ഒരേ വിലാസത്തില്‍ ഒന്നിലധികം എല്‍പിജി കണക്ഷന്‍: ഹര്‍ജിയില്‍ നോട്ടീസ്
Saturday, November 17, 2012 6:19 PM IST
കൊച്ചി: ഒരേ വിലാസത്തില്‍ ഒന്നിലധികം പാചകവാതക കണക്ഷന്‍ അനുവദിക്കുന്നതു തടഞ്ഞ എണ്ണക്കമ്പനികളുടെ നിലപാടു ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ആര്‍. രാമവര്‍മ, രാഹുല്‍ വര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്.

കൂട്ടുകുടുംബമായി താമസിക്കുന്നവരാണു തങ്ങളെന്നും വെവ്വേറെ പേരുകളിലാണ് എല്‍പിജി കണക്ഷന്‍ ലഭിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പാചകവാതക സപ്ളൈ, വിതരണ നിയന്ത്രണ നിയമപ്രകാരം ഒരാള്‍ക്കു രണ്ടു കണക്ഷനുകള്‍ പാടില്ലെന്നു വ്യക്തമാണ്. എന്നാല്‍, ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തന്നെ ഒരു കെട്ടിടത്തില്‍ വെവ്വേറെ കുടുംബങ്ങളായി താമസിക്കുകയാണെങ്കില്‍ ഇത്തരക്കാര്‍ക്കു കൂടുതല്‍ കണക്ഷന്‍ നല്കേണ്ടതുണ്ട്. പുതിയ സാഹചര്യത്തില്‍ കൂട്ടുകുടുംബങ്ങള്‍ക്ക് ഒന്നിലധികം കണക്ഷനുകള്‍ ഇല്ലാതാകും. ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരുടെ കൂട്ടുകുടുംബത്തില്‍ രണ്ട് എല്‍പിജി കണക്ഷന്‍ നിലനിര്‍ത്താന്‍ ഇടക്കാല ഉത്തരവ് നല്‍കി. കേസ് കോടതി പിന്നീടു വിശദമായി പരിഗണിക്കും.