ജനറം ലോഫ്ളോര്‍ ബസുകളുടെ യാത്രാനിരക്കും കൂട്ടുന്നു
Saturday, November 17, 2012 6:34 PM IST
കൊച്ചി: ഓര്‍ഡിനറി ബസുകള്‍ക്കു പിന്നാലെ നഗരത്തിലെ ജനറം എസി, നോണ്‍ എസി ലോഫ്ളോര്‍ ബസുകളുടെ യാത്രാനിരക്കും കൂട്ടുന്നു. ഇതു സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച്ചയോടെ നിലവില്‍ വരുമെന്ന് കെഎസ്ആര്‍ടിസി ഡപ്യൂട്ടി ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷറഫ് മുഹമ്മദ് അറിയിച്ചു. എത്ര രൂപ വീതമാണ് വര്‍ധിക്കുന്നതെന്ന് വ്യക്തമല്ല. കെഎസ്ആര്‍ടിസി നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. വര്‍ധിച്ചുവരുന്ന ചെലവും ഇന്ധനവിലവര്‍ധനയും മൂലം ജനറം ബസുകളുടെ നടത്തിപ്പ് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് ആലോചിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ജനറം ബസുകളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

മിനിമം ചാര്‍ജില്‍ എസി ബസിന് രണ്ടു രൂപയും നോണ്‍ എസി ബസിന് ഒരു രൂപയും വര്‍ധനയുണ്ടായേക്കും. അങ്ങനെയാണെങ്കില്‍ എസി ബസിന്റെ മിനിം ചാര്‍ജ് 14 രൂപയും നോണ്‍ എസിയുടേത് ആറു രൂപയുമാകും. ഇപ്പോള്‍ ലോഫ്ളോര്‍ നോണ്‍ എസി ബസിന്റെ മിനിമം ചാര്‍ജ് അഞ്ചു രൂപയാണ് - ഓര്‍ഡിനറിയെക്കാള്‍ ഒരു രൂപ കുറവ്. കിലോമീറ്ററിന് എസി ബസിന് 1.60 രൂപയായും നോണ്‍ എസിക്ക് 70 പൈസയായും വര്‍ധിക്കുമെന്നാണു സൂചന. നിലവില്‍ ലോഫ്ളോര്‍ എസി ബസിന് കിലോമീറ്ററിന് 1.50 രൂപയും നോണ്‍ എസിക്ക് 60 പൈസയുമാണ് ഈടാക്കുന്നത്.

മൂന്നു വര്‍ഷം മുമ്പ് ജനറം ബസുകള്‍ എത്തിയപ്പോള്‍ നോണ്‍ എസി ബസിന് അഞ്ചും എസി ബസുകള്‍ക്ക് പത്തും രൂപയായിരുന്നു മിനിമം ചാര്‍ജ്. ഈ നിരക്ക് തന്നെയാണ് ഇപ്പോഴും. ഒടുവില്‍ യാത്രനിരക്ക് വര്‍ധിച്ചതോടെ നോണ്‍എസി ബസുകളുടെ മിനിമം ചാര്‍ജ് ഓര്‍ഡിനറി ബസുകളില്‍ നിന്നും കുറവായി. ആദ്യ ഫെയര്‍ സ്റേജില്‍ യാത്രചെയ്യുന്നവര്‍ക്ക് ഓര്‍ഡിനറി ബസുകളെക്കാളും ലാഭം നോണ്‍ എസി ബസുകളായിരുന്നു.