മുംബൈയിൽ ഇംഗ്ലീഷ് പരീക്ഷ
മുംബൈയിൽ ഇംഗ്ലീഷ് പരീക്ഷ
Friday, December 9, 2016 1:26 PM IST
മുംബൈ: പരമ്പര നഷ്‌ടമാകാതിരിക്കുള്ള പോരാട്ടത്തിൽ ഇംഗ്ലണ്ട് തകർന്നില്ല. ഇന്ത്യക്കെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനു മികച്ച സ്കോർ. രണ്ടാം ദിനം ജോസ് ബട്ട്ലറിന്റെ അർധസെഞ്ചുറി മികവിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ നേടിയത് 400 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 146 റൺസെടുത്തിട്ടുണ്ട്. 70 റൺസുമായി മുരളി വിജയ്യും 47 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 24 റൺസെടുത്ത കെ.എൽ. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. സ്കോർ ഇംഗ്ലണ്ട് 400, ഇന്ത്യ ഒന്നിന് 146.

അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 288 റൺസെന്ന നിലയിൽ രണ്ടാം ദിനത്തിലിറങ്ങിയ ഇംഗ്ലീഷ് നിരയെ വേഗത്തിൽ പുറത്താക്കാമെന്നുള്ള ഇന്ത്യൻ പ്രതീക്ഷകൾ ബട്ലർ തകർത്തു. തലേന്നു മികച്ച സ്ട്രോക്കുകളുമായി കളിച്ച ബെൻ സ്റ്റോക്സിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്‌ടമായത്. ഒന്നാം ദിനത്തിന്റെ അവസാന സെഷനിൽ സന്ദർശകരെ വട്ടംകറക്കിയ ഇന്ത്യൻ സ്പിന്നർമാർ ആക്രമണം ആവർത്തിച്ചപ്പോൾ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർക്ക് ഷോട്ടുകൾ പിഴച്ചു. അശ്വിനു ടെസ്റ്റിൽ വീണ്ടും അഞ്ചു വിക്കറ്റ് നേട്ടം സമ്മനാനിച്ചു സ്റ്റോക്സ് പവലിയനിലേക്കു മടങ്ങി. ക്രിസ് വോക്സിനും ആദിൽ റഷീദിനും കാര്യമായെന്നും ചെയ്യാൻ സാധിച്ചില്ല.

334 റൺസെടുക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് എട്ടു വിക്കറ്റുകൾ നഷ്‌ടമായിരുന്നു. അതുവരെ ഇന്ത്യൻ നിയന്ത്രണത്തിലായിരുന്ന കളി പത്താം വിക്കറ്റിൽ ഒത്തുചേർന്ന ബട്ടലറും ജേക്ക് ബോളും തകിടം മറിച്ചു. സ്പിന്നിനെതിരേ പതറിയെങ്കിലും ബട്ട്ലർ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു. അതു വിജയിക്കുകയും ചെയ്തു. തന്റെ ഏകദിന ശൈലിയിൽ ആവനാഴിയിലുള്ള എല്ലാ ഷോട്ടുകളും അവസരം കിട്ടുമ്പോഴൊക്കെ ബട്ട്ലർ പ്രയോഗിച്ചു.

പത്താം വിക്കറ്റിൽ 54 റൺസ് സഖ്യമാണ് ബട്ട്ലറും ബോളും പടുത്തുയർത്തിയത്. ഇംഗ്ലണ്ട് സ്കോർ 288ൽ നിൽക്കെ ബോളിനെ അശ്വിൻ വിക്കറ്റ്കീപ്പർ പാർഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ബട്ലറിന്റെ വിക്കറ്റ് ജഡേജ തെറിപ്പിച്ച് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ അവസാനവും കുറിച്ചു. 137 പന്തിൽ 76 റൺസാണ് ബട്ട്ലർ നേടിയത്.


ഇംഗ്ലണ്ടിന്റെ പത്തു വിക്കറ്റുകളും ഇന്ത്യയുടെ സ്പിൻ ദ്വയങ്ങളായ അശ്വിനും ജഡേജയും പങ്കിട്ടെടുത്തു. അശ്വിൻ 112 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ 109 റൺസ് വിട്ടുകൊടുത്ത് ജഡേജ നാലു വിക്കറ്റുകൾ സ്വന്തം പേരിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും തുടക്കം ഒട്ടും മോശമായില്ല. രാഹുലും വിജയും പിടിച്ചുനിന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. നാലു ഫോറുകൾ പായിച്ച് മികച്ച ഫോമിലാണെന്നു തോന്നിപ്പിച്ച രാഹുൽ, മോയിൻ അലിക്കു മുന്നിൽ വീണു. പരമ്പരയിൽ മികച്ച ഫോമിൽ തുടരുന്ന പൂജാര എത്തിയതോടെ കളി ഇന്ത്യൻ വഴിക്കായി. ഇരുവരും മോശം പന്തുകൾ മാത്രം നോക്കി ശിക്ഷിച്ചു. മോയിൻ അലിയും ആദിൽ റഷീദും മികച്ച രീതിയിൽ പിച്ചിലെ ടേൺ ഉപയോഗിച്ചപ്പോൾ പതറിയെങ്കിലും അധികം നഷ്‌ടം കൂടാതെ വിജയ്യും പൂജാരയും രണ്ടാം ദിനം കളിയവസാനിപ്പിച്ചു.

സ്കോർ ബോർഡ്

ഇംഗ്ലണ്ട് ബാറ്റിംഗ്: കുക്ക് സ്റ്റമ്പ്ഡ് പാർഥിവ് ബി ജഡേജ 46, ജെന്നിംഗ്സ് സി പൂജാര ബി അശ്വിൻ 112, റൂട്ട് സി കോഹ്ലി ബി അശ്വിൻ 21, അലി സി കരുൺ നായർ ബി അശ്വിൻ 50, ബെയർസ്റ്റോ സി ഉമേഷ് യാദവ് ബി അശ്വിൻ 14, സ്റ്റോക്സ് സി കോഹ്ലി ബി അശ്വിൻ 31, ബട്ലർ ബി ജഡേജ 76, വോക്സ് സി പാർഥിവ് ബി ജഡേജ 11, റഷീദ് ബി ജഡേജ 4, ബോൾ സി പാർഥിവ് ബി അശ്വിൻ 31, ആൻഡേഴ്സൺ നോട്ടൗട്ട് 0 എക്സ്ട്രാസ് 4, ആകെ 130.1 ഓവറിൽ 400.

ബൗളിംഗ്: ഭുവനേശ്വർ കുമാർ 13–0–49–0, ഉമേഷ് യാദവ് 11–2–38–0, അശ്വിൻ 44–4–112–6, ജയന്ത് യാദവ് 25–3–89–0, ജഡേജ 37.1–5–109–4.

ഇന്ത്യ ബാറ്റിംഗ്: രാഹുൽ ബി അലി 24, വിജയ് നോട്ടൗട്ട് 70, പൂജാര നോട്ടൗട്ട് 47, എക്സ്ട്രാസ് 5, ആകെ 52 ഓവറിൽ ഒന്നിന് 146.

ബൗളിംഗ്: ആൻഡേഴ്സൺ 8–4–22–0, വോക്സ് 5–2–15–0, അലി 15–2–44–1, റഷീദ് 13–1–49–0, ബോൾ 4–2–4–0, സ്റ്റോക്സ് 4–2–4–0, റൂട്ട് 3–1–3–0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.