"പദ്മാവതി'ന് നിരോധനമില്ല; മുഴുവൻ ഹർജികളും സുപ്രീം കോടതി തള്ളി
Tuesday, January 23, 2018 12:08 PM IST
ന്യൂഡൽഹി: സഞ്ജയ് ലീലാ ബെൻസാലിയുടെ വിവാദ ചിത്രം "പദ്മാവതി'ന് നിരോധനമേർപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം തള്ളി. രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളും രജപുത്ര കർണിസേനയും സമർപ്പിച്ച ഹർജികളാണ് കോതി തള്ളിയത്. സിനിമ ഇഷ്ടമല്ലെങ്കിൽ അങ്ങനെയുള്ളവർ ചിത്രം കാണേണ്ടെന്നും കോടതി അറിയിച്ചു.

വിധി അനുസരിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളും ബാധ്യസ്ഥരാണെന്നും നേരത്തെയുള്ള വിധിയിൽ യാതൊരു ഭേദഗതിയും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചിത്രം പ്രദർശിപ്പിക്കണോ എന്ന് തീരുമാനിക്കാൻ രാജ്യത്ത് ഒരു സെൻസർ ബോർ‌ഡ് ഉണ്ടെന്നും, ബോർഡ് നൽകിയ അനുമതി കോടതി നേരത്തെ ശരിവച്ചതാണെന്നും പ്രതിഷേധമുയർത്തുന്നവർ മനസിലാക്കുന്നത് നല്ലതാണെന്നും കോടതി ഓർമിപ്പിച്ചു.

വിധി അനുകൂലമായതോടെ ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായി. നേരത്തെ, ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ വൻതോതിലുള്ള പ്രതിഷേധമാണ് രജപുത്ര കർണിസേന ഉയർത്തിയത്. വിവിധയിടങ്ങളിൽ തിയറ്ററുകൾ അടിച്ചു തകർത്ത സേന, ചിത്രം രാജ്യത്ത് പ്രദർശനത്തിനെത്തിയാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നും 16,000ലേറെ സ്ത്രീകൾ ജീവനൊടുക്കുമെന്നും വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന് അനുമതി നൽകിയ സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷിക്കെതിരെയും കർണിസേന അനുകൂലികൾ ഭീഷണി ഉയർത്തിയിരുന്നു. സതി ആചാരത്തെ ചിത്രത്തിൽ മഹത്വവത്കരിക്കുന്നുണ്ടെന്നും ചരിത്ര വസ്തുതകൾ വളച്ചൊടിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ചിത്രത്തിനെതിരെ വൻതോതിലുള്ള പ്രതിഷേധമുയർന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.