മിതാലി രാജ്; നര്‍ത്തകിയാകാന്‍ മോഹിച്ച് ക്രിക്കറ്ററായ താരം
Thursday, July 13, 2017 11:37 AM IST
ഇ​ന്ത്യ​ന്‍ വ​നി​താ ക്രിക്കറ്റ് ടീം ​ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജ് ഇം​ഗ്ല​ണ്ടി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ റി​ക്കാ​ര്‍ഡ് കു​റി​ച്ച​പ്പോ​ള്‍ ദുരൈ രാ​ജ് എ​ന്ന മു​ന്‍ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഓ​ര്‍മ​ക​ളി​ല്‍ നി​റ​ഞ്ഞ​ത് ഒ​രു പ​ത്ത് വ​യ​സു​കാ​രി​യു​ടെ മു​ഖ​മാ​ണ്. കാ​ലി​ല്‍ ചി​ല​ങ്ക​യ​ണി​ഞ്ഞ് ഭ​ര​ത​നാ​ട്യം ചെ​യ്തി​രു​ന്ന പ്രി​യ​പു​ത്രി മി​തു​വി​ന്‍റെ മു​ഖം. അ​റി​യ​പ്പെ​ടു​ന്ന ഭ​ര​ത​നാ​ട്യ​ക്കാ​രി​യാ​കാ​ന്‍ മോ​ഹി​ച്ച മി​താ​ലി​യു​ടെ കൈ​യ്യി​ല്‍ ക്രി​ക്ക​റ്റ് ബാ​റ്റ്് ന​ല്‍കി​യ​ത് അ​ച്ഛ​ന്‍ ദുരൈ രാ​ജാ​യി​രു​ന്നു...

പ​ത്താം​വ​യ​സി​ലാ​ണ് മി​താ​ലി മു​ന്‍ഇ​ന്ത്യ​ന്‍ താ​രം ജ്യോ​തി പ്ര​സാ​ദി​ന്‍റെ ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. നൃ​ത്തം ത​ല​യ്ക്കു പി​ടി​ച്ചി​രു​ന്ന മി​താ​ലി അ​ച്ഛ​ന്‍റെ നി​ര്‍ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് സ​ഹോ​ദ​ര​നൊ​പ്പം ക്യാ​മ്പി​ല്‍ പോ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക്യാ​മ്പി​ല്‍പ്പോ​യി​ത്തു​ട​ങ്ങി​യ​തും ക​ഥ​മാ​റി. സ​ഹോ​ദ​ര​നു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു കു​ട്ടി​ക​ളെ​യെ​ല്ലാം മി​താ​ലി ക്രി​ക്ക​റ്റ് ക​ളി​യി​ല്‍ പി​ന്നി​ലാ​ക്കി. കൊ​ച്ചു മി​താ​ലി​യു​ടെ ബാ​റ്റിം​ഗ് മി​ക​വു തി​രി​ച്ച​റി​ഞ്ഞ പ​രി​ശീ​ല​ക​ന്‍ ജ്യോ​തി പ്ര​സാ​ദി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം മു​ന്‍ എ​ന്‍ഐ​എ​സ് കോ​ച്ച് സ​മ്പ​ത്കു​മാ​റി​ന്‍റെ കീ​യി​സ് സ്‌​കൂ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൃ​ത്യം ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷം സ​മ്പ​ത്ത് കു​മാ​ര്‍ ദു​രൈ രാ​ജി​നോ​ടു പ​റ​ഞ്ഞു; ‘താ​ങ്ക​ളു​ടെ മ​ക​ളു​ടെ ഭാ​വി ക്രി​ക്ക​റ്റി​ലാ​ണെ​ന്നു​മാ​ത്ര​മ​ല്ല അ​വ​ളു​ടെ പേ​രി​ല്‍ ക്രി​ക്ക​റ്റി​ല്‍ അ​നേ​കം റി​ക്കാ​ര്‍ഡു​ക​ള്‍ പി​റ​ക്കാ​നി​രി​ക്കു​ന്നു’’. വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം മി​താ​ലി പ്ര​വ​ച​ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും യാ​ഥാ​ര്‍ഥ്യ​മാ​ക്കി​യ​പ്പോ​ള്‍ അ​ഭി​മാ​നം​കൊ​ണ്ടു​നി​റ​യു​ക​യാ​ണ് ദു​രൈ രാ​ജി​ന്‍റെ മ​ന​സ്.

