഴ്സിറ്റി കുരുക്ഷേത്ര യൂണിവേഴ്സിറ്റിയോടു പരാജയപ്പെട്ടു പൂളിൽ രണ്ടാമതെത്തി. ദക്ഷിണമേഖലയിലെ ഒന്നും രണ്ടും സ്‌ഥാനക്കാരായ ഭാരതീയാർ യൂണിവേഴ്സിറ്റിയും അണ്ണാ യൂണിവേഴ്സിറ്റിയും എല്ലാ ലീഗ് മത്സരങ്ങളും വിജയിച്ചു ക്വാർട്ടറിൽ എത്തി. വടക്കൻ മേഖലയിൽനിന്നു കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ഹരിയാന, പഞ്ചാബി യൂണിവേഴ്സിറ്റി പട്യാല, പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡ് എന്നിവരും ക്വാർട്ടറിൽ കടന്നു. കിഴക്കൻ മേഖലയിലെ യൂണിവേഴ്സിറ്റികളെല്ലാം പരാജയപ്പെട്ടപ്പോൾ പശ്ചിമ മേഖലയിൽ മൂന്നാമതെത്തിയ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയും ക്വാർട്ടറിൽ എത്തി.


വിവിധ സോണുകളിലെ ആദ്യ നാല് സ്‌ഥാനക്കാരെ നാലു വ്യത്യസ്ത പൂളുകളായി തിരിച്ചുള്ള ലീഗ് മത്സരങ്ങളാണ് ആദ്യഘട്ടത്തിൽ നടന്നത്. ഓരോ പൂളിൽനിന്നും രണ്ടു ടീമുകളാണ് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയത്. ക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളായിരിക്കും.

ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ രാവിലെ എംജി യൂണിവേഴ്സിറ്റിയും സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയും തമ്മിലും അണ്ണാ യൂണിവേഴ്സിറ്റിയും പഞ്ചാബി യൂണിവേഴ്സിറ്റിയും തമ്മിലും ഏറ്റുമുട്ടും. വൈകുന്നേരം നടക്കുന്ന മത്സരങ്ങളിൽ കുരുക്ഷേത്ര യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റിയെയും കാലിക്കട്ട് യൂണിവേഴ്സിറ്റി ഭാരതീയാർ യൂണിവേഴ്സിറ്റിയെയും നേരിടും. നാളെ വൈകുന്നേരം നാലിനു സെമിഫൈനൽ മത്സരങ്ങൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.