ഇറാക്കില്‍ കാര്‍ ബോംബ് സ്ഫോടനം; ഏഴു മരണം
Saturday, November 17, 2012 10:15 PM IST
ബാഗ്ദാദ്: ഇറാക്കിലെ സലാഹുദ്ദീന്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ബലാദ് നഗരപ്രാന്തത്തിലുള്ള ഒരു റെസ്റോറന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ട ഏഴു പേരും ഷിയ വംശജരാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റതായും ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. നോര്‍ത്ത് ബാഗ്ദാദില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് സംഭവം. സമാറയിലെ അല്‍ അസ്കരി തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കു പോകുകയായിരുന്ന ഷിയ വിശ്വാസികളാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.