സിറിയന്‍ വിമതര്‍ വിമാനത്താവളം പിടിച്ചു
Saturday, November 17, 2012 9:15 PM IST
ഡമാസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പോരാട്ടം തുടരുന്ന വിമതസേന ഇറാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ഭിന്നിച്ചുനിന്ന വിവിധ പ്രതിപക്ഷ സംഘങ്ങളെ ഒരുമിപ്പിച്ച് പുതുതായി രൂപംകൊടുത്ത മുന്നണി രാജ്യത്തു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്ന സാഹചര്യത്തിലാണ് അസാദ് സേനയ്ക്കു തിരിച്ചടി നല്‍കി വിമതരുടെ മുന്നേറ്റം.

ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ ഹംദാന്‍ വിമാനത്താവളമാണ് വിമതര്‍ പിടിച്ചത്. സിറിയന്‍ പട്ടാളം സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനത്താവളമാണിത്. വിമാനത്താവളം പിടിച്ചെടുത്തതിനു പിന്നാലെ മേഖലയില്‍ വിമതസേന റോന്തുചുറ്റുന്നതായി മനുഷ്യവകാശ നിരീക്ഷക സംഘം അറിയിച്ചു. ഇതിനിടെ പാരിസില്‍ വിമതരുടെ സ്ഥാനപതിയെ നിയമിക്കാന്‍ അനുമതി നല്‍കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു. പുതിയ മുന്നണിയുടെ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പ്രതിപക്ഷ മുന്നണി നേതൃത്വത്തെ ഫ്രാന്‍സ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.