സ്വവര്‍ഗ വിവാഹത്തിനെതിരെ ഫ്രാന്‍സില്‍ വന്‍പ്രതിഷേധം
Saturday, November 17, 2012 10:32 PM IST
പാരിസ്: ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് നടത്തുന്ന നീക്കത്തിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന വന്‍പ്രതിഷേധറാലി. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുകയും സ്വവര്‍ഗ ദമ്പതികള്‍ക്കു കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന നിയമത്തിനെതിരെയാണ് പ്രതിഷേധം. പാരിസില്‍ 70,000ത്തോളം വരുന്ന ജനക്കൂട്ടമാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ലിയോണ്‍, ടുളൂസ്, മാസെയ്ല്‍ തുടങ്ങിയ വന്‍നഗരങ്ങളിലും ആയിരക്കണക്കിനു ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പാരമ്പര്യ കുടുംബ മൂല്യങ്ങളുടെ സംരക്ഷകരും കത്തോലിക്കാ വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് സ്വവര്‍ഗ പ്രേമികള്‍ക്കു വിവാഹത്തിനും കുട്ടികളെ ദത്തെടുക്കാനും അനുവദിക്കുന്ന നിയമപരിഷ്കരണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ വിശ്വാസികളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് അവഗണിച്ച ഒളാന്ദിന്റെ സോഷ്യലിസ്റ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ബില്ലിനു ഈ മാസം ആദ്യം അംഗീകാരം നല്‍കി. ജനുവരിയില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനിരിക്കെ രാജ്യത്തു പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തേ മുസ്ലിം, ജൂത മതവിശ്വാസികളും ശക്തമായി പ്രതികരിച്ചിരുന്നു.