ലോട്ടറി കേസ്: സിബിഐ ഭൂട്ടാന്‍ സര്‍ക്കാരിന് കത്തയച്ചു
Sunday, November 18, 2012 12:37 AM IST
ന്യൂഡല്‍ഹി: ലോട്ടറിക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഭൂട്ടാന്‍ സര്‍ക്കാരിന് കത്തയച്ചു. ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘം ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ തേടിയത്.

ഒരു മാസം മുന്‍പാണു വിദേശകാര്യമന്ത്രാലയം വഴി ലോട്ടറിക്കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘം കത്തയച്ചത്. ലോട്ടറിയുമായി ബന്ധപ്പെട്ടു ഭൂട്ടാനിലെ നിയമങ്ങള്‍, ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍, ലോട്ടറി നടത്തിപ്പിനുള്ള വ്യവസ്ഥകള്‍ എന്നിവയുടെ വിവരങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാരിന്റെ നിന്നുള്ള മറുപടി കേസില്‍ നിര്‍ണായക തെളിവുകളായേക്കും. രാജ്യാന്തര കേസ് ആയതിനാല്‍ ഇന്റര്‍പോളിന്റെ സഹായവും സിബിഐ തേടി.

കേരളത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് 32 കേസുകളാണു സിബിഐ അന്വേഷിക്കുന്നത്. ഭൂരിഭാഗം കേസുകളുടെയും അന്വേഷണം അന്തിമഘട്ടത്തിലാണെന്നു സിബിഐ വ്യക്തമാക്കി.

ഭൂട്ടാല്‍ ലോട്ടറിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചു കേരളത്തില്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചിരുന്നു. അനധികൃത പ്രസുകളില്‍ ലോട്ടറി അച്ചടിച്ചു, സാന്റിയാഗോ മാര്‍ട്ടിനു വാര്‍ഷിക ഫീസ് കുറച്ചു നല്‍കി, മാര്‍ട്ടിന് അനുകൂലമായി കരാറില്‍ മാറ്റം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയില്‍ കണ്െടത്തിയിരുന്നു. ലോട്ടറി വില്‍പ്പനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വില്‍പ്പന അവസാനിപ്പിച്ചു.