ബ്ലാസ്റ്റേഴ്സ് – ഡൽഹി സെമി: ആദ്യ പാദം ഇന്ന്
ബ്ലാസ്റ്റേഴ്സ് – ഡൽഹി സെമി: ആദ്യ പാദം ഇന്ന്
Saturday, December 10, 2016 1:44 PM IST
കൊച്ചി: മഞ്ഞല ഉയർത്തുന്ന ഓളത്തിൽ അലിയാൻ കൊച്ചി. ഐഎസ്എൽ സെമിഫൈനൽ ആദ്യപാദമത്സരത്തിൽ ഇന്നു കേരളാ ബ്ലാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനു നടക്കുന്ന മത്സരത്തിൽ ആരാധകരുടെ ആരവങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ടു മികച്ച കളി പുറത്തെടുക്കാനാവും കൊമ്പന്മാരുടെ ശ്രമം. രണ്ടു ടീമുകളുടെയും കളിക്കാരിലാർക്കും പരിക്കില്ലെന്നതാണ് ആരാധകർക്കുള്ള സന്തോഷകരമായ വാർത്ത. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ ഹോസു വും ഫിറ്റാണ്.

ഡൽഹിയുടെ ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ ഗോളടിമികവാകും ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ പ്രധാന തലവേദന. മുൻ ചെൽസി വിംഗർ ഫ്ലോറന്റ് മലൂദയും ഗോളടിക്കാൻ തുടങ്ങിയതു കൊമ്പന്മാരുടെ പ്രതിരോധത്തിനു പ്രശ്നങ്ങൾ സൃഷ്‌ടിക്കും. മുൻ നിരയിൽ റിച്ചാർഡ് ഗാഡ്സെയും സൂപ്പർ സബ് ബാദ്രെ ബാജിയും വരുന്നു.

മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ ഗ്രൗണ്ടിന്റെ ഏതു മൂലയിലും എത്തുന്ന കീൻ ലൂയിസ് ആണ് കളി മെനയുന്നതിലെ വിദഗ്ധൻ. പ്രതിരോധനിരയുടെ ചുമതല കൂടി ഏറ്റെടുക്കുന്ന സൗവിക് ചക്രവർത്തി, മാർക്കോസ് ടെബാർ, മിലൻസിംഗ്, ബ്രൂണോ പെലിസാരി എന്നിങ്ങനെ പോകുന്നു ഡൽഹിയുടെ ഡ്രീം മിഡ്ഫീൽഡ് ലൈനപ്പ്.

ഐഎസ്എൽ ലീഗ് മാച്ചുകളുടെ അവസാന ഭാഗങ്ങളിൽ ടീമിനൊപ്പം ചേർന്ന് ഇതിനോടകം അഞ്ചു ഗോൾ നേടി കഴിഞ്ഞ മലയാളി താരം സി.കെ. വിനീതിന്റെ മിന്നും ഫോം ഡൽഹി കോച്ച് സംബ്രോട്ടയെ ചിന്തയിലാഴ്ത്തും. ഡൽഹി ഡൈനാമോസുമായി താരതമ്യപ്പെടുത്തിയാൽ കേരളത്തിനുള്ള പ്രധാന ന്യൂനത മധ്യനിരയാണ്. നങ്കൂരമിട്ടു കളിക്കാൻ പോന്ന ഒരു കപ്പിത്താനെ ഇതുവരെ ബ്ലാസ്റ്റേഴ്സിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അസ്രാക്ക് മഹ്മദും ദിദിയർ ബോറിസ് കാഡിയോയും താത്കാലിക പരിഹാരങ്ങൾ മാത്രമാണ്.

മലൂദയും മാഴ്സലീഞ്ഞോയും അണിനിരക്കുന്ന ഡൽഹി മധ്യനിരയ്ക്കു തടയിടാൻ പ്രതിരോധത്തിനു കഴിഞ്ഞാൽ തന്നെ മറുപടിയെന്ന നിലയിൽ കേരളത്തിനു ചൂണ്ടിക്കാട്ടാനൊരാൾ ഇല്ലാത്തതു പോരായ്മ തന്നെ. മധ്യനിരയോടൊപ്പം ശക്‌തമായ പ്രതിരോധവും സ്വന്തമായുള്ള ടീമാണു ഡൽഹി. ബ്ലാസ്റ്റേഴ്സും ഇക്കാര്യത്തിൽ പിന്നിലല്ല. കാപ്റ്റനും മാർക്വീ താരവുമായ ആരോൺ ഹ്യൂസ്, ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബർട്ട്, ഇന്ത്യൻ വൻമതിൽ സന്തേഷ് ജിങ്കൻ തുടങ്ങിയവർ അണിനിരക്കുന്ന പ്രതിരോധത്തിൽ തലയെടുപ്പുള്ളവരാണു ബ്ലാസ്റ്റേഴ്സിലുമുള്ളത്.

