"കൈ' താങ്ങാൻ യെച്ചൂരിക്ക് വി.എസിന്‍റെ പിന്തുണ
Friday, January 19, 2018 12:56 PM IST
തിരുവനന്തപുരം: കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമാകാമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന് മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്‍റെ പിന്തുണ. യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി.എസ് കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ബിജെപിയെ ചെറുക്കാൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നാവശ്യപ്പെട്ട വി.സ് കോൺഗ്രസ് മതേതര സോഷ്യലിസ്റ്റ് പാർട്ടിയാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, കോൺഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ പിബി പാടെ തള്ളിയിരുന്നു. കോൺഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് ഡിസംബറിൽ ചേർന്ന പിബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്. പ്രകാശ് കാരാട്ടിന്‍റെ ബദൽ രേഖയ്ക്കാണ് അന്ന് പിബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചത്. ഇതേത്തുടർന്ന് കാരാട്ട് മുന്നോട്ടുവച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കാനിരിക്കെയാണ് വി.എസ് കേന്ദ്രക്കമ്മിറ്റിക്ക് കത്തയച്ചത്. പിബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിലെത്തുന്നുണ്ട്. ഇതിന്മേൽ, ചർച്ചകൾ തുടരുകയാണെന്നും അന്ന് പിബി വാർത്താക്കുറിപ്പിറക്കിയിരുന്നു. കോൺഗ്രസ് ബന്ധം സംബന്ധിച്ച് നേരത്തെയും യെച്ചൂരി കരട് രേഖ മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതും പിബിയും കേന്ദ്രക്കമ്മിറ്റിയും മുളയിലെ നുള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ്, ഭേദഗതികൾ വരുത്തി വീണ്ടും രേഖ യെച്ചൂരി പിബിക്കു മുന്നിൽ വച്ചത്. ബൂർഷ്വാ- ഭൂവുടമ പാർട്ടികളോടു മുന്നണിയായും സഖ്യമായും സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ടുവച്ച രേഖയുടെ കാതൽ. ബംഗാൾ ഘടകത്തിന്‍റെ പരോക്ഷ പിന്തുണ മാത്രമാണ് പിബിയിൽ യെച്ചൂരിക്കുണ്ടായിരുന്നത്. കേരള ഘടകത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് കാരാട്ട് പക്ഷം കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നതെന്നും ദേശീയ തലത്തിലുൾപ്പെടെ കോൺ‌ഗ്രസുമായി സഹകരിച്ചാലും കേരളത്തിലെ പാർട്ടിയെ അത് ബാധിക്കില്ലെന്നും യെച്ചൂരി അനുകൂലികൾ അന്ന് വാദിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.