കേന്ദ്രപദ്ധതികളോടു സിപിഎമ്മിന് എതിര്‍പ്പ്: ഉമ്മന്‍ ചാണ്ടി
Saturday, November 17, 2012 5:38 PM IST
തലശേരി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നല്ല പദ്ധതികളെ എതിര്‍ക്കുകയാണു കേരളത്തിലെ സിപിഎം ചെയ്യുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കതിരൂര്‍ എരുവട്ടിയില്‍ ഇന്ദിരാജി യൂത്ത് ക്ളബ് ആന്‍ഡ് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി വിഭാവനം ചെയ്തു നടപ്പാക്കിയ വാര്‍ത്താവിനിമയരംഗത്തെ വിപ്ളവത്തെ സിപിഎം അന്നു പുച്ഛിച്ചുതള്ളുകയായിരുന്നു. പട്ടിണി മാറാത്ത രാജ്യത്ത് ഇതാണോ വേണ്ടതെന്നായിരുന്നു അവരുടെ ചോദ്യം.

എന്നാല്‍, ഇന്നു സിപിഎമ്മുകാരുടെ കൈയില്‍ രണ്ടും മൂന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളുമുണ്ട്. രാജ്യത്തെ വികസനപാതയില്‍ നയിക്കുന്നതു കോണ്‍ഗ്രസാണ്. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷയും എല്ലാവര്‍ക്കും വിദ്യാഭ്യാസവും നടപ്പാക്കിക്കഴിഞ്ഞു. ഇനിയെല്ലാവര്‍ക്കും ആരോഗ്യം എന്നതാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. മികച്ച ചികിത്സ എല്ലാവര്‍ക്കും ലഭിക്കണം. നാടിന്റെ പുരോഗതിക്കുവേണ്ടി കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ നാടിനെ പിന്നോട്ടുനയിക്കാനാണു സിപിഎം ശ്രമിക്കുന്നത്. അക്രമപാത സിപിഎം വെടിയണം. അടിച്ചമര്‍ത്തലിലൂടെ രാഷ്ട്രീയസ്വാധീനം നേടാമെന്നു സിപിഎം കരുതേണ്ട. ലോകത്തൊരിടത്തും അക്രമങ്ങളിലൂടെ ഒന്നിനും ശാശ്വതപരിഹാരം ഉണ്ടാക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.