നാ​ളെ ‘ഫൈ​ന​ല്‍’ ഡേ
Friday, May 19, 2017 11:25 AM IST
സ്പാ​നി​ഷ് ലാ​ലി​ഗ

എ​ല്ലാ സീ​സ​ണി​ലും സ്പാ​നി​ഷ് ലീ​ഗ് പ​ര്യ​വ​സാ​നി​ക്കു​ന്ന​ത് ഫോ​ട്ടോ ഫി​നി​ഷി​ലാ​ണ്. ഇ​ത്ത​വ​ണ​യും അ​തി​നു മാ​റ്റ​മി​ല്ല. 37 മ​ത്സ​ര​ങ്ങ​ള്‍ എ​ല്ലാ ടീ​മു​ക​ളും പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. റ​യ​ല്‍ മാ​ഡ്രി​ഡും ബാ​ഴ്‌​സ​ലോ​ണ​യു​മാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍. 90 പോ​യി​ന്‍റ് റ​യ​ലി​നും 87 പോ​യി​ന്‍റ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​മു​ണ്ട്. നാ​ളെ മ​ലാ​ഗ​യെ നേ​രി​ടു​ന്ന റ​യ​ലി​ന് ഒ​രു സ​മ​നി​ല മാ​ത്രം മ​തി കി​രീ​ട​നേ​ട്ട​ത്തി​ന്. അ​വ​സാ​ന​മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​യ്ക്കാ​ക​ട്ടെ എ​തി​രാ​ളി ഐ​ബ​റാ​ണ്. ബാ​ഴ്‌​സ​യ്ക്ക് ജ​യി​ച്ചാ​ല്‍ മാ​ത്രം പോ​രാ റ​യ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും വേ​ണം കി​രീ​ട​നേ​ട്ട​ത്തി​ന്. ബാ​ഴ്‌​സ​യ്ക്ക് ഹോം ​മ​ത്സ​രവും റ​യ​ലി​ന് എ​വേ മ​ത്സ​ര​വു​മാ​ണ്. ര​ണ്ടു ടീ​മി​ന്‍റെ​യും മ​ത്സ​രം നാ​ളെ രാ​ത്രി 11.30നാ​ണ്. 2011-12 സീ​സ​ണി​ലാ​ണ് റ​യ​ല്‍ അ​വ​സാ​ന​മാ​യി സ്പാ​നി​ഷ് ലീ​ഗ് കി​രീ​ടം ചൂ​ടു​ന്ന​ത്. അ​ന്ന് ഹൊ​സെ മൗ​റീ​ഞ്ഞോ​യാ​യി​രു​ന്നു റ​യ​ലി​ന്‍റെ പ​രി​ശീ​ല​ക​ന്‍.

അ​തി​നു ശേ​ഷം പ​ല​വ​ട്ടം ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ല്‍ കി​രീ​ടം അ​വ​ര്‍ക്ക് അ​ക​ന്നു​നി​ന്നു. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ കി​രീ​ടം നേ​ടി​യേ അ​ട​ങ്ങൂ എ​ന്നാ​ണ് റൊ​ണാ​ള്‍ഡോ​യും സം​ഘ​വും പ​റ​യു​ന്ന​ത്. 33-ാം ലാ ​ലി​ഗ കി​രീ​ട​മാ​ണ് റ​യ​ല്‍ തേ​ടു​ന്ന​ത്.