സ്വന്തം ഗ്രൗണ്ടിൽ അഞ്ചു വിജയങ്ങൾ തുടർച്ചയായി ലഭിച്ചിട്ടുണ്ടെങ്കിലും ഈ സീസണിലെ ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീമാണു കേരള ബ്ലാസ്റ്റേഴ്സ്. അടിച്ച ഗോളുകളേക്കാൾ വഴങ്ങിയ ഗോളുകളാണു കൂടുതൽ.

വിജയവഴി

അവസാന ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി സ്വപ്നങ്ങൾ തല്ലിത്തകർത്താണു കൊമ്പന്മാരുടെ എഴുന്നള്ളത്തെങ്കിൽ അവസാന രണ്ടുകളികളിൽ ഒരു സമനിലയും ഒരു തോൽവിയുമാണു ഡൽഹിയുടെ സമ്പാദ്യം. നോർത്ത് ഈസ്റ്റിനോട് 2–1നു തോൽവി നേരിട്ട ടീം അവസാന മത്സരത്തിൽ മുംബൈ ടീമിനോട് ഗോൾരഹിത സമനില പാലിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയും തോൽവിയുമായിരുന്നു ബ്ലാസ്റ്റേഴ്സ് രുചിച്ചത്.

കൊച്ചിയിൽ ഒക്ടോബർ ഒമ്പതിനു നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഡൽഹിയിൽ നടന്ന രണ്ടാം പാദത്തിൽ ഡൽഹി ബ്ലാസ്റ്റേഴ്സിനെ 2–0നു തോൽപിച്ചു. 14 കളികളിൽ ആറു ജയവും നാലുവീതം സമനിലയും തോൽവിയുമടക്കം 22 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ടീം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തിയത് അവസാനഘട്ടങ്ങളിൽ നടത്തിയ മികച്ച പ്രകടനത്തോടെയായിരുന്നു. 14 കളികളിൽനിന്ന് അഞ്ചു ജയവും ആറു സമനിലയും മൂന്നു തോൽവിയും അടക്കം 21 പോയിന്റ് നേടിയാണു മൂന്നാം സ്‌ഥാനത്തു ഫിനിഷ് ചെയ്തത്.


നോർത്ത് ഈസ്റ്റിനെതിരേ നേരിട്ട 1–0 തോൽവിയോടെ സീസൺ ആരംഭിച്ച കൊമ്പന്മാർക്കു ജയത്തിനായി നാലാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം മത്സരത്തിൽ കോൽക്കത്തയോട് ഒരു ഗോളിനു പരാജയപ്പെടുകയും ഡൽഹിയുമായി സമനിലയിൽ പിരിയുകയും ചെയ്ത ബ്ലാസ്റ്റേഴ്സ്, ഇംഗ്ലീഷ് താരം മൈക്കൾ ചോപ്ര നേടിയ ഗോളിൽ മുംബൈ സിറ്റി എഫ്സിയെ 1–0നു പരാജയപ്പെടുത്തി തിരിച്ചുവന്നു.

തൊട്ടുപിന്നാലെ പൂന എഫ്സിയോട് സമനിലയിൽ പിരിഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോവക്കെതിരേ 1–2 നു വിജയിച്ചു. അതിനു പിന്നാലെ ചെന്നൈക്കെതിരേ സമനിലയും ഡൽഹിക്കെതിരേ തോൽവിയും ഏറ്റുവാങ്ങിയ ടീം 2–1നു ഗോവയെ തകർത്തു വീണ്ടും പ്രതീക്ഷ നിലനിർത്തി. ചെന്നൈക്കെതിരേ നടന്ന അടുത്ത മത്സരവും 3–1നു ജയിച്ചതോടെ ടീം ട്രാക്കിൽ കയറിയതായിരുന്നു. പക്ഷേ ഫോർലാൻ എന്ന സ്വർണ മുടിക്കാരന്റെ മാസ്മരിക പ്രകടനത്തിൽ കൊമ്പന്മാർ 5–0നു മുങ്ങിപ്പോയി.

ലീഗിന്റെ അവസാന ഭാഗങ്ങളിൽ വിജയം അത്യാവശ്യമായിരുന്ന സന്ദർഭത്തിൽ പുനെക്കെതിരേ നേടിയ 2–1 വിജയവും കോൽക്കത്തക്കെതിരേ നേടിയ സമനിലയും അവസാന കളിയിൽ നോർത്ത് ഈസ്റ്റിനെതിരേ നേടിയ ഒറ്റ ഗോൾ ജയവുമായി ബ്ലാസ്റ്റേഴ്സ് സെമി തീരത്തടുത്തു.

