ഐഎസ്എൽ: ഫോർലാൻ Vs ഹ്യൂം
ഐഎസ്എൽ: ഫോർലാൻ <font face=verdana size=2> Vs</font> ഹ്യൂം
Friday, December 9, 2016 1:29 PM IST
കോൽക്കത്ത: കാൽപ്പന്തുകളിയുടെ സുവർണനാളുകൾക്ക് ഇനി സെമി ആവേശം. ഐഎസ്എലിന്റെ ആദ്യസെമി ഫൈനലിൽ പ്രഥമ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ട അത്ലറ്റിക്കോ ഡി കോൽക്കത്തയും ആദ്യമായി അവസാന നാലിൽ എത്തിയതിന്റെ വർധിതവീര്യവുമായി മുംബൈ എഫ്സിയും ഏറ്റുമുട്ടും. രാത്രി ഏഴിനാണ് മത്സരം.

എല്ലാ സീസണിലും സെമിയിലെത്തിയ ഏക ടീമാണ് കോൽക്കത്ത. ആദ്യ സീസണിൽ കപ്പുയർത്തിയപ്പോൾ രണ്ടാം സീസണിൽ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്സിയോട് തോറ്റുമടങ്ങാനായിരുന്നു അത്ലറ്റിക്കോയുടെ വിധി. ആദ്യസീസൺ മുതൽ ടൂർണമെന്റ് ഫേവറേറ്റസ് പട്ടം ചാർത്തിക്കിട്ടിയ ടീം കൂടിയാണ് അത്ലറ്റിക്കോ. എന്നാൽ, മുംബൈ എഫ്സി അധികം നേട്ടങ്ങൾ എടുത്തുപറയാനില്ലാത്ത ടീമാണ്. 2014ൽ ഏഴാം സ്‌ഥാനത്തും കഴിഞ്ഞ വർഷം ആറാം സ്‌ഥാനത്തുമാണ് നീലപ്പട കളി അവസാനിപ്പിച്ചത്.

ഡിയേഗോ ഫോർലാൻ എന്ന ഉറുഗ്വൻ ഫുട്ബോൾ മാന്ത്രികനാണ് മുംബൈയെ ഈ വർഷം ലീഗിൽ ഒന്നാം സ്‌ഥാനക്കാരാക്കി സെമി ഫൈനലിലെത്തിയത്. ഐഎസ്എലിനെ ലോകോത്തര നിലവാരമുള്ള ഫുട്ബോളിന്റെ പാഠങ്ങൾ ഓരോന്നും പഠിപ്പിച്ചാണ് ഉറുഗ്വെയുടെ ഇതിഹാസ താരം ഇന്ത്യക്കു പ്രിയപ്പെട്ടവനായത്. സ്റ്റീഫൻ പിയേഴ്സൺ, ഹെൽഡർ പോസ്റ്റിഗ, ഇയാൻ ഹ്യൂം എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളുടെ ചുമലിലേറിയാണ് കോൽക്കത്ത ഇത്തവണ അവസാന നാലിലേക്കു മാർച്ച് ചെയ്തത്.

രണ്ടു പാദമായി നടക്കുന്ന സെമിഫൈനലിന്റെ ആദ്യപാദമാണ് ഇന്ന് കോൽക്കത്തയിലെ രവീന്ദ്ര സരോവർ സ്റ്റേഡിയത്തിൽ നടക്കുന്നത്. രണ്ടാം പാദം 13ന് മുംബൈയിൽ നടക്കും.

കളി ഇതുവരെ

ഹോസെ മോളിന എന്ന സ്പാനിഷ് തന്ത്രജ്‌ഞന്റെ ശിക്ഷണത്തിലാണ് കോൽക്കത്ത സെമിയിലെത്തിയത്. പക്ഷേ, മുൻ ചാമ്പ്യന്മാർക്കു ചേർന്ന വിധമായിരുന്നോ കോൽക്കത്തയുടെ കുതിപ്പെന്ന കാര്യത്തിൽ സംശയമാണ്. 14 കളികളിൽ എട്ടു സമനിലകൾ വഴങ്ങി നാലാം സ്‌ഥാനക്കാരായാണ് സെമി യോഗ്യത കോൽക്കത്ത നേടിയെടുത്തത്. നാലു കളികൾ മാത്രം വിജയിച്ചപ്പോൾ രണ്ടു കളികളിൽ തോൽവിയും വഴങ്ങി. മാർകീ താരമായ ഹെൽഡർ പോസ്റ്റിഗയ്ക്കും കാര്യമായൊന്നും ചെയ്യാനും സാധിച്ചില്ല.

