സീസിയ്ക്കെടുത്ത കാര്‍ മറിച്ച് വിറ്റു; സിഐക്കെതിരെ വഞ്ചനാക്കേസ്
Saturday, November 17, 2012 6:41 PM IST
തിരുവനന്തപുരം: ബാങ്ക് സീസി അടയ്ക്കാമെന്ന് സമ്മതിച്ച് മറ്റൊരാളില്‍ നിന്നും കാര്‍ വാങ്ങിയ ശേഷം സീസി അടയ്ക്കാതെ കാര്‍ മറിച്ച് വിറ്റ് കബളിപ്പിച്ചെന്ന പരാതിയില്‍ സിഐക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും കഴക്കൂട്ടം അല്‍-ഉത് മാന്‍ സ്കൂളിന് സമീപം ഷീന്‍ ഷീല്‍ഡില്‍ താമസിക്കുന്ന മുഹമ്മദ് ബാരിക്കെതിരെയാണ് ശ്രീകാര്യം പോലീസ് കേസെടുത്തത്. പാങ്ങപ്പാറ സിആര്‍പി നഗറില്‍ ഉഷസില്‍ ഉഷേന്ദ്രമണിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

3.10 ലക്ഷം രൂപ അടച്ച് ബാക്കി തുകയ്ക്ക് ഉഷേന്ദ്രമണിയുടെ ചെക്ക് കൊടുത്തായിരുന്നു അന്ന് ഉഷേന്ദ്രമണി കാര്‍ വാങ്ങിയിരുന്നത്. ഈ കാറിന്റെ സീസി അടച്ചു കൊള്ളാമെന്ന വ്യവസ്ഥയില്‍ അന്ന് മെഡിക്കല്‍ കോളജ് സിഐ ആയിരുന്ന മുഹമ്മദ് ബാരി ഇവരില്‍ നിന്നും കാര്‍ വാങ്ങിയത്. പിന്നീട് സീസി അടയ്ക്കാതെ കാര്‍ മറിച്ച് വിറ്റ് കരാര്‍ ലംഘനം നടത്തി വഞ്ചിച്ചുവെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. ബാങ്ക് സീസി അടയ്ക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരിയെ സീസി കമ്പനിക്കാര്‍ നിരന്തരം ശല്യം ചെയ്യുകയും സിഐയോട് ഈ വിവരം പറഞ്ഞ് കാറിന്റെ തുക ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 2007ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.