സി​ന​ദി​ന്‍ സി​ദാ​ന്‍ ആ​ദ്യ​മാ​യി മു​ഴു​വ​ന്‍ സ​മ​യ പ​രി​ശീ​ല​ക​നാ​യ ശേ​ഷ​മു​ള്ള ആ​ദ്യ സീ​സ​ണി​ല്‍ത്ത​ന്നെ കി​രീ​ടം നേ​ടു​ക എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​നും നേ​ട്ട​മാ​ണ്. മു​ന്‍നി​ര താ​ര​ങ്ങ​ളാ​യ ഗാ​രെ​ത് ബെ​യ്‌ൽ‍, ക​ര്‍വ​ഹാ​ല്‍, നാ​ച്ചോ തു​ട​ങ്ങി​യ​വ​ര്‍ക്ക് നാ​ള​ത്തെ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​നാ​വി​ല്ല. ഹാ​മി​ഷ് റോ​ഡ്രി​ഗ​സ്, പെ​പെ തു​ട​ങ്ങി​യ​വ​ര്‍ ക​ളി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ നാ​ളെ മാ​ത്ര​മേ വ്യ​ക്ത​ത​യു​ണ്ടാ​കൂ. മി​ന്നും ഫോ​മി​ല്‍ ക​ളി​ക്കു​ന്ന ബാ​ഴ്‌​സ​യ്ക്കു പ​ക്ഷേ, ഒ​രു വി​ജ​യം കൊ​ണ്ട് ഒ​ന്നു​മാ​വി​ല്ല.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​തി​നോ​ട​കം ചെ​ല്‍സി കി​രീ​ടം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍, സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ മാ​ത്ര​മേ ന​ട​ക്കൂ. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും രാ​ത്രി 7.30നാ​ണ്. ചാ​മ്പ്യ​ന്മാ​രു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ എ​തി​രാ​ളി​ക​ള്‍ സ്വ​ന്തം മൈ​താ​ന​മാ​യ സ്റ്റാം​ഫോ​ര്‍ഡ് ബ്രി​ജി​ല്‍ സ​ണ്ട​ര്‍ല​ന്‍ഡാ​ണ്. 37 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 90 പോ​യി​ന്‍റാ​ണ് ചെ​ല്‍സി​ക്കു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ന് 83 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് 75 പോ​യി​ന്‍റു​മു​ണ്ട്. മു​ന്‍നി​ര ടീ​മു​ക​ള്‍ക്കെ​ല്ലാം താ​ര​ത​മ്യേ​ന ദു​ര്‍ബ​ല ടീ​മു​ക​ളാ​ണ് എ​തി​രാ​ളി​ക​ളാ​യി വ​രു​ന്ന​ത്. ലി​വ​ര്‍പൂ​ള്‍ മി​ഡി​ല്‍സ്‌​ബ്രോ​യെ​യും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​യും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി വാ​റ്റ്ഫ​ഡി​നെ​യും നേ​രി​ടും. ആ​ഴ്‌​സ​ണ​ലി​ന്‍റെ മ​ത്സ​രം അ​ല്പം ക​ടു​ക്കും. അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ആ​ഴ്‌​സ​ണ​ല്‍ ഏ​ഴാം സ്ഥാ​ന​ത്തു​ള്ള എ​വ​ര്‍ട​ണു​മാ​യാ​ണ് നാ​ളെ മാ​റ്റു​ര​യ്ക്കു​ന്ന​ത്.


ബു​ണ്ട​സ് ലി​ഗ, ലീ​ഗ് വ​ണ്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്ന​വ​സാ​നി​ക്കും. അ​തേ​സ​മ​യം, ഇ​തി​നോ​ട​കം കി​രീ​ടം ഉ​റ​പ്പി​ച്ച യു​വ​ന്‍റ​സ് ക​ളി​ക്കു​ന്ന സീ​രി എ ​പോ​രാ​ട്ട​ങ്ങ​ളു​ടെ അ​വ​സാ​ന റൗ​ണ്ട് അ​ടു​ത്ത​യാ​ഴ്ച​യാ​ണ്.

ഐ​പി​എ​ല്‍

ഒ​ന്ന​ര​മാ​സ​മാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ത്ര​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി-20 പോ​രാ​ട്ട​ങ്ങ​ള്‍ക്ക് നാ​ളെ ക​ലാ​ശ​ക്കൊ​ട്ടാ​കും. 14 പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷം കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ക​ള്‍ നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍സ്, കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്, സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്, റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ് എ​ന്നീ ടീ​മു​ക​ളാ​ണ് പ്ലേ ​ഓ​ഫി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ത്ത​ന്നെ ക​രു​ത്ത​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പൂ​ന ക​ലാ​ശ​പ്പോ​രി​ന് അ​ര്‍ഹ​ത നേ​ടി. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 10-ാം പ​തി​പ്പാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ക്ല​ബ്ബു​ക​ളു​ടെ പോ​രാ​ട്ട​മാ​യ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​വും നാ​ളെ ന​ട​ക്കും. ബം​ഗ​ളൂ​രു എ​ഫ്‌​സി​യും മോ​ഹ​ന്‍ബ​ഗാ​നു​മാ​ണ് നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്ന​ത്. ഐ​ലീ​ഗി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി ഏ​വ​രു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ടീം ​ഐ​സോ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബം​ഗ​ളൂ​രു എ​ഫ്‌​സി ക​ട്ട​ക്കി​ല്‍ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യ​ത്. പ​ര​മ്പ​രാ​ഗ​ത വൈ​രി​ക​ളാ​യ ഈ​സ്റ്റ്ബം​ഗാ​ളി​നെ കെ​ട്ടു​കെ​ട്ടി​ച്ച് മോ​ഹ​ന്‍ബ​ഗാ​നും അ​ന്തി​മ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​രാ​യി.