മറുവശത്ത് മുംബൈ സ്വപ്നസമാന കുതിപ്പാണ് ലീഗിൽ നടത്തിയത്. സീസണിൽ ആറു വിജയങ്ങൾ നേടിയപ്പോൾ അഞ്ചു കളികളിൽ സമനിലയും മൂന്നു കളികളിൽ തോൽവിയും വഴങ്ങി. അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞ ഫോർലാനാണ് മുംബൈയുടെ മുന്നണിപ്പോരാളി. ഇന്ത്യൻ താരങ്ങളിൽ ലാൽറിണ്ടിക്ക റാൽത്തെയും പ്രബീർ ദാസുമാണ് കോൽക്കയ്ക്കായി മികച്ചുനിന്നത്. മുംബൈയ്ക്കായി ജാക്കിചന്ദ് സിംഗ് താരമായപ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഇതുവരെയും തന്റെ പതിവു ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ലൂസിയൻ ഗോയൻ എന്ന മുംബൈയുടെ പ്രതിരോധ താരത്തെ മറികടക്കണമെങ്കിൽ കോൽക്കത്തയ്ക്കു സെമിയിൽ അസാമാന്യ മികവ് പുറത്തെടുക്കേണ്ടിവരും. അലക്സാണ്ടർ ഗുമെയ്റസാണ് മുംബൈ എഫ്സിയുടെ പരിശീലകൻ.


നേർക്കു നേർ

ഐഎസ്എലിന്റെ മൂന്നാം സീസണിൽ മുംബൈക്കു കോൽത്തയ്ക്കു മേൽ വ്യക്‌തമായ മുൻതുക്കമുണ്ട്. മുംബൈയുടെ തട്ടകത്തിൽ സമനില പിടിക്കാൻ സാധിച്ചെങ്കിലും സ്വന്തം കാണികൾക്കു മുമ്പിൽ ഏകപക്ഷീയമായ ഒരു ഗോളിനു തേൽവിയേറ്റു വാങ്ങാനായിരുന്നു കോൽക്കത്തയുടെ വിധി. കഴിഞ്ഞ സീസണിൽ കോൽക്കത്തയുടെ മണ്ണിൽ മുംബൈ നീലക്കൊടി നാട്ടിയിരുന്നു. ആവേശകരമായ മത്സരത്തിൽ 3–2 നായിരുന്നു മുംബൈ ജയിച്ചു കയറിയത്. എന്നാൽ, ആ സീസണിലെ ആദ്യമത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കു മുംബൈയെ നിലംപരിശാക്കിയതിന്റെ മേന്മയും കോൽക്കത്തയ്ക്കു പറയാനുണ്ട്.

ഐഎസ്എൽ പ്രഥമ സീസണിലെ ഉദ്ഘാടനമത്സരത്തിൽ പന്തു തട്ടിയപ്പോൾ സ്പാനിഷ് വമ്പുമായി വന്ന കോൽക്കത്തയുടെ ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ്. അതിന് 2–1നു മുംബൈ മറുപടിയും നൽകിയിരുന്നു. ചുരുക്കത്തിൽ, ആറു കളികൾ പരസ്പരം പോരടിച്ചതിൽ മൂന്നു കളികളിൽ മുംബൈ ജയം സ്വന്തമാക്കിയപ്പോൾ രണ്ടു കളികളിലാണ് കോൽക്കത്തയ്ക്കു വിജയിക്കാനായത്. ഒരു മത്സരം സമനിലയിലും കലാശിച്ചു.

ഇവരെ ശ്രദ്ധിക്കുക

ഡിയേഗോ ഫോർലാൻ എന്ന താരത്തിന്റെ പ്രഭാവമാണ് മുംബൈയുടെ കരുത്ത്. മുന്നേറ്റനിരയിൽ ഫോർലാനൊപ്പം സുനിൽ ഛേത്രിയും അപകടം വിതയ്ക്കും. മധ്യനിരയിൽ മത്തിയാസ് ഡെഫഡറിക്കോയും ക്രിസ്റ്റ്യൻ വാഡോസുമാണ് മുംബൈയുടെ ശക്‌തി. പിൻനിരയിൽ ഗോയനും റാൽത്തെയും കാവൽ നിൽക്കുമ്പോൾ ഗോൾവല റോബർട്ടോ നെറ്റോ കാക്കും. സീസണിൽ മികച്ച ഗോൾ കീപ്പിംഗ് റിക്കാർഡുള്ള ദേവ്ജിത്ത് മജുംദാറാണ് കോൽക്കത്തൻ വല കാക്കുന്നത്. ഇന്ത്യൻ താരങ്ങളായ പ്രബീർ ദാസും അർണാബ് മൊണ്ഡലുമാണ് കോൽക്കത്തൻ ഡിഫൻസിൽ സജീവ സാന്നിധ്യം. മികച്ച ടാക്കിളുകളുമായി മധ്യനിരയിൽ ബോർജ ഫെർണാണ്ടസും രക്ഷയ്ക്കെത്തുന്നു. കളി മെനയുന്നതിൽ മിടുക്കുള്ള സ്റ്റീഫൻ പിയേഴ്സണും ഒഫൻസെ നാറ്റോയും റാൽത്തെയും മിഡ്ഫീൽഡിന്റെ ഗതി നിർണയിക്കുമ്പോൾ ഇയാൻ ഹ്യൂമും പോസ്റ്റിഗയും വലനിറയ്ക്കാൻ ബൂട്ട് കെട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.