ഫോളോ ഓണ്‍ ചെയ്ത ഇംഗ്ളണ്ട് പൊരുതുന്നു
Saturday, November 17, 2012 7:28 AM IST
ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റില്‍ ഇന്ത്യയ്ക്കെതിരേ ഫോളോ ഓണ്‍ ചെയ്ത ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സില്‍ പൊരുതുന്നു. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 111 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ അലിസ്റര്‍ കുക്ക് (74), നിക്ക് കോംപ്റ്റണ്‍ (34) എന്നിവരാണ് ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കേ 219 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍.

നേരത്തെ ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയാണ് ഇംഗ്ളീഷ് നിരയെ തകര്‍ത്തത്. ആര്‍.അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാറ്റ് പ്രയര്‍ (48), അലിസ്റര്‍ കുക്ക് (41) എന്നിവര്‍ മാത്രമാണ് ഇംഗ്ളണ്ട് നിരയില്‍ ചെറുത്ത് നിന്നത്.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 521/8 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ ഡബിള്‍ സെഞ്ചുറിയും (പുറത്താകാതെ 206) വീരേന്ദര്‍ സേവാഗിന്റെ സെഞ്ചുറിയും (117) ആണ് ഇന്ത്യക്ക് കൂറ്റന്‍സ്കോര്‍ സമ്മാനിച്ചത്.