തൃശൂർ: എസ്പിസി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 19 മുതൽ മാർച്ച് അഞ്ചുവരെ മുണ്ടൂർ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ കയ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗണ്സിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ പ്രമുഖ സെവൻസ് ഫുട്ബോൾ ടീമുകൾ അണിനിരക്കും.
എഫ്സി ഗോവ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, ഫിഫ മഞ്ചേരി (ഒആർപിസി, കേച്ചേരി), അൽമദീന ചെർപ്പുളശേരി, ജിംഖാന തൃശൂർ, ഹണ്ടേഴ്സ് കൂത്തുപറന്പ്, ശാസ്ത മെഡിക്കൽസ് തൃശൂർ, മെഡിഗാർഡ് അരീക്കോട്, അൽ മിൽഹാൻ വളാഞ്ചേരി, സ്കൈ ബ്ലൂ എടപ്പാൾ എന്നീ 16 ടീമുകൾ പങ്കെടുക്കും. സംസ്ഥാന താരങ്ങളും രണ്ടുവീതം വിദേശതാരങ്ങളും ടീമുകളിൽ അണിനിരക്കും. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ചു വി.എം. ശശി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റും, സബ് ജൂണിയർ താരങ്ങളെ പങ്കെടുപ്പിച്ച് അഖില കേരള സബ് ജൂണിയർ ഫുട്ബോൾ മേളയും നടക്കും. ദിവസേന 6.30, 7.30, 8.30 സമയങ്ങളിൽ യഥാക്രമം സബ് ജൂണിയർ, പ്രാദേശിക, അഖിലേന്ത്യ മത്സരങ്ങൾ ആരംഭിക്കും. 5000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ഗാലറി ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസുമൂലം.
19നു രാത്രി ഏഴിന് അനിൽ അക്കര എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മുൻ അന്തർദേശീയ ഫുട്ബോൾതാരവും ഇന്ത്യ റിസർവ് ബറ്റാലിയൻ തൃശൂർ ഡെപ്യൂട്ടി കമൻഡാന്റുമായ സി.വി. പാപ്പച്ചൻ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന മത്സരത്തിൽ സ്പാർക്ക പറപ്പൂരും സെവൻ സ്റ്റാർ വേലൂരും ഏറ്റുമുട്ടും. 8.30ന് ശാസ്ത മെഡിക്കൽസ് തൃശൂരും സ്കൈ ബ്ലൂ എടപ്പാളും തമ്മിൽ മത്സരിക്കും.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ കെ.എം. ലെനിൻ, കെ.ജി. ശശി, എ.വി. ഗിരീശൻ, ടൂർണമെന്റ് ഭാരവാഹികളായ ജോണ്സണ് ജോർജ്, എ.ആർ. വാസു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.