ബാലകൃഷ്ണപിള്ള പോലീസ് സ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
Sunday, November 18, 2012 12:12 AM IST
കൊല്ലം: കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പത്തനാപുരം പോലീസ് സ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് പിള്ളയുടെ സമരം. പത്തനാപുരം മണ്ഡലം സെക്രട്ടറി അസീസിനെയാണ് പോലീസ് അറസ്റ് ചെയ്തത്. പിള്ളയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഇയാളെ വിട്ടയച്ചു.


കേരള കോണ്‍ഗ്രസിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ നഗരത്തിലെത്തിയ അസീസിനെ പോലീസ് കള്ളക്കേസില്‍ അറസ്റ് ചെയ്യുകയായിരുന്നുവെന്നാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണം. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് അസീസിനെ അറസ്റ് ചെയ്തതെന്നും ബാലകൃഷണപിള്ള ആരോപിച്ചു. നിരവധി പ്രവര്‍ത്തകര്‍ പിള്ളയ്ക്ക് പിന്തുണയുമായി സ്റേഷനില്‍ എത്തി.