ഹമാസിന്റെ ആസ്ഥാനത്ത് ഇസ്രേല്‍ വ്യോമാക്രമണം
Saturday, November 17, 2012 12:33 AM IST
ഗാസ സിറ്റി: പശ്ചിമേഷ്യന്‍ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തി ഗാസയില്‍ ഹമാസിന്റെ ആസ്ഥാനത്ത് ഇസ്രേല്‍ വ്യോമാക്രമണം നടത്തി. കഴിഞ്ഞ രാത്രിയില്‍ നിരവധി തവണ ഗാസയിലേക്ക് ഇസ്രേല്‍ ആക്രമണം നടത്തിയിരുന്നു.

തുടര്‍ന്ന് പ്രാദേശികസമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഹമാസിന്റെ ആസ്ഥാനമന്ദിരത്തിന് നേരെ വ്യോമാക്രമണം ഉണ്ടായത്. അര്‍ധരാത്രിക്ക് ശേഷം 85 ഇടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രേല്‍ സേന അവകാശപ്പെട്ടു. കെട്ടിടങ്ങള്‍ പോലും കുലുങ്ങുന്ന തരത്തിലായിരുന്നു ബോംബാക്രമണമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്കുള്ള മൂന്ന് പ്രധാനപാതകള്‍ ഇസ്രേല്‍ ബ്ളോക്ക് ചെയ്തിരിക്കുകയാണ്. ബുധനാഴ്ച ഇസ്രേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ തീവ്രവാദ വിഭാഗം നേതാവ് അഹമ്മദ് ജബാരി കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

വെള്ളിയാഴ്ചയും ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 29 പലസ്തീനികളും മൂന്ന് ഇസ്രേല്‍ സ്വദേശികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.