മറുഭാഗത്തു ഡൽഹി ആദ്യ മത്സരത്തിൽ ചെന്നൈയെ 1–3നു തകർത്തു തുടങ്ങിയെങ്കിലും പിന്നീട് തുടരെ തിരിച്ചടികളായിരുന്നു.

പിന്നീട് ഉണർന്ന ഡൽഹി വിശ്വരൂപം പുറത്തെടുത്തു. ഗോവയെയും കേരളത്തേയും രണ്ടു ഗോളിനു കുഴടക്കിയ ഡൽഹി, ചെന്നൈയെ 4–1നാണു തകർത്തത്. അടുത്ത മത്സരത്തിൽ കോൽക്കത്തയുമായി 2–2നു സമനില പിരിഞ്ഞ ടീമിനു പൂനെയോടു പക്ഷേ തോൽവി പിണഞ്ഞു. പരാജയം 4–3ന്. തൊട്ടുപിന്നാലെ 5–1നു ഗോവയെ തകർത്തു ഡൽഹി തിരിച്ചുവന്നു. നോർത്ത് ഈസ്റ്റിനോട് 2–1നു തോൽവി പിണഞ്ഞ ഡൽഹി അവസാന മത്സരത്തിൽ മുംബൈയോടു സമനിലയിൽ പിരിഞ്ഞു.

ബ്ലാസ്റ്റേഴ്സിനു കോച്ചിന്റെ മുന്നറിയിപ്പ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഡൽഹി ഡൈനാമോസിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസറ്റേഴ്സിനു കോച്ച് സ്റ്റീവ് കോപ്പലിന്റെ മുന്നറിയിപ്പ്. ഗാലറി തിങ്ങി നിറയുന്ന കാണികളുടെ കരുത്തിൽ വിജയിക്കാമെന്ന മോഹം ഉപേക്ഷിക്കണമെന്നും ഡൽഹിയുടെ വെല്ലുവിളി നേരിടാൻ തയാറാകണമെന്നും കോച്ച് സ്റ്റീവ് കോപ്പൽ പറഞ്ഞു.

ഗാലറിയുടെ പൂർണ പിന്തുണയുണ്ടെങ്കിലും ടീം വളരെ ഫ്രഷ് ആയി ആദ്യം മുതൽ മത്സരത്തിനൊരുങ്ങണം. ഇതിനു മുൻപ് നടന്ന മത്സരങ്ങളെയും ഇനി വരാനിരിക്കുന്ന മത്സരങ്ങളെയും തുല്യമായി കാണരുത്. കഴിഞ്ഞ മത്സരങ്ങളിൽ സംഭവിച്ചതുപോലെ ഇനിയും സംഭവിക്കുമെന്നു കരുതരുതെന്നും ഇക്കാര്യത്തിൽ ഒരുറപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബ്ലാസറ്റേഴ്സിനെതിരായ മത്സരം വളരെ കടുപ്പം ആയിരിക്കുമെന്നു ഡൽഹിയുടെ കോച്ച് ജിയാൻ ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗാലറി തിങ്ങിനിറയുന്ന ആരാധകരാണ് ബ്ലാസറ്റേഴ്സിന്റെ പ്രധാന കരുത്ത്. എന്നാൽ ടീം എന്ന നിലയിൽ ഏറ്റവും നന്നായി കേരളാ ബ്ലാസറ്റേഴ്സിനെതിരേ കളിക്കുമെന്നും സാംബ്രോട്ട പറഞ്ഞു.

സാധ്യതാ ഇലവൻ

കേരള ബ്ലാസ്റ്റേഴ്സ്: സന്ദീപ് നന്ദി, ഹോസു കുറൈസ് പ്രീറ്റോ, സെഡ്രിക് ഹെങ്ബർട്ട്, ആരോൺ ഹ്യൂസ്, സന്ദേശ് ജിങ്കൻ, മെഹ്താബ് ഹുസൈൻ, സി.കെ. വിനീത്, അസ്രാക്ക് മഹ്മദ്, ക്രെവൻസ് ബെൽഫോർട്ട്, ദിദിയർ ബോറിസ് കാഡിയോ, മുഹമ്മദ് റാഫി.

ഡൽഹി ഡൈനാമോസ്: ടോണി ഡോ ബ്ലാസ്, അനസ് എടത്തൊടിക, സൗവിക് ചക്രവർത്തി, മാർകസ് ടെബാർ, റൂബൻ ഗോൺസാലസ്, ആൽവിൻ ജോർജ്, ഫ്ളോറന്റ് മലൂദ, മാഴ്സലീഞ്ഞോ, കീൻ ലൂയിസ്, ആൽവിൻ ജോർജ്, റിച്ചാർഡ് ഗാഡ്സേ.

ബേസിൽ ആലങ്ങാടൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.