ശബരിമലയില്‍ തീര്‍ഥാടക സംഘത്തിന് ലഭിച്ചത് പൂപ്പല്‍ പിടിച്ച അപ്പം
Saturday, November 17, 2012 1:39 AM IST
ശബരിമല: ശബരിമലയില്‍ തീര്‍ഥാടക സംഘത്തിന് ലഭിച്ചത് പൂപ്പല്‍ പിടിച്ച അപ്പം. തിരുവനന്തപുരം കോട്ടൂരില്‍ നിന്നുള്ള 11 അംഗ തീര്‍ഥാടക സംഘത്തിനാണ് പൂപ്പല്‍ പിടിച്ച അപ്പം ലഭിച്ചത്. ഇന്നലെ രാത്രി പതിനെട്ടാം പടിക്ക് താഴെയുള്ള അഞ്ചാം നമ്പര്‍ കൌണ്ടറില്‍ നിന്നാണ് സംഘം അപ്പം വാങ്ങിയത്.

ദര്‍ശനത്തിന് ശേഷം തിരികെ പമ്പയിലെത്തി കുളിച്ചു കഴിഞ്ഞപ്പോള്‍ സംഘത്തിലുണ്ടായിരുന്ന കുട്ടി അപ്പം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് പൂപ്പല്‍ കണ്ടത്. ആദ്യ പായ്ക്കറ്റ് ഉപേക്ഷിച്ച് രണ്ടാമത്തെ പായ്ക്കറ്റ് തുറന്നെങ്കിലും ഇതിലും പൂപ്പല്‍ പിടിച്ചിരുന്നു. അപ്പത്തിന്റെ പുറത്താണ് വെളുത്ത നിറത്തില്‍ പൂപ്പല്‍ പിടിച്ച നിലയില്‍ കാണപ്പെട്ടത്. അപ്പത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് നേരത്തെ ദേവസ്വം മന്ത്രിയുള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണ്ഡല കാലം ആരംഭിച്ച ആദ്യദിനം തന്നെ പൂപ്പല്‍ പിടിച്ച അപ്പം തീര്‍ഥാടകര്‍ക്ക് ലഭിച്ചത്.