1997ലെ ​ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് ത​ന്‍റെ മ​ക​ളു​ടെ പേ​രു പ​രി​ഗ​ണി​ച്ച​താ​ണെ​ന്നും 14വ​യ​സു​മാ​ത്ര​മേ​യു​ള്ളു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ന്നു സെ​ല​ക്ട​ര്‍മാ​ര്‍ മി​താ​ലി​യെ ഒഴിവാക്കുകയായിരുന്നെ ന്നും ദു​രൈ രാ​ജ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ 1999ല്‍ ​ത​ന്‍റെ പ​തി​നാ​റാം വ​യ​സി​ല്‍ അ​യ​ര്‍ല​ൻഡിനെ​തി​രേ 114 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി മി​താ​ലി ച​രി​ത്രം കു​റി​ച്ചു. സെ​ഞ്ചു​റി​നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡാ​ണ് അ​ന്നു താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ഴും ഈ ​റി​ക്കാ​ര്‍ഡ് ഭേ​ദി​ക്ക​പ്പ​ട്ടി​ട്ടി​ല്ല. പി​ന്നീ​ട​ങ്ങോ​ട്ടും റി​ക്കാ​ര്‍ഡു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ് മി​താ​ലി​യു​ടെ ബാ​റ്റി​ല്‍നി​ന്നു പി​റ​ന്ന​ത്. 49 അ​ര്‍ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ര്‍ധ സെ​ഞ്ചു​റി​നേ​ടു​ന്ന വ​നി​താ ക്രി​ക്ക​റ്റ​റെ​ന്ന റിക്കാർഡ് മി​താ​ലി സ്വ​ന്ത​മാ​ക്കി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന ശ​രാ​ശ​രി​യും മി​താ​ലി​യു​ടെ പേ​രി​ലാ​ണ് ; 51.52.


ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 69 റ​ണ്‍സ് നേ​ടി​യ മി​താ​ലി 6028 റ​ണ്‍സി​ലെ​ത്തി. വ​നി​താ ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും റ​ണ്‍സ് നേ​ടു​ന്ന താ​ര​മെ​ന്ന പേ​ര് അതുവഴി സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ ക​ളി​ക്കാ​ര്‍ ഇ​ന്ത്യ​ക്കാ​രാ​യി. പു​രു​ഷ ക്രി​ക്ക​റ്റി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടൂ​ല്‍ക്ക​റു​ടെ പേ​രി​ല്‍ 18,426 റ​ണ്‍സാ​ണു​ള്ള​ത്. വ​നി​ത ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വിക്കറ്റ് നേ​ടി​യ ക​ളി​ക്കാ​രി​യും ഇ​ന്ത്യ​യി​ല്‍നി​ന്നാ​ണ്. ജു​ലാ​ന്‍ ഗോ​സ്വാ​മി​യു​ടെ പേ​രി​ലാ​ണ് ഈ റിക്കാർഡ്. 189 വി​ക്ക​റ്റു​ക​ളാ​ണ് ജു​ലാ​ന്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​ക​ദി​ന​ത്തി​ല്‍ ആ​റാ​യി​രം റ​ണ്‍സ് ക​ട​ന്ന മി​താ​ലി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ബി​സി​സി​ഐ ആ​ക്റ്റിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ ഖ​ന്ന, ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി തു​ട​ങ്ങി​യ​വ​ര്‍ മി​താ​ലി​യെ അ​നു​മോ​ദി​ച്ചു.

അമളി പറ്റി കോഹ്‌ലി!

ന്യൂ​ഡ​ല്‍ഹി: ഏ​ക​ദി​ന​ത്തി​ല്‍ 6000 റ​ണ്‍സ് പി​ന്നി​ട്ട ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് നാ​യി​ക മി​താ​ലി രാ​ജി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ലെ പ്ര​മു​ഖ​രെ​ല്ലാം ത​ന്നെ മി​താ​ലി​യു​ടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു. വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ 6000 റ​ൺ​സ് പി​ന്നി​ട്ട ആ​ദ്യ താ​ര​മെ​ന്ന ബ​ഹു​മ​തി താ​രം കൈ​വ​രി​ച്ചു. മി​താ​ലി​യു​ടെ ഈ ​ലോ​ക റി​ക്കാ​ര്‍ഡ് പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും മ​റ​ന്നി​ല്ല.

ന​ല്ല ഒ​ന്നാ​ന്ത​രം ഒ​രു അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പ് ത​ന്നെ കോ​ഹ്‌​ലി ത​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റി​ല്‍ ഇ​ട്ടു. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും ഒ​രു ചാ​മ്പ്യ​ന്‍താ​രം ത​ന്നെ​യാ​ണ് മി​താ​ലി​യെ​ന്നും കോ​ഹ് ലി ​പോ​സ്റ്റ് ചെ​യ്തു. എ​ന്നാ​ല്‍ കോ​ഹ്‌ലി​ക്ക് ഒ​രു അ​ബ​ദ്ധം പ​റ്റി. പോ​സ്റ്റി​നോ​ടൊ​പ്പം ഉ​പ​യോ​ഗി​ച്ച ചി​ത്രം മാ​റി​പ്പോ​യി. മി​താ​ലി​ക്ക് പ​ക​രം ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു താ​രമായ പൂ​നം റൗ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് കോ​ഹ്‌ലി ​പ​ങ്കു​വെ​ച്ച​ത്.

തു​ട​ര്‍ന്ന് ആ​രാ​ധ​ക​ര്‍ ക​മ​ന്‍റി​ലൂ​ടെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ കോ​ഹ് ലി ​പോ​സ്റ്റ് പി​ന്‍വ​ലി​ച്ചു. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പൂ​നം റൗ​ത്ത് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. മി​താ​ലി അ​ര്‍ധ​സെ​ഞ്ചു​റി​യും ക​ണ്ടെ​ത്തി. ഇ​താ​യി​രി​ക്കും ഒ​രു​പ​ക്ഷേ കോ​ഹ്‌ലി​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ കോ​ഹ്‌ലി​യി​ല്‍നി​ന്ന് ഇ​ത്ത​ര​മൊ​രു അ​ബ​ദ്ധം ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.