നിക്ഷേപ അന്തരീക്ഷം: ഗുജറാത്തിന് പിന്നില്‍ രണ്ടാം സംസ്ഥാനമായി കേരളം മാറിയെന്ന് കുഞ്ഞാലിക്കുട്ടി
Saturday, November 17, 2012 6:03 AM IST
കാസര്‍ഗോഡ്: വ്യവസായ നിക്ഷേപ അന്തരീക്ഷത്തില്‍ എമേര്‍ജിംഗ് കേരളയ്ക്ക് ശേഷം ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കേരളം മുന്നേറിയതായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് സീതാംഗോളിയില്‍ എച്ച്എഎല്‍ ഫാക്ടറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഇക്കാര്യം വ്യക്തമാക്കി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച മാസികകളും കുഞ്ഞാലിക്കുട്ടി വേദിയില്‍ ഉയര്‍ത്തിക്കാട്ടി.

എമേര്‍ജിംഗ് കേരള കൊണ്ട് ഫലമുണ്ടായി എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം സൂചിപ്പിച്ചത്. സംസ്ഥാനത്ത് നല്ല വ്യവസായ അന്തരീക്ഷമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലേക്ക് നിരവധി വ്യവസായ പദ്ധതികള്‍ കൊണ്ടുവരാന്‍ ആന്റണി മുന്‍കൈയെടുത്തതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനിയും പദ്ധതികള്‍ കൊണ്ടുവരണമെന്നും ഇതിനായി വേണ്ടത്ര ഭൂമി കണ്ടെത്തിവെയ്ക്കാമെന്നും ആന്റണിയോട് പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതു സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ തുടര്‍ച്ചയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തുടര്‍ച്ചയും അഭിപ്രായ ഐക്യവും ഉണ്ടെങ്കില്‍ ഇവിടെ വികസനം വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയം ഒട്ടും കലരാതെ മുന്നോട്ടുപോയാല്‍ കേരളത്തില്‍ വികസനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വ്യവസായ അന്തരീക്ഷം വീണ്ടും മോശമായതായി കഴിഞ്ഞ ദിവസം ആന്റണി നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചടങ്ങ്.