ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നു
Sunday, November 18, 2012 12:11 AM IST
ലണ്ടന്‍: ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഇരട്ടിയാക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അണുശക്തി ഏജന്‍സിയില്‍നിന്നു ചോര്‍ന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇറാനിലെ ഫോര്‍ഡോ അണുശക്തി നിലയത്തിലെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനാണു നീക്കം. ഇവിടെ 2784 സെന്‍ട്രിഫ്യൂജുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 700 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അണുവായുധം നിര്‍മിക്കാനാണ് ഇറാന്റെ നീക്കമെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. എന്നാല്‍ സമാധാന ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ അണുശക്തി പദ്ധതിയെന്ന് ഇറാന്‍ അവകാശപ്പെടുന്നു.