തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ചെന്നിത്തല
Saturday, September 23, 2017 12:48 AM IST
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തൽ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു സെന്‍റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവച്ച് വീട്ടിൽ പോകുമെന്നാണ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്.

ഇപ്പോൾ കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കളക്ടർ തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കണം. അല്ലാതെ ജില്ലാ കളക്ടറുടേത് പ്രാഥമിക റിപ്പോർട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തിൽ കടിച്ചു തൂങ്ങുകയല്ല വേണ്ടത്.

മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങുകയാണ് വേണ്ടത്. തോമസ് ചാണ്ടിക്ക് ഇനി മന്ത്രിയായി തുടരാൻ അർഹതയില്ല. നിയമലംഘനം നടത്തിയ ഒരാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ നിയമങ്ങൾ ആ സഭയിലെ അംഗമായ മന്ത്രി തന്നെ അട്ടിമറിക്കുന്നത് സഭയോട് മാത്രമല്ല ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.